മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
കഥ കേട്ട് മോഹൻലാൽ ചെയ്യട്ടെയെന്ന് ഇങ്ങോട്ട് ചോദിച്ച ചിത്രമാണ് ദേവദൂതനെന്നും പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു മോഹൻലാൽ ചിത്രത്തിൽ കാഴ്ച വെച്ചതെന്നും രഘുനാഥ് പാലേരി പറഞ്ഞു. 24 വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും റിലീസ് ചെയ്യാനാവുന്നത് മോഹൻലാൽ നായകനായത് കൊണ്ടാണെന്നും രഘുനാഥ് പാലേരി മാതൃഭൂമി ദിനപത്രത്തോട് പറഞ്ഞു.
‘ആർക്കോ എന്തോ ആരോടോ പറയാനുണ്ട്, ഈ വാക്കുകളിലുണ്ട് ദേവദൂതന്റെ കഥാതന്തു. 42 വർഷങ്ങൾക്ക് മുമ്പ് എന്റെ മനസിൽ രൂപപ്പെട്ട കഥയാണ് ദേവദൂതൻ. 1982-ൽ സിബി മലയിലിന് ആദ്യമായി സംവിധാനംചെയ്യാൻവേണ്ടി തയ്യാറാക്കിയ കഥ. എന്നാൽ, അന്ന് എന്തോ ആ സിനിമ ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ല. കഥ മന സ്സിൽക്കിടന്ന് വളർന്നു. 2000-ത്തിൽ സിബി വീണ്ടും ഈ സിനിമയെക്കുറിച്ച് ആലോചിക്കാൻ പറഞ്ഞു. അങ്ങനെയാണ് എഴുതുന്നത്.
നിർമാതാവിൻ്റെ റോളിൽ സിയാദും എത്തി. ആദ്യഘട്ടചർച്ചകളിൽ നായകനായി മോഹൻലാൽ ഉണ്ടായിരുന്നില്ല. എന്നാൽ, സിയാദിൽനിന്ന് ആകസ്മികമായി മോഹൻലാൽ ദേവദൂതന്റെ കഥ കേട്ടു. ആദ്യകേൾവിയിൽത്തന്നെ ഈ സിനിമ ഞാൻ ചെയ്യട്ടെ എന്ന് ലാൽ ചോദിച്ചു. അങ്ങനെയാണ് അദ്ദേഹം ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തി ആകുന്നത്.
പകരം വെക്കാനില്ലാത്ത പ്രകടനമാണ് ലാൽ ചിത്രത്തിൽ കാഴ്ചവെച്ചത്. ഓരോ സിനും പരിശോധിച്ചാൽ ആ മാസ്മരികത കാണാനാകും. ഇത്ര കാലങ്ങൾകഴിഞ്ഞും ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായതുകൊണ്ടാണ്.
അന്നത്തെക്കാൾ ഉയരെ ഇന്നും സൂപ്പർ താരമായി മോഹൻലാൽ മലയാളസിനിമയിൽ നിൽക്കുന്നു എന്നത് റീ റിലീസിനെ എളുപ്പമാക്കുന്നു. ഒരു പുതിയ സിനിമ കാത്തിരിക്കുന്ന കൗതുകത്തോടെയാണ് ഞാനും റിലീസിനായി കാത്തിരിക്കുന്നത്,’രഘുനാഥ് പാലേരി പറയുന്നു.
Content Highlight: Raghunath Paleri Talk About Devadoothan Rerelease And Mohanlal