| Friday, 4th October 2024, 12:43 pm

എന്റെ സിനിമയേക്കാൾ ആ മോഹൻലാൽ ചിത്രം കാണാനാണ് ഞാൻ കാത്തിരിക്കുന്നത്, അതെങ്ങനെ വരുമെന്ന് അറിയില്ല: രഘുനാഥ് പാലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ ചിത്രമാണ് ബറോസ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ബറോസിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പാലേരി. ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ രചന നിർവഹിച്ചത് രഘുനാഥ് പാലേരിയായിരുന്നു.

ബറോസിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും മോഹൻലാലിന്റെ മനസിൽ എന്താണുള്ളതെന്ന് തനിക്ക് അറിയില്ലെന്നും രഘുനാഥ് പാലേരി പറയുന്നു. സിനിമയിൽ ഒരുപാട് വർഷത്തെ അനുഭവം ഉള്ളയാളാണ് മോഹൻലാലെന്നും അദ്ദേഹത്തിന്റെ ഉള്ളിലൊരു സംവിധായകൻ ഉണ്ടെന്നും രഘുനാഥ് പാലേരി പറഞ്ഞു. തന്റെ സിനിമയേക്കാൾ ബറോസിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മോഹൻലാലിന്റെ ഉള്ളിൽ എന്താണുള്ളതെന്ന് എനിക്കറിയില്ല. അത് അദ്ദേഹത്തിന് തന്നെ അറിയുമോയെന്നും എനിക്കറിയില്ല. കാരണം മോഹൻലാൽ അങ്ങനെയാണ്. വളരെ ആഴത്തിൽ ചിന്തിക്കുന്ന മനസാണ് അദ്ദേഹത്തിന്റേത്. എനിക്ക് ആകെ അറിയുന്നത് ബറോസിന്റെ കഥാതന്തുവാണ്. ജിജോ എന്റെ കൂടെയായത് കൊണ്ട് ഞാനത് കേട്ടിട്ടുണ്ട്.

പക്ഷെ അത് തന്നെയാണോ  ഇപ്പോൾ വരുന്നതെന്ന് എനിക്കറിയില്ല. ഞാൻ മനസിലാക്കിയിടത്തോളം അത് കുറേ  മാറിയിട്ടുണ്ട്. ജിജോ ഉദ്ദേശിച്ചതാണോ വരുന്നതെന്ന് എനിക്കറിയില്ല. എന്താണെന്ന് എനിക്കൊരു പിടിയുമില്ല. പക്ഷെ ഞാൻ കാത്തിരിക്കുന്നുണ്ട് ആ പടം കാണാൻ. കാരണം ലാൽ അത്രയും വർഷത്തെ അനുഭവങ്ങളുള്ള ഒരു അഭിനേതാവാണ്.

ലാലിൻറെ ഉള്ളിലൊരു സിനിമ സംവിധായകനുണ്ട്. അതെങ്ങനെയാണ് വരികയെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ പടം. എന്റെ പടം റിലീസ് ചെയ്യുന്നതിനേക്കാൾ ശക്തമായി കാത്തിരിക്കുകയാണ്,’രഘുനാഥ് പാലേരി പറയുന്നു.

അതേസമയം പതിനെട്ട് വർഷങ്ങൾക്ക് ശേഷം രഘുനാഥ് പാലേരി തിരക്കഥയെഴുതുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഷാനവാസ്.കെ.ബാവകുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാ, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlight: Raghunath Paleri Talk About Baroz Movie

We use cookies to give you the best possible experience. Learn more