| Thursday, 25th July 2024, 8:07 am

മോഹന്‍ലാല്‍ അഹങ്കാരത്തോടെയാണ് ദേവദൂതനില്‍ അഭിനയിച്ചതെന്ന് അയാള്‍ പറഞ്ഞു: രഘുനാഥ് പലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ഇറങ്ങിയ സമയത്ത് പരാജയം നേരിടേണ്ടി വന്ന ചിത്രം കാലങ്ങള്‍ക്കിപ്പുറം സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നായി മാറി. കാലം തെറ്റിയിറങ്ങിയ ചിത്രമെന്നാണ് പലരും ദേവദൂതനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ 24 വര്‍ഷങ്ങള്‍ക്കിപ്പുറം 4k റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

ചിത്രം അന്ന് ഇറങ്ങിയപ്പോള്‍ വിജയമാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ പ്രതീക്ഷിച്ച റിസല്‍ട്ടല്ല കിട്ടിയതെന്നും തിരക്കഥാകൃത്ത് രഘുനാഥ് പലേരി പറഞ്ഞു. സിനിമ കണ്ട പലരും പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പല കാലങ്ങളിലായി താന്‍ കേട്ടിട്ടുണ്ടെന്നും അവര്‍ കണ്ട രീതി വ്യത്യസ്തമായതുകൊണ്ടാണ് അത്തരം അഭിപ്രായങ്ങള്‍ വന്നതെന്നും രഘുനാഥ് പലേരി പറഞ്ഞു.

മോഹന്‍ലാല്‍ അഹങ്കാരത്തോടെയാണ് ദേവദൂതനില്‍ അഭിനയിച്ചതെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടത് താന്‍ കണ്ടെന്നും അത് തനിക്ക് വ്യത്യസ്തമായി തോന്നിയെന്നും രഘുനാഥ് പലേരി പറഞ്ഞു. എന്നെങ്കിലും അയാളെ കാണുകയാണെങ്കില്‍ ഇതിനെപ്പറ്റി അയാളോട് ചോദിക്കണമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും രഘുനാഥ് പലേരി പറഞ്ഞു. മോഹന്‍ലാലില്‍ എന്ത് അഹങ്കാരമാണ് കണ്ടതെന്ന് അയാളോട് ചോദിക്കണമെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡയക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘുനാഥ് ഇക്കാര്യം പറഞ്ഞത്.

‘ഏറ്റവും ബെസ്റ്റ് വേര്‍ഷനാണ് ആ സമയത്ത് റിലീസ് ചെയ്തത്. അന്ന് ആ സിനിമ വിജയമാകുമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ അങ്ങനെ സംഭവിക്കാത്തതുകൊണ്ട് ഇപ്പോള്‍ വീണ്ടും റിലീസ് ചെയ്യേണ്ടി വന്നുവെന്ന് മാത്രം. ദേവദൂതനെ പലരും പല തരത്തിലാണ് കണ്ടത്. അങ്ങനെ കണ്ട പലരും അവരുടേതായ അഭിപ്രായങ്ങള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവരുടേതായ പോയിന്റ് ഓഫ് വ്യൂവില്‍ പറയുന്ന അഭിപ്രായങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

അങ്ങനെയുള്ള ഒരു അഭിപ്രായമാണ് ‘മോഹന്‍ലാല്‍ അഹങ്കാരത്തോടെയാണ് ദേവദൂതനില്‍ അഭിനയിച്ചത്’ എന്ന്. എന്നെങ്കിലും ആ പറഞ്ഞയാളെ എനിക്ക് കാണണം. വേറെ ആരും കാണാത്ത എന്ത് അഹങ്കാരമാണ് മോഹന്‍ലാലില്‍ കണ്ടതെന്ന് എനിക്ക് അയാളോട് ചോദിക്കണം. ഏത് ആങ്കിളില്‍ നിന്ന് നോക്കിയപ്പോഴാണ് അയാള്‍ക്ക് അങ്ങനെ തോന്നിയതന്ന് ചോദിക്കണം,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Raghunath Paleri sharing an opinion he heard about Devadoothan movie

We use cookies to give you the best possible experience. Learn more