| Friday, 2nd August 2024, 2:01 pm

ദേവദൂതനിലെ ആ പാട്ടിന് അന്ന് തിയേറ്ററില്‍ വന്‍ കൂവലായിരുന്നു: രഘുനാഥ് പലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍. 2000ത്തില്‍ ഇറങ്ങിയ ചിത്രം വലിയ പരാജയമായി മാറി. പിന്നീട് കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പലരും ദേവദൂതനെ വിശേഷിപ്പിച്ചു. 4k സാങ്കേതിവിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് 24 വര്‍ഷത്തിന് ശേഷം ദേദവദൂതന്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് രണ്ടാം വരവില്‍ ദേവദൂതന് ലഭിച്ചത്.

ചിത്രം ആദ്യം റിലീസ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. മികച്ച സിനിമയാണ് എന്ന ബോധ്യത്തോടുകൂടിയാണ് അന്നും ദേവദൂതന്‍ റിലീസ് ചെയ്തതെന്നും എന്നാല്‍ പല സീനുകള്‍ക്കും പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്നും രഘുനാഥ് പലേരി പറഞ്ഞു. ചില പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ എന്‍ ജീവനേ എന്ന പാട്ട് സ്‌ക്രീനില്‍ വന്നപ്പോള്‍ പലരും കൂവിയിരുന്നുവെന്ന് രഘുനാഥ് പലേരി പറഞ്ഞു. ആദ്യ ആഴ്ചക്ക് ശേഷം പല തിയേറ്ററുകാരും ആ പാട്ട് കട്ട് ചെയ്ത് കളഞ്ഞ കാര്യം താന്‍ പിന്നീട് അറിഞ്ഞെന്നും നിര്‍മാതാവ് പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും രഘുനാഥ് പലേരി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതന്‍ കാലത്തിന് മുന്നേയാണോ, പിറകെയാണോ സഞ്ചരിച്ചതെന്ന് എനിക്ക് അറിയില്ല. ആ സിനിമയുടെ ഭാവം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുകള്‍ അന്ന് തിയേറ്ററില്‍ വന്നുകാണില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോള്‍ ദേവദൂതന് മുമ്പ് വന്ന ചില സിനിമകള്‍ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇന്നത്തെ കാലത്ത് ഒരു തിയേറ്ററില്‍ 100 പേര്‍ സിനിമ കാണുമ്പോള്‍ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് കാണുന്നത്.

24 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അതൊരു മോശം സിനിമയായിരിക്കില്ലല്ലോ. അന്ന് ദേവദൂതന്‍ തിയേറ്ററില്‍ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. എന്‍ ജീവനേ എന്ന പാട്ടിന് തിയേറ്റില്‍ വന്‍ കൂവലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിയേറ്ററുകാര്‍ ആ പാട്ട് കട്ട് ചെയ്ത് കളഞ്ഞെന്ന് ഞാനറിഞ്ഞു. നിര്‍മാതാവിനോട് പോലും അവര്‍ ഇക്കാര്യം ചോദിച്ചില്ല,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Raghunath Paleri shares the theatre experience of a song in Devadoothan movie

We use cookies to give you the best possible experience. Learn more