| Monday, 27th May 2024, 7:37 pm

വാനപ്രസ്ഥത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി കഥയെഴുതാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ: രഘുനാഥ് പലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രഘുനാഥ് പലേരി. പൊന്മുട്ടയിടുന്ന താറാവ്, ദേവദൂതന്‍, വാനപ്രസ്ഥം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി മുപ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും, രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന് ദേശീയ, സംസ്ഥാന അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും നേടിക്കൊടുത്ത വാനപ്രസ്ഥത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കാത്തതിന്റെ കാരണം രഘുനാഥ് വെളിപ്പെടുത്തി. വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാക്‌സിമം താന്‍ കണ്ടെന്നും ഇനി അതിന്റെ മുകളില്‍ ഒന്ന് എഴുതാന്‍ തനിക്ക് കഴിയാത്തുകൊണ്ടാണ് ലാലിനൊപ്പം മറ്റൊരു സിനിമ ചെയ്യാത്തതെന്നും രഘുനാഥ് പറഞ്ഞു.


കഥാപാത്രമായി മാറുമ്പോള്‍ വാള് കൈയില്‍ കിട്ടിയ വെളിച്ചപ്പാടിനെപ്പോലെയാണ് മോഹന്‍ലാലെന്നും രഘുനാഥ് പലേരി പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ഒരു കട്ടില്‍ ഒരു മുറിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘മോഹന്‍ലാലിനെ ആദ്യമായി ഞാന്‍ കാണുമ്പോഴും അയാള്‍ ഇങ്ങനെയായിരുന്നു. ഇപ്പോള്‍ കാണുന്നതിന്റെ യങ് ആയിട്ടുള്ള വെര്‍ഷന്‍. നസീമ എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. അന്നും ഷൂട്ടിന് മുമ്പ് അത്യാവശ്യം കുറുമ്പും കളിയും ചിരിയുമായി നടക്കും, ഷോട്ടിന്റെ സമയത്ത് ഗംഭീരമായി പെര്‍ഫോം ചെയ്യും. ഞങ്ങള്‍ തമ്മില്‍ അവസാനമായി ഒന്നിച്ചത് വാനപ്രസ്ഥം എന്ന സിനിമയിലാണ്. അതിന് ശേഷം അയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയിട്ടില്ല.

കാരണം, ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം എവറസ്റ്റിന്റെ മുനമ്പിലെത്തിയതു പോലെയാണ്. അതിന്റെ മുകളിലേക്ക് പോകണമെങ്കില്‍ എവറസ്റ്റ് വളരണം. കഥാപാത്രത്തിലേക്ക് മാറുന്ന സമയത്ത് വാള് കൈയില്‍ കിട്ടിയ വെളിച്ചപ്പാടിനെപ്പോലെയാണ് മോഹന്‍ലാല്‍. വാനപ്രസ്ഥത്തെക്കാള്‍ മികച്ചത് എനിക്ക് വേറെ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല,’ രഘുനാഥ് പറഞ്ഞു.

Content Highlight: Raghunath Paleri explains why he did not join with Mohanlal after Vanaprastham

We use cookies to give you the best possible experience. Learn more