| Monday, 30th September 2024, 7:05 pm

ഐമാക്‌സ് എന്ന വിഷന്‍ 80കളില്‍ തന്നെ മലയാളത്തിലെ ആ സംവിധായകനുണ്ടായിരുന്നു: രഘുനാഥ് പലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രഘുനാഥ് പലേരി. പൊന്മുട്ടയിടുന്ന താറാവ്, ദേവദൂതന്‍, വാനപ്രസ്ഥം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി മുപ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും, രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചതും രഘുനാഥ് പലേരിയാണ്.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന ടെക്‌നോളജിയാണ് ഐമാക്‌സ്. സിനിമയിലെ ഓരോ ചെറിയ ഡീറ്റെയിലും വളരെ മികച്ചതായി സ്‌ക്രീനില്‍ കാണാന്‍ ഐമാക്‌സിലൂടെ സാധിക്കും. അവതാര്‍ 2, ഓപ്പണ്‍ഹൈമര്‍, ഗ്രാവിറ്റി എന്നീ സിനിമകള്‍ ഐമാക്‌സില്‍ റിലീസ് ചെയ്ത് പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം നല്‍കിയ സിനിമകളായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോയ്ക്ക് പണ്ടേ ഐമാക്‌സ് എന്ന വിഷന്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് രഘുനാഥ് പലേരി.

ചുറ്റിലും സിനിമ നിറഞ്ഞുനില്‍ക്കുന്ന കുടുംബ പശ്ചാത്തലത്തിലാണ് ജിജോ ജനിച്ചതും വളര്‍ന്നതുമെന്നും സിനിമയെപ്പറ്റി പഠിക്കാന്‍ അന്നേ അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെന്നും രഘുനാഥ് പറഞ്ഞു. ജിജോയെ പരിചയപ്പെട്ടതാണ് തന്റെ ലൈഫിലെ ടേണിങ് പോയിന്റെന്നും ഐമാക്‌സ് എന്ന ആശയം അന്നേ ജിജോ തന്നോട് പറഞ്ഞിരുന്നെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അന്ന് തങ്ങള്‍ സ്വപ്‌നം കണ്ടതിനം അപ്പുറത്തായിരുന്നു അതിന്റെ ചെലവെന്നും അതിനാല്‍ ഉപേക്ഷിച്ചുവെന്നും രഘുനാഥ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജിജോയെ കണ്ടുമുട്ടിയതാണ് എന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്. സിനിമയെപ്പറ്റിയുള്ള എന്റെ സ്വപ്‌നങ്ങള്‍ വലുതായത് ജിജോയെ കണ്ടുമുട്ടിയതിന് ശേഷമാണ്. സിനിമയിലെ ഏറ്റവും പുതിയ ടെക്‌നോളജികള്‍ എന്തൊക്കെയാണെന്ന് അന്നേ അയാള്‍ക്ക് അറിയാമായിരുന്നു. അതെല്ലാം അയാള്‍ക്ക് കിട്ടാനുള്ള സൗകര്യം ചുറ്റിലുമുണ്ടായിരുന്നു. കാരണം, അയാള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം സിനിമ നിറഞ്ഞുനില്‍ക്കുന്ന ഒരു കുടുംബത്തിലാണ്.

എന്റെയും ജിജോയുടെയും സ്വപ്‌നങ്ങള്‍ ഏറെക്കുറെ ഒരുപോലെയായിരുന്നു. ഐമാക്‌സ് എന്ന വിഷന്‍ 80കളില്‍ തന്നെ ജിജോയ്ക്ക് ഉണ്ടായിരുന്നു. സ്വാഭവികമായും ആ സ്വപ്‌നം എന്നിലേക്കും എത്തി. ഇവിടെയും ഒരു ഐമാക്‌സ് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത്തെ മലയാളസിനിമയുടെ സാമ്പത്തികസ്ഥിതി വെച്ച് നോക്കുമ്പോള്‍ ആ സ്വപ്‌നം വളരെയധികം വലുതായിരുന്നു. അത്തരം പുതിയ ടെക്‌നോളജികള്‍ മലയാളത്തിലേക്കെത്തിക്കാന്‍ ജിജോക്ക് മാത്രമേ കഴിയുള്ളൂ,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Raghunath Paleri about Jijo Punnoose

We use cookies to give you the best possible experience. Learn more