മലയാളികള്‍ക്ക് എന്നും ഇഷ്ടപ്പെട്ട സിനിമകളിലൊന്നായിരുന്നു 2000ല്‍ പുറത്തിറങ്ങിയ ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞനായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത ദേവദൂതനെ കാലം തെറ്റിയിറങ്ങിയ മാസ്റ്റര്‍പീസ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് രഘുനാഥ് പലേരി.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വിശാല്‍ കൃഷ്ണമൂര്‍ത്തി അലീനയോട് പറയുന്ന, ‘എത്ര മനോഹരമായാണ് നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നത്’ എന്ന ഡയലോഗാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് രഘുനാഥ് പറയുന്നത്. തന്റെ പുതിയ സിനിമയായ ഒരു കട്ടില്‍ ഒരു മുറി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് രഘുനാഥ് പലേരി ഇക്കാര്യം പറഞ്ഞത്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഡയലോഗാണതെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയലോഗാണത്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഡയലോഗാണ്. അതിന് കാരണമുണ്ട്. സ്‌നേഹിക്കാന്‍ കഴിയുന്നതും സ്‌നേഹിക്കപ്പെടുന്നതും കാലത്തിന്റെ വരദാനമാണെന്ന് പറയാം. അത്രക്ക് ശക്തമാണ് സ്‌നേഹം. അത് പ്രണയമോ പ്രേമമോ ആകണമെന്നില്ല. സ്‌നേഹമെന്നുള്ളത് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ആര്‍ക്കും അനുഭവിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കാറ്റ് വീശുന്നതുപോലെയാണ് പലപ്പോഴും സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുക.
ചില വ്യക്തികളെ നമ്മള്‍ കാണുമ്പോള്‍, അല്ലെങ്കില്‍ ചില മുഖങ്ങള്‍ കാണുമ്പോള്‍ പെട്ടെന്ന് നമ്മുടെയുള്ളില്‍ ഒരു തിളക്കമുണ്ടാകും. ഒന്ന് ആളിക്കത്തിയ പോലെയാകും അത്. അങ്ങനെയൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വേറെ മീനിങ്ങിലൊന്നും നമുക്ക് എടുക്കാന്‍ കഴിയില്ല. ആ കഥ എഴുതുന്ന സമയത്ത് വിശാല്‍ കൃഷ്ണമൂര്‍ത്തി അലീനയെ കാണുന്ന സമയത്തുള്ള സംഭാഷണം എന്റെ ഉള്ളില്‍ വന്നത്.
അവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്, ‘ബഹുമാനിക്കപ്പെടേണ്ട എന്തോ ഒന്ന് നിങ്ങളിലുണ്ട്’ എന്ന്. അതെന്താണെന്ന് അലീന ചോദിക്കുമ്പോഴാണ് വിശാല്‍ ഈ മറുപടി പറയുന്നത്, ‘എത്ര മനോഹരമായാണ് നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നത്’ എന്ന്. എനിക്ക് ഏറ്റവുമിഷ്ടമുള്ള ഡയലോഗാണത്. കാരണം, ഞാന്‍ അങ്ങനെയാണ് എല്ലാവരെയും സ്‌നേഹിക്കുന്നത്,’ രഘുനാഥ് പറഞ്ഞു.
Content Highlight: Raghunath Paleri about his favorite dialogue in Devadoothan movie