നിര്‍ത്താതെയുള്ള കൂവല്‍ കാരണം തിയേറ്ററുകാര്‍ തന്നെ ആരുമറിയാതെ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട് ഒഴിവാക്കി: രഘുനാഥ് പാലേരി
Entertainment news
നിര്‍ത്താതെയുള്ള കൂവല്‍ കാരണം തിയേറ്ററുകാര്‍ തന്നെ ആരുമറിയാതെ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട് ഒഴിവാക്കി: രഘുനാഥ് പാലേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd August 2024, 2:46 pm

 

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി 2000ല്‍ സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു ദേവദൂതന്‍. കാലംതെറ്റിയിറങ്ങിയെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ചിത്രം അന്ന് തിയേറ്ററില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

24 വര്‍ഷങ്ങള്‍ക്കിപ്പുറം 4K സാങ്കേതിക മികവോടെ ചിത്രം വീണ്ടും റീ റിലീസ് ചെയ്തിരുന്നു. രണ്ടാം വരവില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയെയും അലീനയെയും മഹേശ്വറിനെയും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

ചിത്രം ആദ്യം റിലീസ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രഘുനാഥ് പാലേരി. മികച്ച സിനിമയാണ് എന്ന ബോധ്യത്തോടുകൂടിയാണ് അന്നും ദേവദൂതന്‍ റിലീസ് ചെയ്തതെന്നും എന്നാല്‍ പല സീനുകള്‍ക്കും പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്നും രഘുനാഥ് പലേരി പറഞ്ഞു. ചില പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ വിദ്യാസാഗറിന്റെ സംഗീതത്തില്‍ എന്‍ ജീവനേ എന്ന പാട്ട് സ്‌ക്രീനില്‍ വന്നപ്പോള്‍ പലരും കൂവിയിരുന്നുവെന്ന് പറയുകയാണ് രഘുനാഥ് പലേരി.

ഈ കൂവല്‍ കാരണം ആദ്യ ആഴ്ചക്ക് ശേഷം പല തിയേറ്ററുകാരും ആ പാട്ട് കട്ട് ചെയ്ത് കളഞ്ഞ വിവരം താന്‍ പിന്നീട് അറിഞ്ഞെന്നും ചിത്രത്തിന്റെ നിര്‍മാതാവായ സിയാദ് കോക്കര്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും രഘുനാഥ് പലേരി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതന്‍ കാലത്തിന് മുമ്പേയാണോ, പിറകെയാണോ സഞ്ചരിച്ചതെന്ന് എനിക്ക് അറിയില്ല. ആ സിനിമയുടെ ഭാവം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുകള്‍ അന്ന് തിയേറ്ററില്‍ വന്നുകാണില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ചിലപ്പോള്‍ ദേവദൂതന് മുമ്പ് വന്ന ചില സിനിമകള്‍ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇന്നത്തെ കാലത്ത് ഒരു തിയേറ്ററില്‍ 100 പേര്‍ സിനിമ കാണുമ്പോള്‍ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് കാണുന്നത്.

24 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അതൊരു മോശം സിനിമയായിരിക്കില്ലല്ലോ. അന്ന് ദേവദൂതന്‍ തിയേറ്ററില്‍ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്.

 

എന്‍ ജീവനേ എന്ന പാട്ടിന് തിയേറ്റില്‍ വന്‍ കൂവലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിയേറ്ററുകാര്‍ ആ പാട്ട് കട്ട് ചെയ്ത് കളഞ്ഞെന്ന് ഞാനറിഞ്ഞു. നിര്‍മാതാവിനോട് പോലും അവര്‍ ഇക്കാര്യം ചോദിച്ചില്ല,’ രഘുനാഥ് പലേരി പറഞ്ഞു.

 

Content highlight: Raghunath Paleri about Devadoothan movie and  En Jeevane song