ആ സംവിധായകന്‍ എനിക്ക് മകനെപ്പോലെയാണ്, അയാള്‍ക്ക് വേണ്ടിയൊരു കഥയെഴുതി കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം: രഘുനാഥ് പാലേരി
Entertainment
ആ സംവിധായകന്‍ എനിക്ക് മകനെപ്പോലെയാണ്, അയാള്‍ക്ക് വേണ്ടിയൊരു കഥയെഴുതി കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം: രഘുനാഥ് പാലേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th October 2024, 6:45 pm

മലയാളികള്‍ക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രഘുനാഥ് പാലേരി. തിരക്കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് അദ്ദേഹം. പൊന്മുട്ടയിടുന്ന താറാവ്, ദേവദൂതന്‍, വാനപ്രസ്ഥം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി മുപ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും, രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചതും രഘുനാഥ് പലേരിയാണ്.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ അന്‍വര്‍ റഷീദ് ആദ്യമായി അസിസ്റ്റന്റായത് രഘുനാഥ് പലേരിയോടൊപ്പമായിരുന്നു. അന്‍വര്‍ റഷീദുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. അന്‍വറിനെ കൈപിടിച്ചുകൊണ്ടുവന്നത് താനാണെന്ന് പലരും പറയാറുണ്ടെന്നും അങ്ങനെ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രഘുനാഥ് പലേരി പറഞ്ഞു. താന്‍ അവരെ അക്‌സപ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും പിന്നീട് അവര്‍ കഴിവ് കൊണ്ട് ഉയരത്തിലെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ മകനെപ്പോലെ കാണുന്നയാളാണ് അന്‍വര്‍ റഷീദെന്നും അയാള്‍ക്ക് തന്നോട് അതിരില്ലാത്ത സ്‌നേഹമാണെന്നും രഘുനാഥ് പലേരി പറഞ്ഞു. അയാളില്‍ താന്‍ തന്നെത്തന്നെയാണ് കാണുന്നതെന്നും രഘുനാഥ് പലേരി പറഞ്ഞു. വളരെ അപൂര്‍വമായി മാത്രമേ അത്തരം ബന്ധങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ റഷീദിന് വേണ്ടി ഒരു കഥയെഴുതി തന്റെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും രഘുനാഥ് പലേരി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്‍വര്‍ റഷീദ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറാകുന്നത് ഞാന്‍ സംവിധാനം വിസ്മയം എന്ന സിനിമയിലൂടെയാണ്. അന്‍വറന് സിനിമയോടുള്ള സമീപനം കണ്ടിട്ടാണ് അയാളെ ആ സിനിമയിലേക്കെടുത്തത്. പലരും പറയുന്നത് കേള്‍ക്കാറുണ്ട്, അന്‍വറിനെ കൈപിടിച്ച് കൊണ്ടുവന്നത് ഞാനാണെന്ന്. അങ്ങനെ കേള്‍ക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. അയാളെ അക്‌സപ്റ്റ് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ബാക്കിയെല്ലാം അയാളുടെ കഴിവ് കൊണ്ട് നേടിയതാണ്.

എന്റെ മകനെപ്പോലെയാണ് ഞാന്‍ അന്‍വറിനെ കാണുന്നത്. തിരിച്ച് അയാള്‍ക്ക് അതുപോലെയാണോ എന്നെനിക്കറിയില്ല. പക്ഷേ എന്നോട് വലിയ ബഹുമാനമാണ്. പലയിടത്തും അന്‍വര്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നെത്തന്നെയാണ് ഞാന്‍ അയാളില്‍ കാണുന്നത്. അതിരില്ലാത്ത സ്‌നേഹം എനിക്ക് അന്‍വറിനോടുണ്ട്. അത്തരം ബന്ധങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ. അയാള്‍ക്ക് വേണ്ടി ഒരു കഥയെഴുതിയിട്ട് കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Raghunath Paleri about Anwar Rasheed