| Friday, 8th April 2022, 10:08 am

തട്ടാന്‍ ഭാസ്‌ക്കരന്‍ ഇതും തട്ടും,ആരോഗ്യവാനായി അടുത്ത മാല പണിയും: ശ്രീനിവാസന് ആശംസ നേര്‍ന്ന് രഘുനാഥ് പലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന് ആരോഗ്യസൗഖ്യം നേര്‍ന്ന് നടനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി.

‘എന്റെ തട്ടാന്‍ ഭാസ്‌ക്കരന്‍ ഇതും തട്ടും ആരോഗ്യവാനായി അടുത്ത മാലപണിയും’ എന്നായിരുന്നു രഘുനാഥ് പലേരി ഫേസ്ബുക്കില്‍ എഴുതിയത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായിരുന്നു തട്ടാന്‍ ഭാസ്‌ക്കരന്‍. രഘുനാഥ് പലേരിയായിരുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരുന്നത്. ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥപാത്രങ്ങളില്‍ ഒന്നായിരുന്നു തട്ടാന്‍ ഭാസ്‌ക്കരന്‍.

അതിനിടെ ചികിത്സയില്‍ കഴിയുന്ന തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോടുള്ള ശ്രീനിവാസന്റെ പ്രതികരണവും ഇന്നലെ വൈറലായിരുന്നു. ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… എന്നായിരുന്നു ഇത്തരം വാര്‍ത്തകളോടുള്ള ശ്രീനിവാസന്റെ പ്രതികരണം.

അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മരുന്നുകളോടും ചികിത്സകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന്റെ ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി.

ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം ശ്രീനിവാസന്‍ വെന്റിലേറ്ററിലായിരുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് ശേഷം അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും അദ്ദേഹം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.

Content Highlight: Raghunath Paleri About Actor Sreenivasan

We use cookies to give you the best possible experience. Learn more