കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.
2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.
ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി. ദേവദൂതനിൽ തന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മോഹൻലാലിന്റെ പ്രകടനമാണെന്നും ചില സീനുകൾക്ക് മുമ്പ് മോഹൻലാൽ തന്നോട് നിർദേശങ്ങൾ ചോദിക്കുമായിരുന്നുവെന്നും രഘുനാഥ് പാലേരി പറഞ്ഞു.
‘എന്നെ അത്ഭുതപ്പെടുത്തിയ ഒരുപാട് കാര്യങ്ങൾ ദേവദൂതനിലുണ്ട്. മോഹൻലാൽ പോലും അഭിനയിക്കുന്നത് കണ്ട് ഞാൻ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. ചില സീനുകൾക്ക് മുമ്പ് ലാൽ ചിലപ്പോൾ ചോദിക്കും എങ്ങനെ ചെയ്യണമെന്നെല്ലാം.
അപ്പോഴെല്ലാം അവൻ ഇൻവോൾവ് ആവുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇതിൽ അലീനയുമായിട്ടുള്ള ഒരു സീക്വൻസിൽ വിശാലിന്റെ ഒരു ഇൻട്രാക്ഷനുണ്ട്. അത് അലീന താമസിക്കുന്ന വീട്ടിൽ വെച്ചിട്ടാണ്.
ആ സീനൊക്കെ എടുക്കുന്നതിന് മുമ്പ് ലാൽ എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ എന്റെ മനസിൽ തോന്നുന്ന പോലെ സിംപിളായി നാലോ അഞ്ചോ വാചകത്തിൽ കാര്യങ്ങൾ പറഞ്ഞ് കൊടുക്കും. അവനത് ഉൾകൊള്ളുന്നതും അവതരിപ്പിക്കുന്നതും പറയുന്നതുമെല്ലാം ഞാൻ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. അങ്ങനെ എനിക്കൊരു ഇൻട്രാക്ഷൻ ഉണ്ടായ നടൻ ലാലാണ്. എനിക്ക് വേറെ പടങ്ങളിലൊന്നും ആരോടും അങ്ങനെ സംസാരിക്കേണ്ടി വന്നിട്ടില്ല,’രഘുനാഥ് പാലേരി പറയുന്നു.
Content Highlight: Raghunath Paleri About Acting Of Mohanlal