റാഞ്ചി: മഹാരാഷ്ട്രക്ക് പിന്നാലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പായിരുന്നു ജാര്‍ഖണ്ഡ് നിയമസഭയിലേത്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസിനും മണ്ഡലത്തില്‍ പരാജയം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് രഘുബര്‍ദാസ്. ഷിബു സോറനും ഹേമന്ത് സോറനുമാണ് മറ്റ് രണ്ട് നേതാക്കള്‍.
സമാനമായിരുന്നു ഹേമന്ത് സോറന് 2014 ലെ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹേമന്ത് സോറന്‍ വിജയിച്ചു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ദുംക സീറ്റില്‍ നിന്നും ബി.ജെ.പിയുടെ ലൂയിസ് മറാന്തിയോട് പരാജയപ്പെടുകയായിരുന്നു. അന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സോറന്‍. എന്നാല്‍ അതേ തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍ ബര്‍ഹെയിത് സീറ്റില്‍ നിന്നും വിജയിച്ചിരുന്നു.
2009ലായിരുന്നു മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് ഷിബുസോറന്‍ പരാജയപ്പെട്ടത്. തമാര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ ഗോപാല്‍ കൃഷ്ണ പട്ടാറിനോടായിരുന്നു ഷിബു സോറന്‍ പരാജയപ്പെട്ടത്.