ലൂസിഫറില്‍ ലാലേട്ടന്‍ ആ കുട്ടികളോട് സംസാരിക്കുന്ന സീനാണ് എനിക്ക് നന്നായി കണക്ടായത്: രാഘവ ലോറന്‍സ്
Malayalam Cinema
ലൂസിഫറില്‍ ലാലേട്ടന്‍ ആ കുട്ടികളോട് സംസാരിക്കുന്ന സീനാണ് എനിക്ക് നന്നായി കണക്ടായത്: രാഘവ ലോറന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th November 2023, 11:09 am

സിനിമയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറിൽ നിന്ന് മുൻനിര നായകനിലേക്ക് വളർന്ന് വന്ന നടനാണ് രാഘവ ലോറൻസ്. കാഞ്ചനയെന്ന ഒറ്റ സിനിമയിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടാൻ രാഘവ ലോറൻസിന് കഴിഞ്ഞിരുന്നു. ഈയിടെ സൂപ്പർ ഹിറ്റ്‌ ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചിരുന്നെങ്കിലും ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയമായിരുന്നു.

ഇപ്പോൾ താരം അഭിനയിച്ച, കാർത്തിക് സുബ്ബരാജ് ഒരുക്കിയ ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമയിലെ താരങ്ങൾ കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു.

മലയാള സിനിമകൾ ഒരുപാട് കാണാറുണ്ടെന്നാണ് രാഘവ ലോറൻസ് പറയുന്നത്. ആർ.ഡി.എക്സ് സിനിമയെ പ്രശംസിക്കുന്നതിനോടൊപ്പം ലൂസിഫർ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ സ്റ്റൈൽ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ആ സിനിമ നന്നായി കണക്റ്റ് ആയെന്നും മാധ്യമ പ്രവർത്തകരോട് രാഘവ ലോറൻസ് പറഞ്ഞു.

‘മലയാള സിനിമകൾ ഒരുപാട് കാണാറുണ്ട്. എനിക്കിഷ്ടമാണ് കാണാൻ. ഈയിടെ ആർ.ഡി. എക്സ് സിനിമ കണ്ടു. അതിലെ ആക്ഷൻ രംഗങ്ങൾ സൂപ്പറായിരുന്നു. എല്ലാ സിനിമകളും കാണാൻ ശ്രമിക്കാറുണ്ട്.

ലാലേട്ടന്റെ ലൂസിഫർ ഞാൻ കണ്ടിരുന്നു. അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അതിന്റെ മേക്കിങ് വളരെ മികച്ചതായിരുന്നു. നല്ല സ്റ്റൈലിലാണ് ആ ചിത്രം എടുത്തിട്ടുള്ളത്.
അതിൽ ലാലേട്ടൻ തോള് ചെരിച്ച് മുണ്ടും പിടിച്ച് വരുന്നതൊക്കെ കണ്ടപ്പോൾ എനിക്ക് നല്ല സ്റ്റൈലായിട്ട് തോന്നി. ആ സിനിമ എനിക്ക് നന്നായി കണക്റ്റായി.

ആ ചിത്രത്തിൽ, ട്രസ്റ്റിലുള്ള കൂട്ടുകളോടൊപ്പം ലാലേട്ടൻ ഒരു കസേരയിലിരുന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്കത് നന്നായി മനസിലാക്കൻ പറ്റി. ആ സീനെല്ലാം നന്നായി കണക്റ്റാവുന്നുണ്ടായിരുന്നു. അങ്ങനെ ഒരുപാട് മലയാള സിനിമകൾ കാണാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് മലയാള പടങ്ങൾ നല്ല ഇഷ്ടമാണ്,’രാഘവ ലോറൻസ് പറയുന്നു.

ജിഗർതണ്ട ഡബിൾ എക്സ് മികച്ച അഭിപ്രായവുമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കാർത്തിക് സുബ്ബരാജ് തന്നെ ഒരുക്കിയ ജിഗർതണ്ടയുടെ തുടർച്ചയാണ് ഡബിൾ എക്സും. രാഘവ ലോറൻസിനൊപ്പം എസ്‌.ജെ.സൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Content Highlight: Raghava Lorance Talk About Lucifer Movie