| Thursday, 9th November 2023, 1:48 pm

അവരെന്നെ ബ്ലാക്ക് ഡോഗ് എന്നാണ് വിളിച്ചത്; ഡാന്‍സിനിടയില്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തി: രാഘവ ലോറന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് രാഘവ ലോറന്‍സ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാഘവ ലോറന്‍സ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.

ചിത്രത്തിന്റെ ട്രെയിലറില്‍ പാന്‍ ഇന്ത്യന്‍ സിനിമയില്‍ നായകനായി ഒരു കറുത്ത ആള്‍ വരുന്നതിനെ പറ്റി പറയുന്നുണ്ടായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ താന്‍ ഡാന്‍സറായി വന്ന സമയത്ത് നിറത്തിന്റെ പേരില്‍ നേരിട്ട ദുരനുഭവത്തെ പറ്റി പറയുകയാണ് താരം.

താന്‍ ഗ്രൂപ്പ് ഡാന്‍സറായിരിക്കുമ്പോള്‍ കറുപ്പിന്റെ പേരില്‍ തന്നെ മാറ്റിനിര്‍ത്തിയിരുന്നെന്നും, തന്നെ ബ്ലാക്ക് ഡോഗെന്ന് വിളിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു. പ്രഭു ദേവ വന്നതിന് ശേഷമാണ് നിറത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ കാണുന്നതില്‍ മാറ്റമുണ്ടായതെന്നും പിന്നീട് കഴിവിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയെന്നും ലോറന്‍സ് കൂട്ടിചേര്‍ത്തു.

‘ഇപ്പോള്‍ അങ്ങനെ നിറത്തിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ല. എന്നാല്‍ മുമ്പ് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഗ്രൂപ്പ് ഡാന്‍സറായിരിക്കുമ്പോള്‍ ആയിരുന്നു അങ്ങനെയൊക്കെ ഉണ്ടായിരുന്നത്. പ്രഭു ദേവ മാസ്റ്റര്‍ വന്നതിന് ശേഷമാണ് കറുപ്പ് വെളുപ്പ് എന്ന തരത്തില്‍ ആളുകളെ കാണുന്നതില്‍ മാറ്റമുണ്ടായത്.

അതിന് മുമ്പൊക്കെ എന്നെ ബ്ലാക്ക് ഡോഗെന്ന് വിളിക്കുമായിരുന്നു. ഡാന്‍സ് ഗ്രൂപ്പില്‍ പിന്നില്‍ നില്‍ക്കാന്‍ പറയുമായിരുന്നു. ഗ്രൂപ്പില്‍ രണ്ടാമത്തെ വരിയിലാണ് നില്‍ക്കുന്നതെങ്കില്‍ പോലും പിന്നിലേക്ക് പോയി നില്‍ക്കാന്‍ പറയും. ഞാന്‍ ഒരു ഗ്രൂപ്പ് ഡാന്‍സറായിട്ടാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്.

പ്രഭു ദേവ മാസ്റ്റര്‍ വന്നതിന് ശേഷം അതില്‍ മാറ്റമുണ്ടായി. പിന്നീട് നിറത്തിനല്ല പകരം കഴിവിനായിരുന്നു പ്രാധാന്യം കൊടുത്തത്. അങ്ങനെയുള്ളപ്പോള്‍ സിനിമയില്‍ കറുത്ത നായകനെ പറ്റി പറയുമ്പോള്‍ എനിക്ക് സന്തോഷം തോന്നിയിരുന്നു.

എങ്കിലും പണ്ട് അവരൊക്കെ നമ്മളെ കറുത്തതാണെന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ന് നമ്മള്‍ ഇങ്ങനെയൊര് സ്ഥാനത്ത് വന്ന് നില്‍ക്കുന്നത്. അതില്‍ തീര്‍ച്ചയായും അവരോട് നന്ദി പറയണം,’ രാഘവ ലോറന്‍സ് പറയുന്നു.

2014ല്‍ വലിയ വിജയമായിരുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമാണ് ജിഗര്‍തണ്ട. അതില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായിരുന്നത്.

അതിന്റെ രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Raghava Lawrence Talks About Colour Discrimination

We use cookies to give you the best possible experience. Learn more