Film News
പ്രേതത്തെ ചെറുപ്പത്തില്‍ പേടിയായിരുന്നു; ഇപ്പോള്‍ ഉറങ്ങുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്: രാഘവ ലോറന്‍സ്
ഹൊറര്‍ സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. മറ്റു ഭാഷകളിലേയും ഹൊറര്‍ സിനിമകള്‍ തേടി കണ്ടുപിടിച്ച് കാണുന്നവരാണ് മിക്കവരും. അത്തരത്തില്‍ മലയാളികളില്‍ ഭൂരിഭാഗം ആളുകളും കണ്ടിട്ടുള്ള സിനിമയാണ് കാഞ്ചന. ഈ തമിഴ് സിനിമയുടെ നാല് ഭാഗങ്ങളിലും അഭിനയിച്ചത് രാഘവ ലോറന്‍സാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ലോറന്‍സ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാഘവ ലോറന്‍സ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.
കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രേതത്തെ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ലോറന്‍സ്. പ്രേതത്തെ തനിക്ക് ചെറുപ്പത്തില്‍ പേടിയായിരുന്നെന്നും ഇന്ന് പേടിയില്ലെന്നും താരം പറയുന്നു. രാത്രി ഉറങ്ങുമ്പോള്‍ മാത്രം ചെറിയ അസ്വസ്ഥത തോന്നാറുണ്ടെന്നും ലോറന്‍സ് കൂട്ടിചേര്‍ത്തു.
‘പ്രേതത്തെയൊക്കെ എനിക്ക് ചെറുപ്പത്തില്‍ പേടിയായിരുന്നു. അതിന് ശേഷം ഇപ്പോള്‍ അങ്ങനെയല്ല. എപ്പോഴും നമ്മള്‍ സ്‌ക്രിപ്റ്റിനെ പറ്റിയൊക്കെ ചര്‍ച്ച ചെയ്യുമല്ലോ. പിന്നെ സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്ത് കഴിഞ്ഞാല്‍ സിനിമ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷന്‍ തിരഞ്ഞ് പോകും. ലൊക്കേഷന്‍ കണ്ട് പിടിച്ചാലും അവിടെ അവസാനിക്കില്ല. പ്രേത സിനിമയെ പറ്റി തന്നെയാകും മുഴുവന്‍ സമയവും ചര്‍ച്ച ചെയ്യുന്നത്.
വീട്ടില്‍ പോയാല്‍ അമ്മ ഒരു പ്രേത കഥ പറയാന്‍ തുടങ്ങും. പിന്നാലെ മാമനും പാട്ടിയും പറയും. വേണമെങ്കില്‍ അടുത്ത വീട്ടിലുള്ള ആള്‍ വന്ന് കേട്ടാല്‍ അവരും ഒരു പ്രേത കഥ പറയും. ഇതെല്ലാം കേട്ട് രാത്രി ഉറങ്ങുമ്പോള്‍ മാത്രം ചെറിയ അസ്വസ്ഥത തോന്നും. അല്ലാതെ പേടിച്ച് നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെ പേടിച്ച് സിനിമയിലെ പോലെ പേടിച്ച് അമ്മയുടെ ഇടുപ്പില്‍ കയറിയിരിക്കാറില്ല,’ രാഘവ ലോറന്‍സ് പറയുന്നു.
ലോറന്‍സിന്റെ അടുത്ത ചിത്രമായ ജിഗര്‍തണ്ട ഡബിള്‍ എക്സ് 2014ല്‍ വലിയ വിജയമായിരുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ്. അതില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായിരുന്നത്.
അതിന്റെ രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Raghava Lawrence Says He Was Afraid Of Ghosts