| Monday, 6th November 2023, 10:16 am

വില്ലനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് രാഘവ ലോറന്‍സിനെ; ഒടുവില്‍ വേഷമെത്തിയത് വിജയ് സേതുപതിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് വിക്രം. ലോകേഷ് ചിത്രങ്ങളില്‍ വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് വിക്രം. കമല്‍ ഹാസന്‍ നായകനായ ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി എത്തിയപ്പോള്‍ സൂര്യയുടെ ഗസ്റ്റ് വില്ലനും വലിയ ശ്രദ്ധ നേടി. ഒപ്പം ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി.

വിക്രത്തിലെ വില്ലനായ സന്തനത്തിനായി ലോകേഷ് ആദ്യം തീരുമാനിച്ചിരുന്നത് രാഘവ ലോറന്‍സിനെയായിരുന്നു. ഇരുവരും ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം ലോറന്‍സിനെ എല്‍.സി.യുവിലേക്ക് എത്താനുള്ള അവസരം നഷ്ടപ്പെട്ടു. സന്തനം വിജയ് സേതുപതിയിലേക്ക് എത്തി. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രാഘവ ലോറന്‍സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ എല്‍.സി.യുവിലേക്ക് എത്താന്‍ ലോറന്‍സിന് മുന്നില്‍ ഇനിയും വഴികളുണ്ടെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ലോകേഷ് കനകരാജിന്റെ ഇനി വരുന്ന ചിത്രങ്ങളായ കൈതി 2, രജിനികാന്ത് 171 എന്നിവയില്‍ വില്ലനായി രാഘവ ലോറന്‍സ് എത്തിയേക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിഗര്‍തണ്ട ഡബിള്‍ എക്സാണ് ഇനി റിലീസിന് ഒരുങ്ങുന്ന രാഘവ ലോറന്‍സിന്റെ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം 2014ല്‍ തമിഴില്‍ ട്രെന്‍ഡ്‌സെറ്ററായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ്. ലോറന്‍സിനൊപ്പം എസ്.ജെ. സൂര്യയും മുഖ്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. എഴുപതുകളുടെ കഥയാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് പറയുന്നത്.

ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് നിര്‍വഹിക്കുന്നത്. കാര്‍ത്തികേയന്‍, സന്തനം എസ്. കതിരേശന്‍, അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ചന്ദ്രമുഖി 2 ആണ് ഒടുവില്‍ പുറത്ത് വന്ന ലോറന്‍സിന്റെ ചിത്രം. പി. വസു സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കണ റണാവത്ത് ആയിരുന്നു നായിക.

Content Highlight: Raghava lawrance was the first option for sandhanam in vikram

We use cookies to give you the best possible experience. Learn more