| Sunday, 29th September 2024, 4:52 pm

ഞാന്‍ ഫഹദ് ഫാസില്‍, ചെറിയൊരു നടനാണ്, കില്‍ കണ്ടു എന്നാണ് അദ്ദേഹം എനിക്ക് മെസ്സേജയച്ചത്: രാഘവ് ജുയല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ നിന്ന് ഈ വര്‍ഷം പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് കില്‍. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വയലന്‍സ് സീനുകളുള്ള കില്‍ വലിയ വിജയമായി മാറിയിരുന്നു. പുതുമുഖങ്ങളായ ലക്ഷ്യ, രാഘവ് ജുയല്‍ എന്നിവരാണ് കില്ലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ട്രെയിന്‍ യാത്രക്കിടെ നടക്കുന്ന സംഭവിക്കുന്ന കൊള്ളയും അതേത്തുടര്‍ന്നുണ്ടാകുന്ന സംഘട്ടനവുമാണ് ചിത്രത്തിന്റെ കഥ. ലിമിറ്റഡ് സ്‌പെയ്‌സില്‍ നിന്നുകൊണ്ട് ഒരുക്കിയ മികച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചത്.

റിയാലിറ്റി ഷോകളിലൂടെ ജനശ്രദ്ധ നേടിയ രാഘവിന്റെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി കൂടിയായിരുന്നു കില്‍. മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത ഫാനി എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിച്ചത്. റിലീസിന് ശേഷം പലരും രാഘവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം തനിക്ക് മറ്റ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ച പ്രശംസകളെക്കുറിച്ച് സംസാരിക്കുകയാണ് രാഘവ്. ചിത്രം കണ്ട് ഫഹദ് ഫാസില്‍ അയച്ച മെസേജ് വളരെയധികം സ്‌പെഷ്യലാണെന്ന് രാഘവ് പറഞ്ഞു.

എന്റെ പേര് ഫഹദ് ഫാസില്‍, ചെറിയൊരു നടനാണ്, കില്ലില്‍ നിങ്ങള്‍ ഞെട്ടിച്ചു എന്നാണ് ഫഹദ് അയച്ച മെസ്സേജെന്ന് രാഘവ് കൂട്ടിച്ചേര്‍ത്തു. താന്‍ ആവേശം കണ്ട് അദ്ദേഹത്തിന്റെ ഫാനായി നില്‍ക്കുമ്പോളാണ് ഈ മെസേജ് വരുന്നതെന്നും ഇങ്ങനെ ഒരു മെസേജ് കണ്ട് താന്‍ വല്ലാതായെന്നും രാഘവ് പറഞ്ഞു. തനിക്ക് ഇന്‍സ്പിറേഷനാണ് ഫഹദെന്നും താനാണ് ചെറിയ നടനെന്ന് അദ്ദേഹത്തോട് പറയേണ്ടതെന്നും രാഘവ് കൂട്ടിച്ചേര്‍ത്തു. ഭാരതി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഘവ് ഇക്കാര്യം പറഞ്ഞത്.

‘എന്നെ ഇന്‍സ്പയര്‍ ചെയ്ത നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ആവേശം കണ്ടിട്ട് അദ്ദേഹത്തിന്റെ വലിയ ഫാനായി മാറി. പുള്ളി എനിക്ക് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. അത് എങ്ങനെയാണെന്ന് വെച്ചാല്‍, ‘ഹായ് ഞാന്‍ ഫഹദ് ഫാസില്‍, ചെറിയൊരു നടനാണ്, കില്‍ കണ്ടു, നിങ്ങള്‍ ഞെട്ടിച്ചു’ എന്നാണ് പറഞ്ഞത്. ഞാനിത് വായിച്ചിട്ട് വല്ലാത്ത അവസ്ഥയിലായി.

ആ സമയത്ത് ഞാന്‍ ആവേശം കണ്ടതിന്റെ ഹാങ്ങോവറില്‍ നില്‍ക്കുകയായിരുന്നു. പുള്ളി എങ്ങനെ പറയും താനൊരു ചെറിയ ആക്ടറാണെന്ന്. അദ്ദേഹത്തെ വെച്ച് നോക്കുമ്പോള്‍ ആ ഡയലോഗ് പറയേണ്ട ആള്‍ ഞാനാണ്. പല സീനിലും ഡയലോഗ് ഇല്ലെങ്കില്‍ പോലും അവിടെ എങ്ങനെ ബിഹേവ് ചെയ്യണമെന്ന് ഫഹദിനറിയാം,’ രാഘവ് പറഞ്ഞു.

Content Highlight: Raghav Juyal about Fahadh Faasil’s comment after Kill movie

We use cookies to give you the best possible experience. Learn more