പുറത്താക്കിയതിനു പിന്നാലെ ഉപദേശകയിനത്തില്‍ ലഭിച്ച 2 രൂപ 50 പൈസ കേന്ദ്രസര്‍ക്കാരിനു തിരിച്ചു നല്‍കി രാഘവ് ഛന്ദ
national news
പുറത്താക്കിയതിനു പിന്നാലെ ഉപദേശകയിനത്തില്‍ ലഭിച്ച 2 രൂപ 50 പൈസ കേന്ദ്രസര്‍ക്കാരിനു തിരിച്ചു നല്‍കി രാഘവ് ഛന്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2018, 6:27 pm

ന്യൂദല്‍ഹി: കഴിഞ്ഞദിവസമായിരുന്നു ദല്‍ഹി സര്‍ക്കാരിലെ ഒമ്പത് ഉപദേശകരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പുറത്താക്കിയത്. നിയമനത്തിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ ഉപദേശകയിനത്തില്‍ ലഭിച്ച 2 രൂപ 50 പൈസയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു മടക്കി അയച്ചിരിക്കുകയാണ് എ.എ.പി നേതാവും ദേശീയ വക്താവുമായ രാഘവ് ഛന്ദ.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് ഡി.ഡി അടക്കംചെയ്ത കത്തെഴുതിയാണ് രാഘവ് ഛന്ദ തന്റെ “വരുമാനം” മടക്കി നല്‍കിയത്. മുതിര്‍ന്ന ആം ആദ്മി നേതാക്കളായ അതിഷി മര്‍ലീന, രാഘവ് ഛന്ദുമുള്‍പ്പടെയുള്ളവരെയായിരുന്നു ഇന്നലെ പുറത്താക്കിയിരുന്നത്. മര്‍ലീന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേതും ചദ്ദ ദല്‍ഹി ധനകാര്യ മന്ത്രിയുടെയും ഉപദേഷ്ടക്കളായിരുന്നു. അമര്‍ദീപ് തിവാരി, പ്രശാന്ത് സക്സേന, സമീര്‍ മല്‍ഹോത്ര, രജത് തിവാരി, രാം കുമാര്‍ ഝാ, അരുണോദയ് പ്രകാശ് എന്നിവരാണ് പുറത്താക്കപ്പെട്ടത്.


Also Read: ഡോക്ടര്‍ കഫീല്‍ ഖാന് ചികിത്സ നിഷേധിച്ച് ജയിലധികൃതര്‍; ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മാധ്യമങ്ങള്‍ക്കുമുന്നില്‍


ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന താന്‍ സര്‍ക്കാരിന്റെ ഉപദേശകനായി ഇരുന്ന കാലത്ത് പ്രതിഫലമായി മാസം ഒരു രൂപയാണ് കൈപ്പറ്റിയിരുന്നതെന്നാണ് ഛന്ദ വ്യക്തമാക്കിയിരിക്കുന്നത്. 2015 ല്‍ അധികാരത്തിലെത്തിയ ശേഷം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവരെ ഉപദേശകരായി നിയമിച്ചിരുന്നു. ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായിരുന്നു ഇതെന്നും മറിച്ച് ഒരു വിധത്തിലുള്ള നേട്ടത്തിനുവേണ്ടിയല്ലന്നും ഛന്ദയുടെ കത്തില്‍ പറയുന്നു.

“ബഡ്ജറ്റ് തയ്യാറാക്കുന്നതിന് സഹായം ചെയ്യുന്നതിന് 75 ദിവസങ്ങളാണ് സര്‍ക്കാരിനുവേണ്ടി താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പിന്നീട് ഉപദേശക സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2.50 രൂപ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ട്. ആ തുക തിരികെ തരികയാണെ”ന്നും രാഘവ് ഛന്ദയുടെ കത്തില്‍ പറയുന്നു.


Dont Miss: ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മജിസ്‌ട്രേട്ടിനെതിരെ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി


മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും അനുവദിക്കപ്പെട്ട തസ്തികകളില്‍ ഉള്‍പ്പെടുന്നവയല്ല ഇതെന്നും ഇത്തരം തസ്തികകള്‍ സൃഷ്ടിക്കാന്‍ കേന്ദ്രത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടി ഏപ്രില്‍ 10-ന് ആഭ്യന്തര മന്ത്രാലയം ദല്‍ഹി സര്‍ക്കാരിനു കത്തയച്ചിരുന്നു.

എന്നാല്‍ ദല്‍ഹി സര്‍ക്കാരിന്റെ “വിദ്യഭ്യാസ വിപ്ലവം” തടയുന്നതിനായാണ് കേന്ദ്രം അതിഷി മര്‍ലീനയെ പോലുള്ളവരെ പുറത്താക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതിന് വേണ്ടിയാണിതെന്നുമായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണം.