| Friday, 17th July 2020, 10:40 am

കോണ്‍ഗ്രസ് തീര്‍ന്നു, ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന് രാഘവ് ചദ്ദ; വിജയം ആംആദ്മിക്കെങ്കില്‍ ഭരിക്കുന്നത് അമിത്ഷായല്ലേയെന്ന് കോണ്‍ഗ്രസിന്റെ തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആംആദ്മി പാര്‍ട്ടി ദേശീയ വക്താവും എം.എല്‍.എയുമായ രാഘവ് ചദ്ദ. കോണ്‍ഗ്രസ് അതിന്റെ വിനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനുവേണ്ടി ഇനി എന്തെങ്കിലും ചെയ്യാന്‍ ആംആദ്മിക്ക് മാത്രമേ കഴിയൂ എന്നും ചദ്ദ പറഞ്ഞു.

‘എം.എല്‍.എമാരെ വില്‍ക്കാനും വാങ്ങാനുമുള്ള കച്ചവടത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. ഭിന്നതയും പഴക്കവുമാണ് അതിന്റെ അടിസ്ഥാന പ്രശ്‌നം. ഏകദേശം വെന്റിലേറ്ററിലായ അവസ്ഥയിലാണ് അവര്‍. ബി.ജെ.പി കോണ്‍ഗ്രസിന്റെ എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുകയും കോണ്‍ഗ്രസ് അവരുടെ വോട്ട് വില്‍ക്കുന്നതിന്റെയും തിരക്കിലാണ്’, ചദ്ദ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന് ഭാവി എന്നത് ഇനിയില്ല. ഭാവിക്കുവേണ്ടി അവരൊന്നും ചെയ്യുന്നുമില്ല. രാജ്യത്തിന് വേണ്ടി ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനി ആംആദ്മി പാര്‍ട്ടിക്കേ കഴിയു. കോണ്‍ഗ്രസിനിനി പ്ലാസ്മ തെറാപ്പിയോ റെംഡിസിവിറോ നല്‍കിയിട്ടും കാര്യമില്ലെന്നും ചദ്ദ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും വൃത്തികെട്ട രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് മനം മടുത്തുകഴിഞ്ഞു. ജനാധിപത്യത്തിന്റെ ദാരുണമായ അവസ്ഥയില്‍ അവര്‍ നിരാശരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചദ്ദയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ ചൗധരി രംഗത്തെത്തി. കെജ്‌രിവാളിന് വോട്ട് ചെയ്താല്‍ ഭരിക്കുക അമിത് ഷാ അല്ലേ എന്നാണ് ചൗധരിയുടെ തിരിച്ചടി. കോണ്‍ഗ്രസിന് ഇങ്ങനെ രണ്ടുവള്ളത്തില്‍ ഒരേസമയം തുഴയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ക്കുമുമ്പാണ് ദല്‍ഹിയില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ടേമിലേക്ക് ഭരണം പിടിച്ചെടുക്കുകയായിരുന്നു ആംആദ്മി പാര്‍ട്ടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more