| Wednesday, 27th July 2016, 9:11 pm

വടകരയില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അദ്ധ്യാപകര്‍ക്കെതിരെയും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകരയില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്. കോളജിലെ അധ്യാപകര്‍ക്കെതിരെയും കേസെടുത്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന പരാതിയുമായി ഓഫീസിലെത്തിയപ്പോള്‍ അദ്ധ്യാപകര്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുവെന്നും അസ്‌നാസിനെക്കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍വെച്ച് മാപ്പ് പറയിപ്പിച്ചുവെന്നതുമാണ് അദ്ധ്യാപകര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായത്.

മാപ്പ് പറയിപ്പിച്ചതിലെ മനഃപ്രയാസം കാരണമാണ് അസ്‌നാസ് ആത്മഹത്യ ചെയ്തതെന്ന് അസ്‌നാസിന്റെ സഹപാഠികളും വീട്ടുകാരും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിലെ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായിരുന്നു. മൂന്ന് ആണ്‍കുട്ടികളുടേയും മൂന്ന് പെണ്‍കുട്ടികളുടേയും അറസ്റ്റാണ് വടകര പോലീസ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അസ്‌നാസ് (18) വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്. ചെരണ്ടത്തൂരിലെ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനിയായിരുന്നു. റാഗിങ്ങ് നിരോധന നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേ ആത്മഹത്യാ പ്രേരണകുറ്റവും പ്രതികള്‍ക്ക് എതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more