കൊല്ലം: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ റാഗിംഗ് പരാതി പിന്‍വലിക്കാത്തതിന് ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കി എടപ്പാളിലെ മലബാര്‍ കോളജ് മാനേജ്‌മെന്റ്. കൊല്ലം കുണ്ടറ മുളവന സ്വദേശിയായ സച്ചിന്‍ സജിക്കാണ് കോളേജ് മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ദുരനുഭവമുണ്ടായത്.
2015 ഒക്ടോബര്‍ ഏഴിനാണ് സച്ചിന്‍ സജി എടപ്പാളിലെ മലബാര്‍ ഡെന്റല്‍കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റില്‍ ബി.ഡി.എസിന് ചേര്‍ന്നിരുന്നത്. കോളേജിലെ ആദ്യം ദിനം മുതല്‍ തന്നെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പീഡനം നേരിട്ട സച്ചിന്‍ ഇതേ കുറിച്ച് അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
റാഗ് ചെയ്ത വിദ്യാര്‍ത്ഥികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ ഇവര്‍ കോളേജില്‍ വീണ്ടും തിരിച്ചെത്തുകയും മര്‍ദനം തുടരുകയും ചെയ്തു. അതേ സമയം നല്‍കിയ പരാതി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സച്ചിനും കൂട്ടുകാരും തയ്യാറായില്ല.
ഇതിനിടെ ഹോസ്റ്റലില്‍ നിന്നും രാത്രിയില്‍ പുറത്തു പോയി ഭക്ഷണം കഴിച്ചെന്നാരോപിച്ച് സച്ചിനെയും സുഹൃത്തുക്കളെയും മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ റാഗിംഗ് കേസ് കൊടുത്ത സച്ചിനെയും സുഹൃത്ത് റിഷാദിനെയും ഒഴികെ മറ്റെല്ലാവരെയും കോളേജില്‍ തിരിച്ചെടുത്തു.
തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ കോളേജിലെ പഠനം അവസാനിപ്പിച്ചെങ്കിലും ടി.സിയും സര്‍ട്ടിഫിക്കറ്റുകളും തിരിച്ച് നല്‍കണമെങ്കില്‍ പരാതി പിന്‍വലിക്കമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്.
മറ്റൊരു കോളേജില്‍ ചേര്‍ന്ന് പഠനം തുടരുന്നതിന് വിദ്യാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്ന് കോടതിയും ജെയിംസ് കമ്മിറ്റിയും നിര്‍ദേശം നല്‍കിയെങ്കിലും നിഷേധാത്മക നിലപാടാണ് കോളേജ് സ്വീകരിക്കുന്നത്.
അതേസമയം വിഷയത്തില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.