സെറിബ്രല്‍ പാള്‍സി രോഗത്തോട് പടപൊരുതി തന്റെ സിനിമയെന്ന സ്വപ്‌നത്തിലേക്കെത്തി നില്‍ക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്ണന്‍.
ജന്മനാ ശരീരത്തെ സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രാകേഷിന്റേതായി ഇറങ്ങിയ ആദ്യ സിനിമയാണ് കളം@24. ഒന്നര വര്‍ഷം കൊണ്ടാണ് രാകേഷ് ഈ സിനിമ ഒരുക്കിയത്.
അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രങ്ങളും ഒരുക്കിയ ശേഷമാണ് രാകേഷ് തന്റെ സിനിമയുമായി എത്തുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി – ഡ്രാമ ഴോണറിലുള്ള ഈ സസ്പെന്‍സ് ത്രില്ലര്‍ രാകേഷ് കൃഷ്ണന്‍ ഒരുക്കിയത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് രാകേഷ് തന്നെയാണ്. തന്റെ മനസിൽ സിനിമ മോഹം ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയാണ് രാകേഷ് കൃഷ്ണന്‍.
ചെറുപ്പത്തിൽ മമ്മൂട്ടി നായകനായ ജോണി വാക്കർ എന്ന സിനിമ കണ്ടപ്പോൾ തനിക്ക് വലിയ ഫീലായെന്നും സിനിമയിൽ മമ്മൂട്ടി മരിക്കുന്നത് കണ്ട് പിറ്റേന്ന് അതിന്റെ വാർത്ത പത്രത്തിൽ നോക്കിയിരുന്നവെന്നും രാകേഷ് പറയുന്നു. എന്നാൽ സിനിമയല്ല റിയാലിറ്റിയെന്നറിഞ്ഞപ്പോൾ കൗതുകം തോന്നിയെന്നും പ്ലസ് ടു സമയത്ത് പഥേർ പാഞ്ചാലി കണ്ടപ്പോഴാണ് സിനിമ മോഹം വന്നതെന്നും രാകേഷ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു രാകേഷ് കൃഷ്ണന്‍.
‘മമ്മൂട്ടിയുടെ ജോണി വാക്കർ എന്ന സിനിമയുണ്ട്. ആ സിനിമ കണ്ട ശേഷം എനിക്ക് വലിയ ഫീലായി. സിനിമയുടെ ക്ലൈമാക്സിൽ പുള്ളി മരിച്ചുപോവുകയാണല്ലോ. അന്ന് നമുക്ക് വലിയ ബോധം ഒന്നുമില്ലല്ലോ. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റിട്ട് ഞാൻ പത്രത്തിൽ നോക്കിയത് മമ്മൂക്കയ്ക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു. എനിക്ക് നല്ല വിഷമമായിരുന്നു.
അപ്പോൾ അമ്മയാണ് പറഞ്ഞത്, ഇത് സിനിമയാണ് റിയാലിറ്റിയല്ലായെന്ന്. അതെനിക്ക് ഒരു കൗതുകമായി തോന്നി. ആ കൗതുകത്തിൽ നിന്നാണ് എന്റെ ഉള്ളിൽ സിനിമ വന്നത്. പിന്നെ പ്ലസ് ടുവൊക്കെ കഴിഞ്ഞ ടൈമിലാണ് ഞാൻ പഥേർ പാഞ്ചാലി കാണുന്നത്. അത് പഠിക്കാനുണ്ടായിരുന്നു ഞങ്ങൾക്ക്. അതിനകത്ത് സിനിമയുടെ ബേസിക്ക് കാര്യങ്ങൾ പറയുന്നുണ്ട്. അവിടെ നിന്നാണ് ശരിക്കും സിനിമയുടെ തുടക്കമെന്ന് പറയാം. അപ്പോഴാണ് ഒരു തിരക്കഥാകൃത്ത് ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്,’രാകേഷ് കൃഷ്ണന്‍ പറയുന്നു.
Content Highlight: Ragesh Krishnan About Jhony Walkar Movie