എ.എ.പി എം.പി രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ന്യൂദല്‍ഹി: ദല്‍ഹി സര്‍വീസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ അഞ്ച് എം.പിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തില്‍ ആം ആദ്മി എം.പി രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പ്രിവിലേജ് കമ്മിറ്റിയുടെ കണ്ടെത്തല്‍ സമര്‍പ്പിക്കുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും.
ഓഗസ്റ്റ് ഏഴിന് നടന്ന പ്രമേയത്തില്‍ തങ്ങളുടെ അനുവാദമില്ലാതെയാണ് ഛദ്ദ ഒപ്പിട്ടതെന്ന് നാല് എം.പിമാര്‍ ആരോപിച്ചിരുന്നു. ബുധനാഴ്ച രാജ്യസഭ ചെയര്‍പേഴ്‌സണ്‍ ജഗദീപ് ധന്‍ഖര്‍ എം.പിമാരുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രിവിലേജ് കമ്മിറ്റിക്ക് അയച്ചിരുന്നു.
പ്രിവിലേജ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സമര്‍പ്പിക്കുന്നത് വരെ രാഘവ് ഛദ്ദയെ സസ്‌പെന്‍ഡ് ചെയ്യാന്‍ പിയൂഷ് ഗോയല്‍ നല്‍കിയ പ്രമേയം ഉപരിസഭ പാസാക്കുകയാരിന്നു.
എം.പിമാരായ സസ്മിത് പത്ര, എസ്. ഫങ്ക്‌നോന്‍ കോണ്‍യാക്, എം. തമ്പിദുരൈ, നര്‍ഹരി എന്നിവരാണ് ഛദ്ദയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ഛദ്ദയെ മനപ്പൂര്‍വം പ്രതിക്കൂട്ടിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് ആം ആദ്മി ആരോപിച്ചു. രാഘവ് ഛദ്ദയ്‌ക്കെതിരെയുള്ള വ്യാജ ഒപ്പ് ആരോപണം ഇല്ലാത്തതും രാഷ്ട്രീയ പ്രേരിതമാണെന്നും എ.എ.പി പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ആരോപണം തള്ളികൊണ്ട് രംഗത്ത് വന്നിരുന്നു. വ്യാജ ഒപ്പിട്ടുവെന്ന് പറയപ്പെടുന്ന പേപ്പര്‍ കാണിക്കുവെന്ന് ബി.ജെ.പിയെ ഛദ്ദ വെല്ലുവിളിച്ചിരുന്നു.
‘റൂള്‍ ബുക്ക് അനുസരിച്ച് ഒപ്പിന്റെ ആവശ്യമില്ല. അതുകൊണ്ട് ഒപ്പിട്ടുവെന്ന് പറയപ്പെടുന്ന പേപ്പര്‍ കാണിക്കാന്‍ ഞാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു. സെലക്ട് കമ്മിറ്റിയിലേക്ക് പേര് നിര്‍ദേശിച്ചിട്ടുള്ള അംഗത്തിന്റെ ഒപ്പോ രേഖാമൂലമുള്ള സമ്മതമോ ആവശ്യമില്ലെന്ന് രാജ്യസഭ റൂളില്‍ പറയുന്നുണ്ട്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
CONTENT HIGHLIGHTS: RAGAV CHADHA SUSPENDED FROM RAJYASABHA