കോഴിക്കോട്: റോഡരികിലെ അവശിഷ്ടങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോഴിക്കോട് ജില്ലയിലെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ സംഘടനയുടെ പിന്‍ബലവും. ഐ.എന്‍.ടി.യു.സിയാണ് റാഗ് പിക്കേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ രൂപീകരണത്തിന് മുന്‍കൈയെടുത്തത്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.
മാലിന്യ കൂമ്പാരത്തില്‍ നിന്ന് ചികഞ്ഞ് കിട്ടുന്ന ലോഹവും കടലാസുമടക്കമുള്ള വസ്തുക്കള്‍ റീസൈക്കിളിംഗിന് എത്തിച്ചുകൊടുക്കുന്നതില്‍ നിന്നു കിട്ടുന്ന കൂലിയാണ് ഇവരുടെ ജീവിതമാര്‍ഗം. അര്‍ഹതപ്പെട്ട വേതനം ഇവര്‍ക്ക് ലഭിക്കാറില്ല. എന്തിനേറെ പറയുന്നു. മനുഷ്യരാണെന്ന പരിഗണന പോലും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. തങ്ങളെ തരംതാഴ്ത്തുന്നു എന്ന തിരിച്ചറിവാണ് ഇവരെ ഇത്തരമൊരു സംഘടന ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്.
തെരുവില്‍ അലയുന്നവര്‍ക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാമെന്ന രാജ്യത്തെ പോലീസിന്റേയും അധികൃതരുടേയും നിലപാടിനെതിരെ പ്രതികരിക്കുകയെന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം. മിക്ക പിടികിട്ടാ കേസുകളും ഇവരുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് പതിവാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതുകൂടാതെ തന്നെ വികസിത രാജ്യങ്ങളിലേതിനു സമാനമായി ഇന്‍സിനേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുകയെന്ന സര്‍ക്കാര്‍ ആശയവും ഇവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
തൊഴിലാളി വിരുദ്ധ നയങ്ങളെ എതിര്‍ക്കുക എന്നത് കൂടി സംഘടന ലക്ഷ്യമാക്കുന്നുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സൗകര്യം, ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങി വിവിധ ആശയങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.