'എന്റെ ജീവിതം എനിക്കുള്ളതാണ്' എന്ന് നഫ്സീന: ആത്മഹത്യയ്ക്ക് കാരണം ദയനീയാവസ്ഥ തുറന്നുകാട്ടിയുള്ള മാധ്യമവാര്‍ത്തകളെന്ന് റിപ്പോര്‍ട്ട്
Kerala
'എന്റെ ജീവിതം എനിക്കുള്ളതാണ്' എന്ന് നഫ്സീന: ആത്മഹത്യയ്ക്ക് കാരണം ദയനീയാവസ്ഥ തുറന്നുകാട്ടിയുള്ള മാധ്യമവാര്‍ത്തകളെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th May 2017, 1:05 pm

കണ്ണൂര്‍: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടി മാലൂരിലെ നാമത്ത് റഫ്‌സീന(17)യുടെ മരണം മാധ്യമങ്ങളില്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ ചിത്രീകരിച്ചതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. പരീക്ഷയില്‍ 1200 ല്‍ 1180 മാര്‍ക്ക് വാങ്ങി വിജയിച്ച റഫ്‌സീനയെ ഇന്നലെയാണ് മാലൂര്‍ നിട്ടാറമ്പിലെ ലക്ഷം വീട് കോളനിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


Also read മകളെ ‘കൊന്നത്’ അവളുടെ പേരിലുള്ള വീടിന് വേണ്ടി; ക്യാന്‍സര്‍ ബാധിച്ച് മരിച്ച 13കാരി സായ് ശ്രീയുടെ അമ്മ പറയുന്നു


തങ്ങളുടെ ഇല്ലായ്മകളെ പുറം ലോകത്തെ അറിയിക്കാതിരുന്ന റഫ്‌സീനയുടെ വീടിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളില്‍ വന്നത്. പ്ലസ് ടു പരീക്ഷയില്‍ ഇല്ലായ്മകളില്‍ നിന്നും മികച്ച വിജയം നേടി വിദ്യാര്‍ത്ഥിയെന്ന് നിലയിലായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ഫോട്ടോയ്‌ക്കൊപ്പം ഒറ്റമുറി വീടിന്റെ ദൃശ്യങ്ങളും വന്നത് കുട്ടിയെ വേദനിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

“എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ” എന്ന് റഫ്‌സീന എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ നിന്ന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെയും കുടുംബത്തിന്റെയും അവസ്ഥ ആരും അറിയരുതെന്ന് കരുതിയ കുട്ടിയെ ഒറ്റമുറി വീടിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമത്തില്‍ വന്നത് വിഷമിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Dont miss ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഫ്രെയിമില്‍ കയറി വന്ന യുവതിയുടെ മാറിടത്തില്‍ പിടിച്ച് തള്ളി ബി.ബി.സി റിപ്പോര്‍ട്ടര്‍; വീഡിയോ 


ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന റഫ്‌സീനയുടെ ഉന്നത വിജയത്തെത്തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ആത്മഹത്യ.

കൂലിത്തൊഴിലാളിയായ റഫ്‌സീനയുടെ ഉമ്മ റഹ്മത്ത് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാലൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അടക്കം ചെയ്തു. അബൂട്ടിയാണ് റഫ്‌സീനയുടെ പിതാവ്. മന്‍സീന മഹറൂഫ് എന്നിവര്‍ സഹോദരങ്ങളാണ്.