കോഴിക്കോട്: മതത്തിനകത്തെ ലിംഗനീതിയെ പ്രശ്‌നവല്‍ക്കരിക്കാനാണ് കിത്താബ് എന്ന നാടകത്തില്‍ ശ്രമം നടത്തിയിട്ടുള്ളതെന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി. സൂഡാപ്പികളും സംഘികളും കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരണ്ടെന്നും റഫീഖ് പറഞ്ഞു.
“കിത്താബ്” ഒരിക്കലും ഇസ്‌ലാം മതത്തെ പ്രാകൃത മതമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താനൊരിക്കലും ഇസ്‌ലാമോഫോബിയ പരത്തുന്നതിനെ അംഗീകരിക്കുന്നില്ലെന്നും എഴുത്തുകാരന്‍ ഉണ്ണി ആറിനെഴുതിയ മറുപടിക്കുറിപ്പില്‍ പറയുന്നു.
“പ്രിയപ്പെട്ട ഉണ്ണി ആര്‍, നമ്മള്‍ തമ്മില്‍ സംസാരിച്ചത് പോലെത്തന്നെ, നമ്മുടെ പേരില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. താങ്കള്‍ പറഞ്ഞതു പോലെ ഈയുള്ളവനും എല്ലാതരം വര്‍ഗ്ഗീയവാദത്തിനും മതമൗലിക വാദത്തിനും എതിരാണ്”. എന്ന ആമുഖത്തോടെയാണ് റഫീഖിന്റെ കുറിപ്പ് തുടങ്ങുന്നത്.
ഇതോടെ വിവാദ നാടകം കിത്താബുമായി ബന്ധപ്പെട്ട കോപ്പി റൈറ്റ് വിവാദം അവസാനിക്കുന്നു എന്ന സൂചന നല്‍കി കൊണ്ടാണ് റഫീഖിന്റെ കുറിപ്പ്. ഉണ്ണി ആറിന്റെ “വാങ്ക്” എന്ന പുസ്തകവും കിത്താബ് എന്ന നാടകവും സംബന്ധിച്ച് നടന്ന കോപ്പീ റൈറ്റ് വിവാദങ്ങള്‍ക്കാണ് ഇതോടെ അന്ത്യമാകുന്നത്. ഇത് സംബന്ധിച്ച് ഇരുവരും ധാരണയിലെത്തിയതായാണ് വിവരം.
Read Also : വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി
നാടകത്തിന്റെ കോപ്പി റൈറ്റുമായി ബന്ധപ്പെട്ട് താങ്കള്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളെ സ്വീകരിക്കുന്നതിനൊപ്പം ചില കാര്യങ്ങളെ സ്‌നേഹപൂര്‍വ്വം നിരാകരിക്കുകയും ചെയ്യുന്നെന്നും താങ്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മറുപടിയാണിതെന്നും റഫീഖ് പറയുന്നു.
“കിത്താബിന്റെ രചനാ പ്രക്രിയകളില്‍ താങ്കളുടെ കഥ വളരെയേറെ പ്രചോദനമായതുകൊണ്ടും താങ്കളുടെ കഥ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതായതു കൊണ്ടും പൊതു സമൂഹം സാഹിത്യചോരണം ആരോപിക്കുമെന്ന പേടിയുള്ളതുകൊണ്ടും അതിനൊക്കെപ്പുറമെ ഒരു എഴുത്തുകാരന്‍ മറ്റൊരു എഴുത്തുകാരന് നല്‌കേണ്ട സാമാന്യ മര്യാദയുടെ ഭാഗവുമായിട്ടുകൂടിയാണ്, താങ്കളുടെ കഥയുടെ സ്വതന്ത്ര ആവിഷ്‌കാരം എന്ന് നാടകാരംഭത്തില്‍ അനൗണ്‍സ് ചെയ്യേണ്ടി വന്നത്” റഫീഖ് വിശദീകരിക്കുന്നു.
ഒരു സ്‌കൂള്‍ നാടകമായത് കൊണ്ടും ഒരു പ്രചോദനം മാത്രമാണ് നാടകത്തിന് “വാങ്കി”ല്‍ നിന്നും കിട്ടിയിരുന്നത് എന്നതു കൊണ്ടും താങ്കളില്‍ നിന്നും അനുവാദം വങ്ങേണ്ടതില്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. അതിനാല്‍ താങ്കളുടെ കഥയുമായി കിത്താബിന് വെറും പ്രചോദനത്തിനപ്പുറം യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കട്ടെ. “വാങ്ക് ” ചലച്ചിത്രമാക്കുന്നവര്‍ക്കോ, മാനസികമോ , സാമ്പത്തികമോ ആയി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു”. റഫീഖ് പറയുന്നു.
“കേരളത്തിന്റെ മതേതര കലാസംസ്‌കാരിക മൂല്യം സംരക്ഷിക്കാന്‍ “കിത്താബ് ” തുടര്‍ന്ന് അവതരിപ്പിച്ചേ മതിയാകൂ എന്നാണ് ഈയുള്ളവന്റെ വിലയിരുത്തല്‍. തുടര്‍ അവതരണങ്ങള്‍ക്ക് താങ്കളുടേയും നിസ്വാര്‍ത്ഥ പിന്‍തുണ പ്രതീക്ഷിക്കുന്നു. “കിത്താബ് ” ആവശ്യപ്പെട്ട എല്ലാ നാടക സംഘങ്ങള്‍ക്കും സംവിധായകര്‍ക്കും പൊതു സമൂഹത്തിനും യാതൊരു വിധ പ്രതിഫലവും വാങ്ങാതെ കോപ്പി റൈറ്റുകളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതെ അവതരിപ്പിക്കാനുള്ള അനുമതിയും ഇതിനൊപ്പം നല്‍കുന്നു എന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ” റഫീഖ് കൂട്ടിച്ചേര്‍ത്തു.