| Sunday, 15th April 2018, 3:27 pm

അനീസിന്റെ ദേശീയ അവാര്‍ഡ് രാഷ്ട്രീയ സിനിമാ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം

റഫീഖ് ഇബ്രാഹീം

കഥേതര വിഭാഗത്തില്‍ മികച്ച ആന്ത്രോപോളജി ചിത്രമായി “ദ സ്ലേവ് ജെനെസിസ് ” തിരഞ്ഞെടുക്കപ്പെട്ടു. ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണിത്. ഫറൂഖ് കോളജിലെ ബിരുദപഠനത്തിന് ശേഷം, ടി.എ.റസാക്കിന്റെ സഹായിയെന്ന അന്തരാള ഘട്ടവും കഴിഞ്ഞ് കല്‍പ്പറ്റയിലെത്തിയ അനീസ് മുഹമ്മദ് ഇന്ന് ദേശീയ അവാര്‍ഡ് ജേതാവായ അനീസ് മാപ്പിളയായി മാറുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വിട്ടു വീഴ്ച്ചയില്ലാത്ത പഠനപ്രവര്‍ത്തനങ്ങളാണതിന്റെ മൂലധനമെന്നത് ഉറപ്പുണ്ട്.

ഏതെങ്കിലും തരത്തില്‍ തന്റെ ആവിഷ്‌കാരമാധ്യമത്തില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിരുന്നെങ്കില്‍ അനീസ് മുഹമ്മദെന്ന പേര് ഈ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പേ നമുക്കിടയിലുറപ്പിക്കപ്പെട്ടേനേ. ഒട്ടുമിക്ക അഭ്യുദയാകാംക്ഷികളും ” ഡേയ് നീയൊന്ന് ഇന്‍ഡസ്ട്രിയില്‍ കാലുറപ്പിക്ക് എന്നിട്ട് പൊളിറ്റിക്‌സ് പറഞ്ഞാല്‍ പോരേ… ” യെന്ന് കഴിയും വിധമുപദേശിച്ചിട്ടും ഒരു വിട്ടു വീഴ്ച്ചയ്ക്കും അവന്‍ തയ്യാറായിരുന്നില്ല.

തൊഴില്‍ രഹിതനായ ഒരു മധ്യവര്‍ഗയുവാവിന്റെ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അയാള്‍ വെള്ളി വെളിച്ചങ്ങളെ അവഗണിച്ചു. ഇന്നത്തെ ഏത് യുവ സംവിധായകരില്‍ നിന്നും ഒട്ടും താഴെയല്ലാതെ സിനിമ പിടിക്കാന്‍ ശേഷിയുണ്ടായിട്ടും നിര്‍മ്മമമായ ചിരിയോടെ തന്റെ ഇരുചക്രവാഹനവുമായയാള്‍ വയനാട്ടിലെ ആദിവാസിക്കോളനികളില്‍ കയറിയിറങ്ങി. അയാള്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റു ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചായിരുന്നു. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും താന്‍ പറയേണ്ടതിന്റെ രാഷ്ട്രീയത്തെ മുറുകെപ്പിടിച്ച ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കുമുള്ള അംഗീകാരമാണ് ഇപ്പോള്‍ തേടി വന്നത്.

അനീസുമായുള്ള വ്യക്തിപരമായ ഓര്‍മ്മകളാരംഭിക്കുന്നത് എട്ടു വര്‍ഷം മുമ്പാണ്. മിയാകുല്‍പ്പ എന്ന പേരില്‍ ഫറൂഖിലെ വിദ്യാര്‍ത്ഥിയായിരിക്കെ ശ്രദ്ധേയമായ ഒരു ഷോര്‍ട്ട് ഫിലിം അവന്റേതായി വന്നിരുന്നു. കല്‍പ്പറ്റ നഗരത്തിലെ ഒരു സായാഹ്ന സൗഹൃദ സംഘത്തില്‍ മിയാകുല്‍പ്പയുടെ ഗ്ലാമറുമായാണ് അനീസെത്തുന്നത്.

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അലഞ്ഞു നടന്നിരുന്ന അക്കാലത്ത് ഞങ്ങള്‍ കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റി എന്ന പേരിലൊരു സിനിമാ സൗഹൃദ സംഘം രൂപീകരിക്കുന്നു. കല്‍പ്പറ്റ എമിലിയിലെ രണ്ട് മുറി ക്വാര്‍ട്ടേഴ്‌സില്‍ മുഖത്തോട് മുഖം നോക്കിയിരിക്കെ, ഇവിടെയുണ്ടായിരുന്നു നാമെന്നതിന്‍ സാക്ഷ്യമായ് അടയിരുന്നതിന്‍ ചൂടെങ്കിലും ബാക്കി വെക്കണ്ടേ എന്ന ചര്‍ച്ചക്കൊടുവില്‍ അനീസാണ് ചലച്ചിത്ര മേള എന്നൊരാശയം ഉയര്‍ത്തിയത്. കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റി എന്ന് പേരിട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയ ഫിലിം ക്ലബ്ബിന്റെ ആദ്യ ഫെസ്റ്റിവല്‍ ഒരാഴ്ച്ച കൊണ്ട് ഞങ്ങള്‍ അരങ്ങത്ത് കേറ്റി. മുറിയിലെ ടി.വി യെ വെള്ളിത്തിരയാക്കിയായിരുന്നു രണ്ടു നാള്‍ നീണ്ട ആദ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.

ഒറ്റ കണ്ടീഷന്‍ മാത്രം. കാണാന്‍ ഒരാള്‍ പോലുമില്ലെങ്കിലും കൃത്യസമയത്ത് സ്‌ക്രീനിംഗ് നടന്നിരിക്കണം. ടോം ടൈക്വറുടെ റണ്‍ ലോല റണ്‍ മുതല്‍ ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ വരെയുള്ള ഒരവിയല്‍ കളക്ഷന്‍. സ്‌ക്രീനിംഗ് ഷെഡ്യൂള്‍, സിനോപ്‌സിസ് ബുക്ക് വരെ തയ്യാറാക്കി ഫെസ്റ്റിവലാരംഭിച്ചു. സകല പ്രതീക്ഷകളും തകിടം തെറ്റിച്ചു കൊണ്ട് ഞങ്ങളുടെ കൊച്ചുമുറിയില്‍ ഇരിക്കാന്‍ കഴിയാത്തത്രയും ആളെത്തി. വാടകക്കെടുത്ത കസേര തികയാതെയായി. അമ്മ അറിയാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൗസ് ഫുള്ളായി.അവിടുന്നിങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ കെ.എഫ്.എഫിന്റെ ചലച്ചിത്ര മേളകള്‍ ജില്ലാ ലൈബ്രറി ഹോളില്‍ അരങ്ങേറിപ്പോന്നു. ഒരു സൗഹൃദസംഘമെന്ന നിലയില്‍ രൂപം കൊണ്ട് കെ.എഫ്.എഫിന്റെ ബാനറിലാണ് അനീസ് സ്‌ളേവ് ജെനിസിസ് നിര്‍മ്മിച്ചത്.

അനീസിനെ സിനിമാക്കാരന്‍ എന്നതിനെക്കാള്‍ സിനിമാ കാണി എന്ന നിലയിലാണ് പ്രാഥമികമായി പരിചയപ്പെട്ടതും പരിചയപ്പെടുത്തേണ്ടതും. സത്യജിത് റായിക്കപ്പുറത്തേക്ക് പോകാത്ത ഞങ്ങളുടെ സിനിമാ ധാരണകളിലേക്ക് ഫ്രഞ്ച് ന്യൂവേവിനെ കൊണ്ടു വന്നത് അനീസാണ്. മാസ്റ്റഴ്‌സിനെ ഒട്ടു മിക്കവാറും അയാള്‍ കണ്ടു തീര്‍ത്തിട്ടുണ്ട്. അവരുടെ ആഘോഷിക്കപ്പെടുന്ന വര്‍ക്കുകള്‍ക്കപ്പുറത്ത് ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാല്‍ പൊളിറ്റിക്കലായ വര്‍ക്കുകള്‍ അവന്‍ തപ്പിക്കൊണ്ടു വന്നു.

ചാപ്ലിന്‍ കെ.എഫ്.എഫില്‍ പരിചയപ്പെടുത്തപ്പെട്ടത് A King in New York ലൂടെയും അരവിന്ദന്‍ എസ്തപ്പാനിലൂടെയുമായിരുന്നു. കെ.എഫ്.എഫിന്റെ ആദ്യ ചലച്ചിത്രമേളയില്‍ തന്നെ ഗൊദാര്‍ദിന്റെ Breathless ഉള്‍പ്പെടുത്തപ്പെട്ടിരുന്നു എന്നത് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതമാണ്. പലപ്പോഴും അനീസിന്റെ കടും പിടുത്തങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പുകള്‍ക്ക് പുറകില്‍. റായുടെ അപുത്രയങ്ങള്‍ക്കൊന്നിനായി ഞങ്ങള്‍ വാശി പിടിക്കെ, Satranj Ke Khilari ക്കായി അവന്‍ നിലയുറപ്പിച്ചു പോന്നു. ഞങ്ങളൊക്കെ റായിയെ കണ്ടത് റായിയെ കണ്ടവരാവാന്‍ വേണ്ടിയായിരുന്നപ്പോള്‍ അനീസ് റായിയെ കണ്ടത് റായിയെ പഠിക്കാന്‍ വേണ്ടിയാണ് എന്നിപ്പോള്‍ തോന്നു.

കാണി എന്ന നിലയില്‍ പോലും അയാള്‍ പുലര്‍ത്തുന്ന ചില അടിസ്ഥാന അച്ചടക്കങ്ങളുണ്ട്. അങ്ങയേറ്റം ധ്യാനാത്മകമായില്ലെങ്കില്‍, സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്ഷുഭിതനാവുന്ന അനീസെന്ന ഒരു സിനിമാ കാണി കൂടിയുണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍. വ്യക്തി ജീവിതത്തില്‍ ക്രമങ്ങള്‍ ഭേദിക്കല്‍ നിരന്തരം ചെയ്യുന്ന അവന്‍ സിനിമാ പ്രവര്‍ത്തനങ്ങളെ കടുത്ത ചട്ടക്കൂടിനുള്ളില്‍ നിന്നാണ് എന്നും ആവിഷ്‌കരിക്കുക.

അവനൊപ്പം സിനിമ കാണുകയെന്നത് തന്നെ പിടിപ്പുള്ള പണിയാണ്. തിയേറ്ററിലായാലും ഫെസ്റ്റിവലിലായാലും സിനിമയെ ധൈഷണികമായല്ലാതെ കാണുന്നതിനോട് അയാള്‍ എന്നുമിടഞ്ഞു. ഉപരിപ്ലവമായ, പാതിയില്‍ മുറിയുന്ന, ഇതര വ്യവഹാരങ്ങളിലേക്ക് തിരിയുന്ന എല്ലാ കാഴ്ച്ചാ സന്ദര്‍ഭങ്ങളിലും കൂടെയുള്ളവര്‍ അവന്റെ ക്ഷോഭത്തിന് പാത്രമായി. ഈ അച്ചടക്കമാണ് പക്ഷേ അനീസെന്ന സിനിമാക്കാരന്റെ മൗലികത എന്ന് തോന്നുന്നു.അയാളെവിടെയും കോംപ്രമൈസുകള്‍ക്ക് തയ്യാറല്ല.

വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമുണ്ട് ഇപ്പോഴത്തെ അവാര്‍ഡ് നേട്ടത്തില്‍. കുറഞ്ഞത് കഴിഞ്ഞ നാല് വര്‍ഷമെങ്കിലുമായി അവന്‍ തന്റെ 60D യുമായി വയനാട്ടിലെ പണിയര്‍ക്കിടയിലാണ്. ഉറപ്പിച്ചു പറയാന്‍ പറ്റും പണിയരുമായി ബന്ധപ്പെട്ടു വന്ന മുഴുവന്‍ ഡോക്യുമെന്റുകളിലൂടെയും അനീസ് കടന്നു പോയിട്ടുണ്ടാവുമെന്ന്.

സോമശേഖരന്‍ നായരുടെ “പണിയര്‍” എന്ന പുസ്തകം തപ്പി അവന്‍ നടന്ന കാലം അഞ്ചു വര്‍ഷം മുന്‍പാണ്. അവിടിന്നിങ്ങോട്ട് പല ഡിസിപ്ലിനുകളിലുമായി വന്നിട്ടുള്ള പണിയവിജ്ഞാനീയം അനീസ് കടന്ന് പോന്നിട്ടുണ്ട്. അതിസൂക്ഷ്മവാനായ ഒരു ഗവേഷകന്റെ നിരീക്ഷണ ബുദ്ധി അയാളിലുണ്ട്. റിവ്യു ഓഫ് ലിറ്ററേച്ചറില്‍ നിന്ന് തന്നെയാണ് അയാളിലെ വര്‍ക് ആരംഭിക്കുന്നത്. അതിനാല്‍ തന്നെ അനീസിനെ ധൈഷണിക സിനിമാപ്രവര്‍ത്തകന്‍ എന്ന് വിളിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. അത് പക്ഷേ ഒട്ടുമേ പ്രിട്ടന്‍ഷ്യസല്ല. പഠിക്കാതെ, അടിസ്ഥാന ധാരണകള്‍ രൂപപ്പെടുത്താതെ സിനിമയില്‍ അനീസൊന്നും പറയാറില്ല. സിനിമയിലൂടെയല്ലാതെ അയാള്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് കൊണ്ട് തന്നെ അനീസിന്റെ വര്‍ക് കാണുക എന്നത് കുറഞ്ഞ പക്ഷം ഒരു റിസര്‍ച്ച് തീസിസ് വായിക്കുന്നത്രയും ആന്തരിക അച്ചടക്കവും ധ്യാനാത്മകതയും അധിക വായനയും ആവശ്യമുള്ള സംഗതിയാണ് താനും.

ഹൈബ്രിഡ് ആര്‍ട്ടെന്നോ, കൂട്ടായ്മയുടെ കലയെന്നോ ഉള്ള സിനിമാ സങ്കല്‍പ്പങ്ങള്‍ അനീസില്‍ ചേരുന്നില്ല. ഫ്രഞ്ച് ന്യൂവേവിന്റെ കടുത്ത ആരാധകനായി ഗൊദാര്‍ദിനെയും ത്രൂഫോയെയും ഫെല്ലിനിയെയും കുറിച്ച് രാപ്പുലരുവോളം ക്ലാസ് എടുത്തു തന്ന അനീസുണ്ട് കല്‍പ്പറ്റ എമിലിയിലെ ഞങ്ങളുടെ സങ്കേതത്തില്‍. ഫ്രഞ്ച് ന്യൂ വേവിനോടോ മാസ്റ്റേഴ്‌സിനോടോ ഉള്ള ഈ അത്യാരാധന അനീസിന്റെ സിനിമാ സങ്കല്‍പ്പനങ്ങളില്‍ രൂപപ്പെട്ടു വന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. സംവിധായകന്റെ കലയാണ് അയാള്‍ക്ക് സിനിമ. ഉപസംസ്‌കാരങ്ങളെ, ഉപഘടകങ്ങളെ ഓഥര്‍ഷിപ്പിന് ഭംഗം സംഭവിക്കാത്ത മട്ടില്‍ മാത്രമേ അയാള്‍ സ്വീകരിക്കാറുള്ളൂ. ചാരുലതയ്ക്ക് സത്യജിത് റായ് മ്യൂസിക് ചെയ്തത് എത്ര നന്നായെന്ന് അയാള്‍ വാദിച്ചു കൊണ്ടേയിരുന്നത് അത് കൊണ്ടാവണം.

സംവിധായകന്റെ ദാര്‍ശനിക പ്രവൃത്തിയായി, ധൈഷണിക വൃത്തിയായി, അച്ചടക്കത്തില്‍ വിട്ടു വീഴ്ച്ചപാടില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമായി എന്നാല്‍ ഫ്രെയിം സെറ്റിംഗ്‌സിലും ലൈറ്റിംഗിലും പുലര്‍ത്തുന്ന ഭാവന കൊണ്ട് ദൃശ്യഭാഷയെ കലാത്മകമാകാന്‍ കഴിയുന്ന ഒരു ജ്ഞാന വ്യവഹാരമായി സിനിമയെ കണക്കാക്കുന്ന അനീസ് സ്വാഭാവികമായി എത്തിപ്പെട്ട ഫോമായിരുന്നു ഡോക്യുമെന്ററി.

തന്റെ മോഡ് ഓഫ് ആര്‍ട്ടിക്കുലേഷന്‍ ഏതാണെന്ന് തിരിച്ചറിഞ്ഞ ഘട്ടമാണ് അയാളിലെ സിനിമാക്കാരന്‍ വിജയിച്ചത്. ആദ്യകാലത്ത് കഥാചിത്രങ്ങള്‍ ചിലതയാള്‍ ചെയ്തുവെങ്കിലും അവയൊന്നും ആത്മതൃപ്തി നല്‍കാതെ പോയത് ഇത് കൊണ്ട് കൂടിയാവണം. ഡോക്യുമെന്ററിയിലേക്ക് തിരിഞ്ഞ ഘട്ടത്തില്‍ സുഹൃത്തുക്കളെല്ലാവരും അത്ഭുതപ്പെട്ടിരുന്നു. മലയാളത്തില്‍ ഒട്ടും ഗ്ലാമറസല്ലാത്ത, എടുക്കുന്ന പണിക്ക് തതുല്യമായ അംഗീകാരം കിട്ടാന്‍ സാധ്യത വളരെക്കുറഞ്ഞ ഒന്നിലേക്ക്, മറു സാധ്യതകളെയെല്ലാം തളളിമാറ്റി അയാള്‍ തിരിഞ്ഞപ്പോള്‍ ഇവനിതെന്താണീ ചെയ്യുന്നതെന്ന് ഞങ്ങളെല്ലാം ചെടിച്ചു. പക്ഷേ ഇപ്പോഴുറപ്പാണ് അനീസ് കെ. മാപ്പിള ഒരു ഡോക്യുമെന്ററി മേക്കറാണ്. അയാള്‍ക്ക് പറയേണ്ട രാഷ്ട്രീയം ആ രൂപത്തിലൂടെയെ പറയുക സാധ്യമാവൂ.

എന്നെങ്കിലും അനീസൊരു ഫീച്ചര്‍ ഫിലിം ചെയ്യുമോ എന്നെനിക്കറിഞ്ഞൂടാ.സാധ്യത കുറവാണെന്നാണ് ഇത്ര നാളിലെ ആത്മബന്ധം കൊണ്ടെത്തുന്ന നിഗമനം. പക്ഷേ അയാളിനിയും ചില എണ്ണം പറഞ്ഞ ഡോക്യുമെന്ററികള്‍ ചെയ്യും.അതാവട്ടെ മലയാളത്തില്‍ സ്വതവേ ശുഷ്‌കമായ ഒരു ദൃശ്യപരിചരണ മേഖലയിലെ വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യും.

പ്രിയപ്പെട്ട ചെങ്ങാതി, മണി കൗളിനെക്കുറിച്ച്, ജി.അരവിന്ദനെക്കുറിച്ച്, സത്യജിത് റായിയെക്കുറിച്ച്, ഇംഗ്മര്‍ ബര്‍ഗ്മാനെക്കുറിച്ച് എത്രയോ വട്ടം നീയാവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള “മീഡിയത്തില്‍ അവര്‍ പുലര്‍ത്തുന്ന സത്യസന്ധത” എന്ന ഗുണം തന്നെയാണ് നിന്റെയും മുതല്‍ക്കൂട്ട്. അത് കൈമോശം വന്നു കൂടാ എന്നുറപ്പിക്കുന്ന കാലം വരെ നിന്നെത്തേടി അംഗീകാരങ്ങള്‍ ഇനിയും വന്ന് കൊണ്ടേയിരിക്കും.

നിന്നെച്ചൊല്ലി ഞങ്ങള്‍ കെ.എഫ്.എഫിലെ അംഗങ്ങള്‍ അഭിമാനം കൊള്ളുന്നു….!

റഫീഖ് ഇബ്രാഹീം

എഴുത്തുകാരന്‍, പി.എസ്.എം.ഒ കോളജിലെ മലയാളം അധ്യാപകന്‍

We use cookies to give you the best possible experience. Learn more