| Friday, 15th February 2019, 2:55 pm

പരിഹാസങ്ങളും വാഴ്ത്തലുകളുമല്ല കാശ്മീര്‍ അര്‍ഹിക്കുന്നത്

റഫീഖ് ഇബ്രാഹീം

കൊല്ലപ്പെട്ട നാല്പത്തിനാലോളം ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍

ഏത് തൊഴിലും പോലൊരു തൊഴിലല്ല ആര്‍മി. ആ നിലയില്‍ സാമാന്യവത്കരിക്കുന്നത് ഗുണകരമല്ല. വിഗ്രഹവത്കരണത്തിന് സമാനം തന്നെയാണ് തുച്ഛവത്കരണവും. മറുപാതി കൊണ്ടുള്ള വെട്ട് പരസ്പരം വളരാന്‍ മാത്രമാണ് സഹായിക്കുക.

ആര്‍മിയിലെ തൊഴിലവസരം ഒരു വലിയ റിസ്‌കിനെ ആവശ്യപ്പെടുന്നുണ്ട്. ഈ റിസ്‌കിന് സമാനാനുപാതത്തില്‍ ബെനിഫിഷ്യറി നല്കുക എന്നതാണ് തൊഴില്‍ ദാതാവ് അവിടെ പുലര്‍ത്തേണ്ട നീതി. അതുകൊണ്ട് തന്നെ ജവാന്മാരുടെ കൊലപാതകം പ്രാഥമികമായി ഭരണകൂടത്തോടുള്ള രാഷ്ട്രീയ ചോദ്യമുയരേണ്ട സന്ദര്‍ഭം തന്നെയാണ്. ഇന്റലിജന്‍സ് പരാജയങ്ങള്‍ തൊട്ട് പുകള്‍പെറ്റതെന്ന് നടിക്കുന്ന ചാരസംവിധാനങ്ങള്‍ കാശിക്ക് പോയതു വരെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴോ ഭരണകൂടം പ്രതിസന്ധി നേരിടുമ്പോഴോ അതിര്‍ത്തി പുകയുക എന്നത് ദേശരാഷ്ട്ര സംവിധാനത്തിന്റെ സാമാന്യസ്വഭാവമാണ്. വ്യക്തമായ തെളിവുകളില്ലാതെ ഗൂഢാലോചനകള്‍ ആരോപിക്കുന്നത് ഹീനമായി തോന്നാമെങ്കിലും ടെറിട്ടോറിയല്‍ നാഷണലിസത്തിന്റെ അലിഖിത നിയമപ്രകാരം ഭരണ പ്രതിസന്ധിയും സൈനിക നീക്കവും തമ്മിലൊരു ബന്ധമുണ്ട് എന്നത് ഓര്‍ക്കുക തന്നെ വേണം.

Also read:തെക്കന്‍ കേരളത്തില്‍ നടന്ന നാല് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും ബി.ജെ.പിക്ക് രണ്ടാം സ്ഥാനം

അതിരിക്കെത്തന്നെ, അപകടകരമായ ഏത് തൊഴിലിടത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള ഒന്ന് മാത്രമാണെന്ന് ജവാന്മാരുടെ കൊലയെ കണ്ടുകൂടാ. നടന്നത് ഭീകരവാദികളുടെ ആക്രമണമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാശ്മീര്‍ ശാന്തമാക്കാന്‍ എന്തു ചെയ്യാമെന്നത് നമ്മുടെ ചര്‍ച്ചാ കേന്ദ്രമാവേണ്ടതുണ്ടെങ്കിലും മതതീവ്രവാദത്തോട് സന്ധിയില്ലാത്ത നിലപാട് അടിയന്തരമായി സ്വീകരിക്കുക തന്നെ ചെയ്‌തേ പറ്റൂ. തിരിച്ചു കൊന്ന് അഭിമാനം സംരക്ഷിക്കുക എന്നതല്ല. കൊല കൊണ്ട് തീരാവുന്ന പ്രശ്‌നമായി കാശ്മീരോ മറ്റേതെങ്കിലും അതിര്‍ത്തി പ്രശ്‌നമോ നില്‍ക്കുന്നില്ല. ജയ്‌ഷെ എ മുഹമ്മദായാലും കാശ്മീരില്‍ ഛിദ്രത പ്രവര്‍ത്തിക്കുന്ന മറ്റേത് ശക്തിയായാലും അവര്‍ക്കെതിരെ / സുരക്ഷിത താവളമൊരുക്കുന്നവര്‍ക്കെതിരെ അന്തര്‍ദ്ദേശീയ തലത്തില്‍ സമ്മര്‍ദ്ദമുയര്‍ത്താനും കഴിയുമെങ്കില്‍ പ്രതിരോധമുയര്‍ത്തലുമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ ഇടപെടല്‍.

രാഷ്ട്രീയ പ്രശ്‌നം രാഷ്ട്രീയമായിത്തന്നെ പരിഹരിക്കണം. പോലീസോ പട്ടാളമോ പ്രവര്‍ത്തിക്കുന്നത് സ്ഥാപനവത്കരിക്കപ്പെട്ട സംവിധാനങ്ങള്‍ക്കകത്താണ്. എഴുതപ്പെട്ട പ്രവര്‍ത്തന രീതിയില്‍ മറുപക്ഷമില്ല. രാഷ്ട്രീയം അടിസ്ഥാനപരമായി മറുപക്ഷത്തെക്കൂടി അഭിസംബോധന ചെയ്യുന്നതാണ്. രാഷ്ട്രീയ പരിഹാരത്തെക്കുറിച്ച് ചര്‍ച്ചകളുയര്‍ത്തുക എന്നതാവും കൊല്ലാനുള്ള ആര്‍ത്തട്ടഹാസത്തിനും കൊലചെയ്യപ്പെട്ടവരെ സാമാന്യ വത്കരിക്കുന്നതില്‍ നിന്നും ഭിന്നമായി ഉയര്‍ന്നുവരേണ്ട, ബോധമുള്ള പൗരസമൂഹത്തിന്റെ പ്രതിരോധാവശ്യം. ഒരു ന്യൂനപക്ഷമെങ്കിലും ആ നിലയില്‍ സംസാരിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചു.

ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ധീരതയും വിലപേശല്‍ ശേഷിയും പ്രകടമാവേണ്ടത് അന്തര്‍ദ്ദേശീയ തലത്തിലുയര്‍ത്തുന്ന രാഷ്ടീയ സമ്മര്‍ദ്ദത്തിലാണ്. അവിടെ മാത്രമാണ്.

റഫീഖ് ഇബ്രാഹീം

എഴുത്തുകാരന്‍, പി.എസ്.എം.ഒ കോളജിലെ മലയാളം അധ്യാപകന്‍

We use cookies to give you the best possible experience. Learn more