ബല്‍റാം നുണകളുടെ ട്രാക്ക് റെക്കോര്‍ഡില്‍ 'കൊലയാളി' പിണറായി വിജയനുള്ള സ്ഥാനം
Kerala Politics
ബല്‍റാം നുണകളുടെ ട്രാക്ക് റെക്കോര്‍ഡില്‍ 'കൊലയാളി' പിണറായി വിജയനുള്ള സ്ഥാനം
റഫീഖ് ഇബ്രാഹീം
Wednesday, 27th February 2019, 1:52 pm

.” Is Kerala Chief Minister Pinarayi Vijayan a murderer? Witnesses who saw the murder of Vadikkal Ramakrishnan on April 28, 1969, in Kannur district of Kerala say that Pinarayi Vijayan was the person who murdered Ramakrishnan, an RSS activist. “I saw Pinarayi Vijayan murdering Ramakrishnan with an axe,”.”

*.”കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തില്‍, വാടിക്കല്‍ രാമകൃഷ്ണനെന്ന് പറയുന്ന ഒരു തയ്യല്‍ തൊഴിലാളിയെ മഴു കൊണ്ട് തലക്ക് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിട്ടുള്ള ” ഒരുത്തന്‍” കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമില്ല”.

രണ്ടാമത്തെ പ്രസ്താവന, അതിന് മുകളിലെഴുതിയതിന്റെ മലയാളീകരണമാണെന്ന് സാമാന്യ നിലയിലൊരാള്‍ക്ക് തോന്നാം. പക്ഷേ, പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത രണ്ട് സന്ദര്‍ഭങ്ങളിലെ വ്യത്യസ്തമായ രണ്ടു വ്യവഹാരങ്ങളിലെ പ്രസ്താവനകളാണിത്. ആദ്യത്തേത് പി. ഗുരൂസ് ന്യൂസ് വെബ്‌സൈറ്റില്‍ 2017 ഒക്ടോബറില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ നിന്നുള്ളതാണ്. രണ്ടാമത്തേത് പെരിയ
ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പാലക്കാട് എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള വി.ടി.ബല്‍റാം എം.എല്‍.എ യുടെ പ്രസംഗത്തില്‍ നിന്നുള്ളതും.

വി.ടി.ബല്‍റാമിലേക്ക് കടക്കുന്നതിന് മുമ്പ് നമുക്ക് പി ഗുരൂസിലെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലമൊന്ന് പരിശോധിക്കാം. താഴെ എടുത്തെഴുതുന്നത് മാര്‍ക്‌സിസ്റ്റുകളാല്‍ നിശിതമായി വിമര്‍ശിക്കപ്പെട്ട എന്‍.പി.ഉല്ലേഖിന്റെ Kannur: Inside Indias bloodiest revenge politics ല്‍ നിന്നുള്ള വരികളാണ്.

വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ ദൃക്‌സാക്ഷികളെന്ന് കരുതുന്ന ഉമേഷ്, ബാലകൃഷ്ണന്‍ എന്നിവരെ ഉദ്ധരിച്ച് 2016 ഒക്ടോബര്‍ 13 ന് ജനം ടി.വി. ഒരു റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്തിരുന്നു. അവരിലൊരാള്‍ പറയുന്നതനുസരിച്ച്, രാമകൃഷ്ണന്‍ ഗോട്ടി കളിച്ചു കൊണ്ടിരുന്നപ്പോള്‍, പിക്കാസുകളും വടികളുമേന്തിയ ഒരു സംഘമാളുകള്‍ വരുന്നത് കണ്ടുവെന്നും കുടലുകളും ആന്തരികാവയവങ്ങളും പുറത്തു വന്ന നിലയില്‍ രാമകൃഷ്ണനെ, ജോണി എന്നു പേരുള്ള ഒരാളുടെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്നുമാണ്.

അന്ന് കൗമാരക്കാരനായ രണ്ടാമത്തെ സാക്ഷിയുടെ മൊഴി ഇപ്രകാരമായിരുന്നു. രാമകൃഷ്ണനെ പിക്കാസു കൊണ്ട് ആക്രമിച്ച സംഘത്തില്‍ പിണറായി വിജയനെയും അയാള്‍ കണ്ടിരുന്നുവത്രേ. എന്നാല്‍, അയാള്‍ക്ക് ആകമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാമത്തെ സാക്ഷിക്ക്, പിണറായി തന്നെയാണ് രാമകൃഷ്ണനെ കൊന്നതെന്ന് ഉറപ്പുമില്ല. പക്ഷേ ജനം ടി.വി.യിലെ റിപ്പോര്‍ട്ടര്‍ രാമകൃഷ്ണനെ കൊന്നത് പിണറായി ആണെന്ന് പ്രഖ്യാപിച്ചു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സി.പി.ഐ.എം സര്‍ക്കാര്‍, സാക്ഷികളെ സ്വാധീനിച്ച് അന്ന് ഇരുപത്തി മൂന്നുകാരനും സി.പി.ഐ.എമ്മിന്റെ യുവജന വിഭാഗം നേതാവുമായിരുന്ന പിണറായി വിജയനെ രക്ഷപ്പെടുത്തി ഈ കേസ് അട്ടിമറിച്ചതാണെന്നും റിപ്പോര്‍ട്ടര്‍ ഉപസംഹരിച്ചു.

2017ല്‍ പി. ഗുരൂസ് വെബ്‌സൈറ്റ് ആ വാര്‍ത്ത ഏറ്റെടുത്തതോടെ അത് വൈറലായി. ബി.ജെ.പിയും ആര്‍.എസ്.എസും മുഖ്യമന്ത്രിയുടെ പേര് കൊലപാതകവുമായി ബന്ധിപ്പിച്ചെങ്കിലും കേസ് പുരന്വേഷിക്കാന്‍ ഇതുവരെയും പരാതി കൊടുത്തില്ല……” (29: 2018)

ഉല്ലേഖ് ചൂണ്ടിക്കാണിച്ച വാര്‍ത്താ റിപ്പോര്‍ട്ടില്‍ നിന്നാണ് ഒന്നാമത്തെ പ്രസ്താവന എടുത്തു ചേര്‍ത്തത്. ജനം ടി.വി.യെ ഉദ്ധരിച്ച് കൊണ്ടാണ് തങ്ങളീ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗുരൂസ് തുടക്കത്തിലേ വ്യക്തമാക്കുന്നുണ്ട്. ജനം ടി.വി.യില്‍ വന്ന വിഷ്വല്‍ റിപ്പോര്‍ട്ടാവട്ടെ വൈരുദ്ധ്യം നിറഞ്ഞതും.

സാക്ഷികളെന്നവകാശപ്പെടുന്ന രണ്ടുപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. പിണറായി വിജയനാണ് കൊലപാതകി എന്ന് സൂചിപ്പിക്കുന്നത് അക്കാലത്ത് കൗമാരക്കാരനായ സാക്ഷിയാണ് താനും. അത്തരമൊരു നിഗമനം/ തീര്‍പ്പിലെത്തുന്നത് ജനം ടി.വി.യുടെ റിപ്പോര്‍ട്ടര്‍ ആണ്. ജനം ടി.വി.നിര്‍മ്മിച്ചെടുത്ത ഒരു പ്രൊപഗാണ്ട റിപ്പോര്‍ട്ടാണിത് എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.

ഇനി മേല്പറഞ്ഞ കൊലപാതകത്തില്‍ പിണറായി വിജയന്റെ പങ്കിനെ സംബന്ധിച്ച് അക്കാലത്തു തന്നെ വന്ന ചര്‍ച്ചകളുടെ സ്വഭാവമെന്തെന്ന് നോക്കാം.” ആര്‍.എസ്.എസ് അനുകൂലിയായ ഒരു വ്യക്തി പൊലീസിനു കൊടുത്ത പരാതിയായതിനാലാണ് തന്റെ പേര് കുറ്റാരോപിതരില്‍ ആദ്യം വരാന്‍ ഇടയായത് ” എന്ന പിണറായിയുടെ ഭാഷ്യത്തെ മുഖവിലയ്ക്ക് എടുക്കാതിരുന്നാല്‍ പോലും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് സ്റ്റേഷനിലും പിണറായിക്ക് ഒരു മണിക്കൂര്‍ പോലും റിമാന്‍ഡില്‍ ഇരിക്കേണ്ടി വന്നിട്ടില്ല, വധത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന ആരോപണം കോടതി തള്ളിക്കളഞ്ഞതാണ്, എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ മുമ്പിലുണ്ട്.

രാമകൃഷ്ണന്റെ വധത്തെ തുടര്‍ന്നു വന്ന മാതൃഭൂമിയുടേതടക്കമുള്ള പത്ര റിപ്പോര്‍ട്ടുകളില്‍, ആക്രമണം കരുതിക്കൂട്ടിയായിരുന്നില്ല എന്ന് തന്നെയാണ് എഴുതിയിട്ടുമുള്ളത് (27: ibid).

പ്രത്യേകിച്ച് യാതൊരു തെളിവുകളുമില്ലാതെ ഈ ആരോപണം 2016 ല്‍ വീണ്ടുമുയര്‍ത്തിക്കൊണ്ടു വന്നതിന് പുറകിലെ സംഘപരിവാറിന്റെ ലക്ഷ്യങ്ങള്‍ ഇതാണ്.

1. ദേശീയ തലത്തില്‍ ആസൂത്രണം ചെയ്യുന്ന ഹേറ്റ് കേരളാ കാമ്പയിന് ഏറ്റവും നല്ല ആയുധമായിരുന്നു വാടിക്കല്‍ വധം. സംസ്ഥാന മുഖ്യമന്ത്രി തന്നെ പങ്കാളിയായതാണ് ആദ്യ രാഷ്ട്രീയ കൊലപാതകമെന്ന മിത്ത് നിര്‍മ്മിതി, കേരളത്തില്‍ ചുവപ്പന്‍ ഭീകരതയെന്ന നരേറ്റീവിന് പകരുന്ന ശക്തി ചെറുതല്ല.

2. സി.പി.ഐ.എം, ആര്‍.എസ്.എസ് സംഘര്‍ഷത്തിലെ ആദ്യ ഇര സംഘ പ്രവര്‍ത്തകനായിരുന്നു എന്ന് നിരന്തരം പറഞ്ഞുറപ്പിക്കുന്നതിലൂടെ ആയുധം ആദ്യമെടുത്തത് ആരാണ് എന്നതിനെക്കുറിച്ചുണ്ടാക്കാന്‍ കഴിയുന്ന പൊതുബോധ തീര്‍പ്പ്. ആദ്യമായുധമെടുത്തവര്‍ ആദ്യം അത് നിലത്തുവെക്കുക എന്ന സമാധാന യുക്തി പ്രകാരം സി.പി.ഐ.എം ആണ് അക്രമം അവസാനിപ്പിക്കേണ്ടതെന്നും തങ്ങളുടേത് പ്രതിരോധമാണെന്നുമുള്ള ബോധരൂപീകരണം.

3. കേരളം വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയാണെന്നും, ഇവിടുത്തെ മാധ്യമങ്ങള്‍ മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ സി.പി.ഐ.എം ആക്രമണത്തിന് പരോക്ഷ പിന്തുണ നല്‍കുകയാണെന്നും സംഘത്തിനെതിരായ കമ്മ്യൂണിസ്റ്റ് ഭീകരത പുറം ലോകമറിയുന്നില്ലെന്നും ആവര്‍ത്തിച്ചുറപ്പിക്കുക.

ഇതില്‍ 1,3 എന്നിവ ചര്‍ച്ച ആവശ്യമല്ലാത്ത സംഘപരിവാരിന്റെ കഥനങ്ങള്‍ മാത്രമാണ്. വാടിക്കലാണ് ആദ്യ ഇര എന്ന ചരിത്ര വിരുദ്ധ വസ്തുത പക്ഷേ തിരുത്തേണ്ടതുണ്ട്.

ആരാണ് ആദ്യം ആയുധമെടുത്തത്.? 1966 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബീഡി, സിഗാര്‍ വ്യവസായത്തെ സംബന്ധിച്ച നിയമ നിര്‍മ്മാണം 1968 ല്‍ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കിയതോടെയാണ് ഉത്തര മലബാറിന്റെ രാഷ്ട്രീയ കാലവസ്ഥ പുതിയ വഴിയിലേക്ക് തിരിഞ്ഞത്. ബീഡിത്തൊഴിലാളികളെ ഫാക്ടറി നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടു വരാനുള്ള ഈ നീക്കത്തെ മംഗലാപുരത്തെ ബീഡി മുതലാളിമാര്‍ കങ്കാണിപ്പണിയെന്നറിയപ്പെടുന്ന അപകടകരമായ മാര്‍ഗത്തിലൂടെ തടയാന്‍ ശ്രമിച്ചു. പുതിയ നിയമങ്ങളെ അകറ്റി നിര്‍ത്താനായി ബീഡി മുതലാളിമാരുടെ താത്പര്യപ്രകാരം ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരില്‍ ചിലരവിടെ എത്തി (ibid:36) തൊഴില്‍ത്തര്‍ക്കങ്ങളുടെ പേരില്‍ മുംബൈയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ തകര്‍ത്തതിന് സമാനമായ ഒരു നീക്കമായിരിക്കണം ആര്‍.എസ് എസ് ലക്ഷ്യമിട്ടത്. ദിനേശ് ബീഡി പോലൊരു സഹകരണ സ്ഥാപനത്തിന്റെ രൂപീകരണത്തിലൂടെ സംഘത്തിന്റെ രീതിശാസ്ത്രത്തെ കേരളീയമായി നേരിടാന്‍ കഴിഞ്ഞു എന്നത് ചരിത്രം.

ഈ കലുഷിത പശ്ചാത്തലമാണ് സി.പി.ഐ.എം, ആര്‍.എസ്.എസ് ശാരീരിക അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അത് ഏകപക്ഷീയമായി സി.പി.ഐ.എം ആരംഭിച്ചതല്ല. ജനം ടി.വി.യോ പി. ഗുരൂസോ വി.ടി.ബല്‍റാമോ പറയുന്ന പോലെ വാടിക്കലല്ല ആദ്യ ഇരയും. അത് 1968 ഏപ്രില്‍ 28 ന് കൊല്ലപ്പെട്ട പി.പി.സുലൈമാനാണ്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റയോണ്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിന്ന് പി.പി.സുലൈമാന്‍ നിഷ്‌ക്രമിക്കുന്നതും വാടിക്കലിനെ ആ സ്ഥാനത്തിരുത്തുന്നതും നിഷ്‌കളങ്കമല്ല എന്നര്‍ത്ഥം. ആര്‍.എസ്.എസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന, അവരുടെ ആവശ്യാനുസരണം തയ്യാറാക്കപ്പെട്ട പിണറായിയുടെ പ്രതിസ്ഥാനം വി.ടി.ബല്‍റാമിലൂടെ ആവത്തിച്ച് ഉറപ്പിക്കപ്പെടുന്നതും നിഷ്‌കളങ്കമല്ല.

മിക്ക വിമര്‍ശകരും ബല്‍റാമിനെ “ബാലരാമന്‍” എന്നഭിസംബോധന ചെയ്യാറുണ്ട്.പക്വത തീരെയില്ലാത്ത, ബാലിശമായ അഭിപ്രായ പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരാള്‍ എന്നായിരിക്കണം പേരിന്റെ ഈ വികൃതീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരമൊരു വികൃതീകരണം കാര്‍ട്ടൂണിസ്റ്റുകള്‍ പൊതുവെ സ്വീകരിക്കാറുള്ള തന്ത്രമാണ് താനും. ചിലരാവട്ടെ ലൈക്ക് തെണ്ടി എന്നും മണ്ഡലത്തിലെ പ്രശ്‌ന പരിഹാരങ്ങളെക്കാള്‍ ഫേസ്ബുക്കില്‍ ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്ന അല്പന്‍ എന്നും പരിഹസിക്കുന്നത് കാണാം.

ഈ പരിഹാസങ്ങളെല്ലാം അതത് നിലയില്‍ ശരിയെന്നു തോന്നാമെങ്കിലും കേരളത്തിലെ യുവ രാഷ്ട്രീയ നേതൃത്വത്തില്‍ ഏറ്റവും ബുദ്ധിമാനായ ഒരാളായാണ് ഇതെഴുതുന്നയാള്‍ വി.ടി.ബല്‍റാമിനെ കാണുന്നത്. അദ്ദേഹം മണ്ഡലത്തില്‍ ഇടപെടുന്നില്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നിവയില്‍ ശരി ഉണ്ടായാലും ഇല്ലെങ്കിലും ഇതെല്ലാം ചെയ്യുന്നവരെക്കാള്‍, കേരളത്തിലെ വിര്‍ച്വല്‍ രാഷ്ട്രീയ ചര്‍ച്ചകളെ വഴി തിരിച്ചു വിടാന്‍ കെല്‍പുള്ള ഒരാളായി അദ്ദേഹം മാറിക്കഴിഞ്ഞു.

ഇടതുപക്ഷത്തിന്റേതടക്കമുള്ള മിക്ക യുവരാഷ്ട്രീയ നേതാക്കളും ഫേസ്ബുക്കിനെ ആശയ പ്രചരണത്തിനുള്ള മറ്റൊരു മാധ്യമം മാത്രമായിക്കണ്ട് അതിനനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ വിര്‍ച്വല്‍ പബ്ലിക് സ്ഫിയറിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അതിനനുയോജ്യമായ ഭാഷയും സംവിധാന രീതിയും രൂപപ്പെടുത്തി എന്നത് ബല്‍റാമിന്റെ കഴിവാണ്.

ഫേസ്ബുക്കിനകത്തെ “ഫയല്‍വാന്റെ ജയം” എങ്ങനെ കൈയിലൊതുക്കാം എന്നദ്ദേഹത്തിനറിയാം. ഒരേ സമയം ഭാഷയിലെ രാഷ്ട്രീയ ശരിക്കായി വാദിച്ചു കൊണ്ടു തന്നെ, പ്രസിദ്ധയായ ഒരു സ്ത്രീയെഴുത്തുകാരിയെ ഭാഷയുടെ സര്‍ട്ടിലായ ഒരു തിരിച്ചിടലിലൂടെ അടിച്ചിരുത്താന്‍ മാത്രം മെയ്‌വഴക്കം അദ്ദേഹം നേടിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ കമന്റിട്ട് കൂടുതല്‍ ലൈക്ക് നേടി ആശയസംവാദത്തില്‍ കമ്മ്യൂണിസ്റ്റുകളെ തോല്പിക്കാന്‍ കഴിഞ്ഞെന്ന പ്രതീതി സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നത് പുതിയ കാല രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ തന്ത്ര പ്രധാന നീക്കം തന്നെയാണ്. അതിനായി നടന്ന രഹസ്യ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ബല്‍റാമിന്റെ ഫേസ്ബുക്ക് മാനേജ്‌മെന്റിന്റെ ഉത്തമ ഉദാഹരണമാണ്.

സാധാരണ നിലയില്‍ താന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ പോസ്റ്ററുകള്‍ പ്രസംഗങ്ങള്‍ എന്നിവ ബല്‍റാം ഷെയര്‍ ചെയ്യാറില്ല. അത്യാവശ്യം റീച്ചുള്ള ഏത് പ്രൊഫൈലും ശ്രദ്ധിക്കുന്ന ഒരു കാര്യമാണിത്. സ്വയം സ്ഥാനപ്പെടുത്താന്‍ ശ്രമിക്കാതെ മറ്റുള്ളവരെക്കൊണ്ട് തന്നെ സ്ഥാനപ്പെടുത്തിക്കല്‍ (അത് നിഷേധസ്വഭാവമുള്ളതാണ് എന്നിവിടെ അര്‍ത്ഥമില്ല). എന്നാല്‍, മേല്‍പ്പറഞ്ഞ പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലെ ഉദ്ഘാടന പ്രസംഗം അദ്ദേഹം തന്റെ വാളില്‍ ഷെയര്‍ ചെയ്യുകയും ധാരാളം പേരിലേക്കെത്തിക്കുകയും ചെയ്തിരിക്കുന്നു. പിണറായി പ്രതിയാണെന്ന് സന്ദേഹമൊന്നും കൂടാതെ ആരംഭിക്കുന്ന ആ പ്രസംഗം ആര്‍.എസ്.എസ് ദേശീയ തലത്തില്‍ നടത്തുന്ന കാമ്പയിനിന്റെ ഉത്തമ കേരളീയ വേര്‍ഷനാണ്. മുകളില്‍ സൂചിപ്പിച്ച ചരിത്രം അറിയാത്ത ഒരാളാണ് തൃത്താല എം.എല്‍.എ എന്ന് കരുതുക സാധ്യമല്ല. “ഒരുത്തന്‍”, “നീ” എന്നൊക്കെ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്ന ആ പ്രസംഗത്തില്‍ പച്ചക്കള്ളം സത്യമെന്ന നിലയില്‍ അവതരിപ്പിക്കാന്‍ ബല്‍റാമിനെ പ്രേരിപ്പിക്കുന്ന ഘടകമെന്തായിരിക്കും.

നുണ പറയലുകളില്‍ ബല്‍റാമിന്റെ ട്രാക്ക് റെക്കോര്‍ഡ് സമൃദ്ധമാണ്. എ.കെ.ഗോപാലന്റെ ആത്മകഥയെ വളച്ചൊടിച്ച് അദ്ദേഹത്തെ ബാലികാപീഡകനാക്കാന്‍ ബല്‍റാമിന് മനക്ലേശമൊന്നുമുണ്ടായിരുന്നില്ല. രണ്ടാം തലമുറ കോണ്‍ഗ്രസ് നേതാക്കള്‍ക്കു തന്നെ അലോസരമുണ്ടാക്കിയ ആ പ്രസ്താവനയ്ക്ക് ബല്‍റാം ക്ഷമാപണം നടത്തുമെന്ന് പൊതുവെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. തനിക്കെതിരെ അന്നുയര്‍ന്ന വിമര്‍ശനത്തെ പുച്ഛിച്ച് തള്ളി, പച്ചക്കള്ളത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്ക് കൂട്ടി വിളക്കി ആ സന്ദര്‍ഭത്തെ മറികടക്കുകയാണ് ബല്‍റാം ചെയ്തത്. ആ കള്ളം ബല്‍റാമിയന്‍ കള്ളമായി വിര്‍ച്വല്‍ വേള്‍ഡില്‍ എന്നും നിലനിന്നേക്കും. പിണറായിക്കെതിരായ കള്ളവും വാടിക്കലിന്റെ ഒന്നാം സ്ഥാനവും അതിന്റെ തുടര്‍ച്ചയായി വേണം മനസിലാക്കാന്‍.

ബല്‍റാം എന്തിനാവും സംഘപരിവാറിന്റെ നരേറ്റീവ്‌സിനെ പുനര്‍വിചിന്തനമില്ലാതെ ഏറ്റെടുക്കുന്നതും അതിലുറച്ചു നില്‍ക്കുന്നതും? വി.ടി. ബല്‍റാം, രാഹുല്‍ ഗാന്ധിയന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ആവശ്യപ്പെടുന്ന മധ്യവര്‍ഗ-കരിയറിസ്റ്റിക് -വ്യക്തി കേന്ദ്രിത രാഷ്ട്രീയക്കാരനാണ്. കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ സഹജബോധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നാനാമുഖങ്ങളെ കണ്‍സോളിഡേറ്റ് ചെയ്യാന്‍ ശേഷിയുള്ള നിര്‍മ്മിതി.

ഒരു ഭാഗത്ത് അദ്ദേഹം പോസ്റ്റ് മോഡേണ്‍ താത്വികതയെ അതേ ഭാഷയിലൂടെ കോണ്‍ഗ്രസിലേക്ക് ചേര്‍ത്തു വെക്കുന്നു. അതിന്റെ എക്‌സ്ട്രീമില്‍ പോയി പീഡോഫീലിയ ലെജിറ്റിമൈസ് ചെയ്യപ്പെടേണ്ടതാണ് എന്ന വാദങ്ങള്‍ക്ക് പോലും പല നിലയില്‍ ദൃശ്യത നല്‍കുന്നു. ലക്ഷണമൊത്ത ഒരു ആന്റി മാര്‍ക്‌സിസ്റ്റ് ബൗദ്ധികതയുടെ നിര്‍മ്മിതിക്കായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കാണാം. “”ചെറ്റ” എന്ന വാക്കിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എന്‍.എസ്.മാധവനെ അധ്യാപനം നടത്തവേ തന്നെ, കെ.ആര്‍.മീരയെ തെറിവിളിക്കാന്‍ അണികളോട് പരസ്യമായി ആഹ്വാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഇരട്ടനിലപാട് അതിനുള്ള തെളിവാണ്. “പുക്കാശ ” എന്ന് പുരോഗമന കലാ സാഹിത്യ സംഘത്തെ മാറ്റിപ്പേര് വിളിക്കുന്നതും മുകളില്‍ സൂചിപ്പിച്ച പ്രസംഗത്തിലടക്കം കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം സി.പി.ഐ.എമ്മിന്റെ മൂടുതാങ്ങി കളാണെന്ന് നിസംശയം സാമാന്യവത്കരിക്കുന്നതും ഉത്തരാധുനികരുടെ ആശ്ലേഷത്തിന് വേണ്ടിയാണ്.

മറുഭാഗത്ത് സംഘപരിവാര്‍ കാമ്പയിനുകള്‍ പോലും മടികൂടാതെ ഏറ്റെടുത്ത്, കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയടി നേടി ഹീറോയിക് പരിവേഷം നിര്‍മ്മിക്കാനുള്ള ശ്രമവും ബല്‍റാമില്‍ കാണാം. അതാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി വാടിക്കല്‍ വധം ചര്‍ച്ചയിലേക്കു കൊണ്ടു വരുന്നതിന് പുറകിലുള്ളത്. ആര്‍.എസ്.എസ് ദേശീയ തലത്തില്‍ ശ്രമിക്കുന്നത് ബല്‍റാം കേരളത്തില്‍ നടപ്പില്‍ വരുത്തുന്നു എന്നു സാരം.

ബല്‍റാം സൂചിപ്പിക്കുന്ന പോലെ കമ്യൂണിസ്റ്റ് വിരുദ്ധനാവാന്‍ അദ്ദേഹത്തിനുള്ള അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കേണ്ടതാണെങ്കിലും നുണയുടെ പ്രക്ഷേപണത്തിന് ഇനിയെങ്കിലും പൊതുസമൂഹം തടയിടേണ്ടതാണ്. കാരണം ബല്‍റാം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ് എന്നത് തന്നെ. കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പോലെ ഇന്നും കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള, മുഴുവന്‍ മലയാളികളെയും പ്രതിനിധീകരിക്കാന്‍ ശേഷിയുള്ള, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അക്കൗണ്ടില്‍ വരുന്ന നുണകള്‍ സംഘിനുണകളില്‍ നിന്ന് വ്യത്യസ്തമാണ്. അത് ആത്യന്തികമായി ക്ഷീണിപ്പിക്കുക കോണ്‍ഗ്രസിനെ മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെക്കൂടിയായിരിക്കും.

റഫീഖ് ഇബ്രാഹീം
എഴുത്തുകാരന്‍, പി.എസ്.എം.ഒ കോളജിലെ മലയാളം അധ്യാപകന്‍