ബാഴ്‌സലോണയില്‍ കളിക്കവെ ഇതിഹാസ താരം ലയണല്‍ മെസി സ്ഥാപിച്ച റെക്കോഡ് മറികടക്കാനൊരുങ്ങി കറ്റാലന്‍മാരുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം റഫീന്യ. ഒരു സീസണില്‍ ഏറ്റവുമധികം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേടിയ ബാഴ്‌സ താരമെന്ന മെസിയുടെ റെക്കോഡാണ് ഇപ്പോള്‍ ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്നത്.
2011-12 സീസണില്‍ മെസി നേടിയ 14 ഗോളാണ് ഇപ്പോള്‍ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്. നിലവില്‍ 11 ഗോള്‍ സ്വന്തമാക്കിയ റഫീന്യക്ക് മൂന്ന് ഗോള്‍ കൂടി കണ്ടെത്തിയാല്‍ മെസിക്കൊപ്പമെത്താനും മറ്റൊന്നുകൂടി കണ്ടെത്താന്‍ സാധിച്ചാല്‍ മെസിയെ മറികടക്കാനും സാധിക്കും.
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളുമായി റഫീന്യ തിളങ്ങിയിരുന്നു. മാര്‍ച്ച് 11ന് ബാഴ്‌സയുടെ തട്ടകമായ എസ്റ്റാഡി ഒളിമ്പിക് ലൂയീസ് കോംപാനിയില്‍ നടന്ന മത്സരത്തില്‍ ബെന്‍ഫിക്കയായിരുന്നു എതിരാളികള്‍.
ബെന്‍ഫിക്കയ്‌ക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്‌സ വിജയിച്ചുകയറിയത്. റഫീന്യ രണ്ട് ഗോള്‍ നേടിയപ്പോള്‍ ലാമിന്‍ യമാല്‍ ബാഴ്‌സയുടെ മൂന്നാം ഗോളും സ്വന്തമാക്കി. ബെന്‍ഫിക്കയ്ക്കായി അര്‍ജന്റീന സൂപ്പര്‍ താരം നിക്കോളാസ് ഓട്ടമെന്‍ഡിയാണ് ആശ്വാസ ഗോള്‍ നേടിയത്.
നേരത്തെ ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ സ്‌പോര്‍ട് ലിസ്‌ബോവ എ ബെന്‍ഫിക്കയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയിച്ചിരുന്നു. റഫീന്യയാണ് ഈ മത്സരത്തിലും ഗോള്‍ നേടിയത്.
രണ്ട് പാദങ്ങളിലുമായി 4-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ബാഴ്‌സ മുമ്പോട്ട് കുതിച്ചത്.
അതേസമയം, ടൂര്‍ണമെന്റില്‍ 11 ഗോളുമായി റഫീന്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അഞ്ച് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
10 ഗോളുമായി ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സെര്‍ഹൗ ഗുയിരാസിയും ബയേണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്നുമാണ് രണ്ടാമത്. ഒമ്പത് ഗോളടിച്ച ബാഴ്സയുടെ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പട്ടികയില്‍ മൂന്നാമതുള്ളത്.
ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സലോണ. ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. ഏപ്രില്‍ പത്തിന് സ്വന്തം തട്ടകത്തിലാണ് ബാഴ്സ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരം കളിക്കുക.
ഇതിനിടെ മാര്‍ച്ച് 20ന് കോപ്പ കാറ്റലൂണിയയുടെ സെമി ഫൈനലില്‍ എസ്പാന്യോളിനെയും ഏപ്രില്‍ മൂന്നിന് കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെയും ടീമിന് നേരിടാനുണ്ട്. ലീഗ് മത്സരങ്ങള്‍ക്ക് പുറമെയാണിത്.
Content Highlight: Rafinha set to break Messi’s UEFA Champions League record