മലപ്പുറം: വാര്‍ത്തസമ്മേളനത്തിനിടെ ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ തെറിവിളിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്തു. മുസ്‌ലീം ലീഗ് ഉന്നതാധികാരയോഗത്തിലാണ് തീരുമാനം.
കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ക്കെതിരെ മുഈന്‍ അലി നടത്തിയ വിമര്‍ശനങ്ങളാണ് റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈന്‍ അലിക്കെതിരെ അസഭ്യം പറയുകയായിരുന്നു.
ലീഗില്‍ നിന്ന് എല്ലാമായിട്ട് പാര്‍ട്ടിയെ തള്ളിപ്പറയുന്നോ എന്ന് ചോദിച്ച റാഫി, യുസ്‌ലസ് എന്നടക്കം വിളിച്ചുപറഞ്ഞു. പ്രകോപനമുണ്ടായതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു
ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.
വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.
മുഈനലി തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചന്ദ്രികയില്‍ മുഈനലിക്ക് ചുമതല നല്‍കിയതിനെ കുറിച്ചുള്ള കത്ത് പുറത്തുവന്നതോടെ ഈ വാദങ്ങളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.
അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.