കപ്പ് നേടിയിട്ടും റെക്കോര്‍ഡ് നേടാനാകാതെ ചെന്നൈയുടെ മലയാളിതാരം മുഹമ്മദ് റാഫി
ISL
കപ്പ് നേടിയിട്ടും റെക്കോര്‍ഡ് നേടാനാകാതെ ചെന്നൈയുടെ മലയാളിതാരം മുഹമ്മദ് റാഫി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th March 2018, 10:40 pm

ചെന്നൈ: ഐ.എസ്.എല്‍ നാലാം സീസണില്‍ ചെന്നൈയ്ന്‍ എഫ്.സി ഫൈനലെത്തിയപ്പോള്‍ മലയാളികള്‍ ഏറെ സന്തേഷിച്ചത് തങ്ങളുടെ “റാഫിക്ക” വീണ്ടും ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തിനിറങ്ങുന്നു എന്നതായിരുന്നു. ലീഗിലെ മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിന്റെ പടിവാതിലില്‍ ആയിരുന്നു കാസര്‍കോടുകാരന്‍ മുഹമ്മദ് റാഫി.

ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച താരമെന്ന റെക്കോര്‍ഡായിരുന്നു റാഫിയ്ക്കായി മത്സരത്തിനു മുന്നേ കാത്തിരുന്നത്. ആദ്യ സീസണില്‍ കൊല്‍ക്കത്തയോടൊപ്പം ആയിരുന്നു മുഹമ്മദ് റാഫി, ആ സീസണില്‍ ഫൈനലും കപ്പും റാഫിയും സംഘവും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പവും മുഹമ്മദ് റാഫി ഫൈനലില്‍ എത്തി. കഴിഞ്ഞ ഫൈനലില്‍ റാഫി കേരളത്തിനായി ഗോളും നേടിയിരുന്നു.

നാലാം സീസണില്‍ റാഫിയുടെ ടീം കപ്പുയര്‍ത്തിയെങ്കിലും മത്സരത്തില്‍ പകരക്കാരനായും ഇറങ്ങാന്‍ കഴിയാതിരുന്ന താരത്തിനു അപൂര്‍വ്വ നേട്ടം നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്. ഈ സീസണില്‍ ചെന്നൈയിനായി രണ്ട് ഗോളുകള്‍ നേടാനും റാഫിക്ക് കഴിഞ്ഞിരുന്നു.

ഫൈനലില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ചെന്നൈ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബെംഗളൂരു എഫ്.സിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഗോളിനു മുന്നില്‍ എത്തിയ ബെംഗളൂരുവിനു ആധിപത്യം നിലനിര്‍ത്താനായില്ല.

17, 45 മിനിറ്റുകളില്‍ ഹെഡ്ഡറിലൂടെ മെയില്‍സണ്‍ ആല്‍വ്സ് നേടിയ ഇരട്ട ഗോളാണ് ചെന്നൈയ്ന് കപ്പ് നേടിക്കൊടുത്തത്. ചെന്നൈയുടെ മൂന്നാം ഗോള്‍ നേടിയത് റാഫേല്‍ അഗസ്റ്റോയായിരുന്നു. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ മിക്കുവാണ് ബെംഗളൂരുവിനായി രണ്ടാം ഗോള്‍ നേടിയത്.