|

ഇത്തരം ശബ്ദങ്ങളൊന്നും ആരെയും പറഞ്ഞ് പഠിപ്പിക്കാന്‍ കഴിയില്ല; പഞ്ചാബി ഹൗസിന്റെ ഹിന്ദി പതിപ്പില്‍ ദിലീപ് ഡബ്ബ് ചെയ്തതിനെക്കുറിച്ച് റാഫി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ദിലീപ് നായകനായെത്തിയ പഞ്ചാബി ഹൗസ്. ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ പരിശ്രമമാണ്.

റാഫി-മെക്കാര്‍ട്ടിന്‍ ആയിരുന്നു ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ചിത്രത്തിലെ പല കോമഡി രംഗങ്ങളും അപ്പോള്‍ ഉണ്ടായതായിരുന്നുവെന്നാണ് സംവിധായകന്‍ റാഫി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചിത്രത്തില്‍ പകുതിയോളം ദിലീപ് ഊമയായാണ് അഭിനയിക്കുന്നത്. കടലില്‍ ചാടിയ ദിലീപിനെ രക്ഷപ്പെടുത്തുന്ന രംഗത്തില്‍ ദിലീപ് ഊമയായി അഭിനയിക്കുമ്പോള്‍ പറയുന്ന ഡയലോഗ് ജബ ജബാ എന്നാണ്. ഇത് അക്കാലത്തെ ഹിറ്റായ ഡയലോഗുകളില്‍ ഒന്നായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ഷാഹിദ് കപൂറാണ് ദിലീപ് അഭിനയിച്ച ഉണ്ണിയെന്ന കഥാപാത്രമായി വേഷമിട്ടിരുന്നത്. പഞ്ചാബി ഹൗസിന്റെ ഹിന്ദി പതിപ്പില്‍ ഷാഹിദിനായി മൂകനായി ഡബ് ചെയ്തതും ദിലീപ് ആണെന്ന് തുറന്നു പറയുകയാണ് റാഫി.

ഇത്തരം ശബ്ദങ്ങളൊന്നും വേറെ ആരെയും പറഞ്ഞു പഠിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ദിലീപിനേ അത് കഴിയുമായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണി എന്ന കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ജീവിത്തില്‍ ഉണ്ടായ ഒരു സംഭവത്തില്‍ നിന്നാണ് ഉണ്ണി എന്ന കഥാപാത്രം ഉണ്ടായതെന്നാണ് റാഫി പറയുന്നത്. മനോരമ ആഴ്ചപ്പതിപ്പിലാണ് റാഫി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ഒരു ട്രെയിന്‍ യാത്രക്കിടെ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു താന്‍. പക്ഷേ കഴിക്കാന്‍ തുടങ്ങും മുമ്പ് അത് കേടാണെന്നു മനസ്സിലായതോടെ ഭക്ഷണം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു.

അപ്പോഴേക്കും പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി. താനത് വിലക്കി, ഭക്ഷണം വാങ്ങാന്‍ പൈസയും കൊടുത്തു.സ്‌കൂള്‍ യൂണിഫോം ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. മുഖം കണ്ടപ്പോള്‍ മലയാളിയാണോയെന്ന് സംശയിച്ചെന്നും റാഫി പറയുന്നു.

ഇനി കേരളത്തില്‍ നിന്നെങ്ങാനും അവന്‍ നാടുവിട്ടുവന്നതാണോ എന്നറിയാനായി വെറുതെ താന്‍ പേര് ചോദിച്ചു. പക്ഷേ പെട്ടെന്ന് അവന്‍ തനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിക്കുന്നതാണ് കണ്ടത്. പക്ഷേ അവന്റെ കണ്ണുകളില്‍ എന്തോ മറച്ചുപിടിക്കുന്നതായി തനിക്ക് തോന്നി. അപ്പോഴേക്കും ട്രെയിന്‍ വിട്ടതും അവന്‍ ചാടി ഇറങ്ങുകയായിരുന്നു. ഇനിയെങ്ങാനും താന്‍ ആരാണെന്ന് പറയാതിരിക്കാനായി അവന്‍ ഊമയായി അഭിനയിച്ചതാണോ എന്ന തോന്നലായിരുന്നു പിന്നെ മനസ്സു നിറയെ എന്നും റാഫി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rafi about Dileep in dubbing Hindi remake of Punjabi House