|

റൊണാള്‍ഡോയുടെ വജ്രായുധം തന്നെയാണത്; ഇതിഹാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഫ്രഞ്ച് താരം റാഫേല്‍ വരാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ തന്റെ 40ാം വയസില്‍ 924 കരിയര്‍ ഗോളുകള്‍ സ്വന്തമാക്കി ഫുട്ബോള്‍ ലോകത്ത് ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന നേട്ടത്തോടെ കുതിക്കുകയാണ് റോണോ.

നിലവില്‍ ക്ലബ് ലെവലില്‍ അല്‍ നസറിനു വേണ്ടി ആറുമാസത്തെ കരാര്‍ നീട്ടിയിരിക്കുകയാണ് റൊണാള്‍ഡോ. 97 മത്സരങ്ങളില്‍ നിന്ന് 88 ഗോളുകളാണ് റൊണാള്‍ഡോ അല്‍ നസറിനു വേണ്ടി നേടിയത്. സൗദി പ്രോ ലീഗില്‍ മാത്രമായി 66 മത്സരത്തില്‍ നിന്ന് 65 ഗോളുകള്‍ താരം നേടി. റൊണാള്‍ഡോ പ്രായത്തേക്കാള്‍ കവിഞ്ഞ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

CR7

ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഫ്രഞ്ച് ഡിഫന്റര്‍ റാഫേല്‍ വരാനെ. ക്ലബ് ലെവലില്‍ റയല്‍ മാഡ്രിന് വേണ്ടി 360 മത്സരങ്ങളില്‍ നിന്ന് 17 ഗോളും നേടിയ താരം മഞ്ച്‌സ്റ്റര്‍ സിറ്റിക്ക് വേണ്ടി 95 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് 2023ല്‍ വിരമിച്ച താരം ഫ്രാന്‍സിന് വേണ്ടി 93 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അസാധാരണമായ ഫിസിക്കലുണ്ട്. ശരീരത്തില്‍ ഇന്‍വെസ്റ്റ് ചെയ്യ്താല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ ഒക്കെ നേടിയെടുക്കാമെന്ന് ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിച്ചിരുന്നു. റൊണാള്‍ഡോയെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ പല ഉയര്‍ന്ന തലത്തിലുള്ള അത്ലറ്റുകളുമായുള്ള വ്യത്യാസം ഇതാണെന്ന് നമുക്ക് മനസിലാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആയിരുന്നപ്പോള്‍ തന്നെ റൊണാള്‍ഡോ തന്റെ ശരീരത്തില്‍ ഇന്‍വസ്റ്റ് ചെയ്തിരുന്നു,’ റാഫേല്‍ വരാനെ പറഞ്ഞു.

Rafel Varane

നിലവില്‍ 40ാം വയസിലും വമ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന റൊണാള്‍ഡോ 1000 കരിയര്‍ ഗോള്‍ എന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് ലക്ഷ്യം വെച്ചാണ് കളത്തില്‍ ആറാടുന്നത്. എന്നിരുന്നാലും കരിയറില്‍ സ്വന്തം രാജ്യമായ പോര്‍ച്ചുഗീസിന് വേണ്ടി ഒരു ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.

അതേസമയം ഫുട്‌ബോള്‍ ലോകത്ത് ആരാണ് കേമന്‍ എന്ന തര്‍ക്കത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും റോണായും മുന്നിലാണ്. കരിയറില്‍ 850 ഗോളുകളാണ് മെസി സ്വന്തമാക്കിയതെങ്കിലും ഇതിഹാസതാരം സ്വന്തമാക്കാന്‍ ഒരു കിരീടവും ഇനി ബാക്കിയില്ല.

Content Highlight: Rafel Varane praises Cristiano Ronaldo