റാഫേല്‍ നദാല്‍ വീണ്ടും കളിക്കളത്തിലേക്ക്
DSport
റാഫേല്‍ നദാല്‍ വീണ്ടും കളിക്കളത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2012, 1:26 pm

സ്‌പെയിന്‍: അല്പനാളത്തെ ഇടവേളയ്ക്ക് ശേഷം ടെന്നിസ് താരം റാഫേല്‍ നദാല്‍ പരിശീലനത്തിലേക്ക് തിരിച്ചെത്തി. യു.എസ് ഓപ്പണ്‍ മത്സരങ്ങള്‍ക്കിടെ പരുക്ക് പറ്റി വിശ്രമത്തിലായിരുന്നു നദാല്‍.

പരിക്ക് ഏതാണ്ട് ഭേദമായതായും മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇനിയുള്ള ശ്രമമെന്നും നദാല്‍ പറഞ്ഞു. “പരിക്ക് മൂലം നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടു. എങ്കിലും മികച്ച പരിശീലനത്തിലൂടെ ട്രാക്കിലെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.[]

എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നുണ്ട്. ഗംഭീര തിരിച്ച് വരവ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് എനിക്ക് അല്‍പ്പം സമയം കൂടി വേണം. പരിക്ക് പൂര്‍ണമായും മാറിയിട്ടേ തിരിച്ച് വരൂ എന്ന് കരുതിയതാണ്. അല്ലാതെ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി വീണ്ടും തിരിച്ച് പോകാന്‍ താന്‍ ഒരുക്കമല്ലായിരുന്നു”- നദാല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിംബിള്‍ഡണിന്റെ രണ്ടാം റൗണ്ടിലാണ് 11 തവണ ഗ്രാന്‍സ്‌ലാം കിരീടം നേടിയ നദാലിന് പരുക്കേറ്റ് പുറത്തു പോകേണ്ടി വന്നത്.

പരിക്കിന്റെ പിടിയില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലായിരുന്നു നദാല്‍. കായികക്ഷമത വീണ്ടെടുത്ത് ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കോര്‍ട്ടില്‍ തിരിച്ചെത്താനാണ് ഇരുപത്തിയാറുകാരനായ നദാലിന്റെ ശ്രമം.

മുട്ടിനേറ്റ പരിക്ക് മൂലം നദാലിന് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നെങ്കിലും പരിക്കില്‍ നിന്നും മുക്തനായി അധികം വൈകാതെ കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന് താരം ഉറപ്പ് നല്‍കിയിരുന്നു. പതിനൊന്ന് വര്‍ഷമായി കളിക്കളത്തിലുള്ള നദാലിനെ പരുക്ക് സ്ഥിരം അലട്ടിയിരുന്നു.

അവസരങ്ങള്‍ എത്ര നഷ്ടപ്പെട്ടാലും പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായാല്‍ മാത്രമേ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ച് വരികയുള്ളൂ എന്ന തീരുമാനത്തിലായിരുന്നു നദാല്‍.

കഴിഞ്ഞ ജൂണില്‍ നടന്ന വിമ്പിള്‍ഡണ്‍ ടെന്നീസിലാണ് നദാല്‍ അവസാനമായി റാക്കറ്റേന്തിയത്.  നദാല്‍ പരിക്കില്‍ നിന്ന് വിമുക്തനായി എത്രയും പെട്ടന്ന് തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.