റാഫേല്‍ അഴിമതി : ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
national news
റാഫേല്‍ അഴിമതി : ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th November 2018, 10:51 am

ദല്‍ഹി: റാഫേല്‍ പോര്‍വിമാന വിഷയത്തിലെ സുപ്രീംകോടതി വാദങ്ങള്‍ക്ക് പിന്നാലെ ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.

സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി.

ഇന്ത്യ- ഫ്രഞ്ച് സര്‍ക്കാരുകള്‍ നേരിട്ടു നടത്തുന്ന ഇടപാടല്ല റാഫേല്‍ എന്ന് സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാര്‍ ഗാരന്റി നല്‍കിയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. ദേശതാല്‍പര്യം മുന്‍നിര്‍ത്തി ജാഗ്രതപൂര്‍വ്വം സര്‍ക്കാര്‍ നീങ്ങിയിട്ടില്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

 

 


അര്‍ധരാത്രി പമ്പ ഗണപതി കോവിലിന് സമീപം എത്തിയ 200 ഓളം വരുന്ന തീര്‍ത്ഥാടകരെ പൊലീസ് ഒഴിപ്പിച്ചു


റാഫേല്‍ ഇടപാടിനെ കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. വിധി എന്തായാലും കൂടുതല്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസ്സ് നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സുപ്രീംകോടതിക്ക് ഭരണഘടനാപരമായ പരിമിതികളുണ്ട്. റാഫാല്‍ ഇടപാടിലെ സത്യം പുറത്തുവരണമെങ്കില്‍ സര്‍ക്കാര്‍ ഫയലിലെ കുറിപ്പുകള്‍ പരിശോധിക്കണം. സുപ്രീംകോടതിക്ക് അതിനു കഴിയില്ല. കോടതി ഒരു അന്വേഷണ കാര്യാലയമല്ല. സുരക്ഷകാര്യ മന്ത്രിസഭ സമിതി, പ്രതിരോധ സമിതി, വില നിര്‍ണയ സമിതി എന്നിവയുടെ ഫയലുകള്‍ ജെ.പി.സി വിളിച്ചുവരുത്തുമ്പോഴാണ് വസ്തുതകള്‍ പുറത്തുവരുക. റാഫേലില്‍ മോദിക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒത്തുകളിയുണ്ട്. വിമാന ഇടപാടിന്റെ അടിസ്ഥാന ചെലവ് 32,000 കോടിയില്‍ നിന്ന് 62,000 കോടി രൂപയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയത്, പ്രതിരോധ മന്ത്രിയെയും പ്രതിരോധ സാമഗ്രി സമ്പാദന സമിതിയെയും മറികടന്നാണ്. സുര്‍ജേവാല കുറ്റപ്പെടുത്തി.

റാഫോല്‍ ക്രമക്കേടുകള്‍ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കെ, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിനെക്കുറിച്ച് ജെ.പി.സി അന്വേഷണവും യെച്ചൂരി ആവശ്യപ്പെട്ടു. ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

പൊതുസ്ഥലത്ത് കുറുവടി; അര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവതിന് കോടതിയുടെ നോട്ടീസ്; ഹാജരാകണമെന്ന് നിര്‍ദേശം


2015 ല്‍ നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റാഫേല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വച്ചത്. യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാതെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.

യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.