കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ‘ബൗണ്ടറി’ എന്ന നാടകം രാജ്യവിരുദ്ധമാണെന്ന ആരോപണവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നാടകത്തിനെതിരെയും സംവിധായകന്‍ റഫീഖ് മംഗലശേരിക്കെതിരെയും വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ നടത്തിയത്.
അതിരുകളില്ലാത്ത മാനവസ്നേഹത്തിന്റെ കഥ പറഞ്ഞ നാടകം രാജ്യവിരുദ്ധമാണെന്ന പ്രചരണമായിരുന്നു ഹിന്ദു ഐക്യവേദി ഉയര്‍ത്തിയത്.
മുന്‍പും വര്‍ഗീയവാദികളുടെ ഭീഷണി നേരിട്ട വ്യക്തിയാണ് റഫീഖ്. മേമുണ്ട സ്‌കൂളിന് വേണ്ടി റഫീഖ് ഒരുക്കിയ ‘കിത്താബ് ‘ എന്ന നാടകത്തിനെതിരെ 2018 ല്‍ ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം സ്ത്രീകളെ വാങ്ക് വിളിക്കാന്‍ അനുവദിക്കാത്തതെന്ത് എന്ന ചോദ്യമായിരുന്നു നാടകം ഉയര്‍ത്തിയത്. അന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടും സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനാവാതെ കുട്ടികള്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു.
‘ബദറുദീന്‍ നാടകം എഴുതുമ്പോള്‍’, ‘റാബിയ’ തുടങ്ങിയ റഫീഖിന്റെ പല നാടകങ്ങള്‍ക്കെതിരെയും വിവിധ മതസംഘടകള്‍ രംഗത്ത് വന്നിരുന്നു. ബൗണ്ടറി നാടകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തെ കുറിച്ചും തന്റെ രാഷ്ട്രീയത്തെകുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് റഫീഖ് മംഗലശേരി.
നേരത്തെ കിത്താബ് എന്ന നാടകം ഇസ്‌ലാമിക വിരുദ്ധമാണെന്ന വിമര്‍ശനം വന്നു. വിവിധ മുസ്‌ലിം സംഘടനകള്‍ നാടകത്തിനെതിരെ രംഗത്തെത്തി. നാടകവേദിയിലേക്ക് എസ്.ഡി.പി.ഐ ഉള്‍പ്പെടെ മാര്‍ച്ച് നടത്തി. ഇപ്പോള്‍ ബൗണ്ടറി എന്ന നാടകത്തിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നാടകത്തിലൂടെ രാജ്യവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നാണ് സംഘപരിവാറിന്റെ വാദം. എന്താണ് പറയാനുള്ളത്?
ആത്യന്തികമായി ഞാന്‍ എല്ലാതരം മതതീവ്രവാദങ്ങള്‍ക്കും എതിരാണ്. ഈ രണ്ട് മതതീവ്രവാദ സംഘടനകളോടും മതമൗലികവാദത്തോടുമൊക്കെ കൃത്യമായി എതിര് നില്‍ക്കുന്നൊരാളാണ് ഞാന്‍. രണ്ട് കൂട്ടരേയും വിമര്‍ശിച്ചുകൊണ്ട് ഇതിനുമുന്‍പും നാടകമെഴുതിയിട്ടുണ്ട്. സങ്കുചിതമായ ദേശീയ ബോധത്തെയും കപട ദേശീയ വാദത്തെയും ശക്തമായി വിമര്‍ശിച്ചുകൊണ്ട് ‘ജയഹേ’ എന്ന് പറയുന്ന ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. കിത്താബ് എന്ന നാടകം വന്ന സമയത്ത് ഇവിടുത്തെ സംഘപരിവാര്‍ ആ നാടകത്തെ പിന്തുണയ്ക്കുന്ന നിലപാടെടുത്തു. എന്നാല്‍ ബൗണ്ടറി വരുമ്പോള്‍ ഇതേ സംഘപരിവാര്‍ തന്നെ കപട ദേശീയത പറഞ്ഞ് ഇതിനെതിരെ നില്‍ക്കുകയാണ്. കിത്താബ് വന്നപ്പോള്‍ ഞാന്‍ മുസ്‌ലീങ്ങള്‍ക്ക് സംഘിയായിരുന്നു. എന്നാല്‍ ബൗണ്ടറി വന്നപ്പോള്‍ സംഘികള്‍ക്ക് ഞാന്‍ സുഡാപ്പിയുമായി.
നമ്മള്‍ എല്ലാ രാജ്യത്തെ മനുഷ്യരേയും സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ് പഠിക്കുന്നത്. വിശ്വമാനവികതയാണ് നാടകത്തിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് കളിയില്‍ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ അതിനൊരു പെണ്‍കുട്ടി കയ്യടിക്കുന്നു. അതാണ് പ്രമേയം. അല്ലാതെ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യക്കാരെ കൊല്ലുമ്പോള്‍ കയ്യടിക്കുകയല്ല. ഒരു കളിയില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ അതിനെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ഇത്തരം കളികള്‍ നടക്കുന്നത് സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ കൂടിയാണ്.
പാക്കിസ്ഥാന്റെ കൂടെ ഇന്ത്യക്ക് കളിക്കാന്‍ പറ്റുമെങ്കില്‍, നല്ല കളി കണ്ടാല്‍ കയ്യടിക്കാനും പറ്റും. നമ്മുടെയുള്ളിലൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുണ്ട്. പരസ്പര സാഹോദര്യത്തില്‍ രണ്ടു രാജ്യങ്ങള്‍ കളിക്കുമ്പോള്‍ അതില്‍ വര്‍ഗീയത കലരാത്ത ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടു കൂടിയാണ് ഒരോ മതേതരവാദിയും കളികള്‍ കാണുന്നത്.
സങ്കുചിതമായ ദേശീയ ബോധമുള്ളവര്‍ക്കേ കളിയില്‍ വര്‍ഗീയത കാണാന്‍ പറ്റൂ. പിന്നെ പാക്കിസ്ഥാനെ ഇന്ത്യ ശത്രു രാജ്യമായിട്ടല്ലല്ലോ കാണുന്നത്. 2021 ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി നാലായിരം കോടിയിലേറെ ബിസിനസ് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി അവിടെ ചെന്ന് എല്ലാവരേയും കെട്ടിപിടിച്ചില്ലേ, ശത്രു രാജ്യമാണെങ്കില്‍ ഇതൊക്കെ ചെയ്യുമോ?
ഇന്ത്യയുടേയും പാക്കിസ്ഥാന്‍കാരുടേയും കളിക്കാര്‍ തമ്മില്‍ എത്ര നല്ല സൗഹൃദത്തിലാണ് പെരുമാറുന്നത്. പിന്നെന്താണ് ഒരു നാടകത്തില്‍ ഒരു പെണ്‍കുട്ടി പാക്കിസ്ഥാന്‍ കളിക്കാരന്‍ സിക്സ് അടിക്കുന്നത് കണ്ട് കയ്യടിച്ചാല്‍ ഇത്ര പ്രശ്നം?
കളിയ്ക്ക് മതവും ജാതിയുമില്ല, രാജ്യവും അതിര്‍ത്തിയുമില്ല. ക്രിക്കറ്റായാലും ഫുട്ബോളായാലും ഇതിനൊന്നും രാജ്യമില്ല. നമ്മെ നൂറ്റാണ്ടുകളോളം ഭരിച്ച പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളുടെ കളി നടക്കുമ്പോള്‍ അവരുടെ കൊടി നമ്മള്‍ ഇവിടെ ഉയര്‍ത്തുന്നില്ലേ? അവര്‍ക്ക് വേണ്ടി നമ്മള്‍ കയ്യടിക്കുന്നില്ലേ, അതിലൊന്നും കുഴപ്പം കാണുന്നില്ലല്ലോ.
ലോക സമസ്ത സുഖിനോ ഭവന്തു എന്നാണല്ലോ ഇവിടുത്തെ സംഘപരിവാറും ഹിന്ദുത്വവാദികളുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആ പറയുന്ന ലോകത്ത് പാക്കിസ്ഥാന്‍ ഇല്ലേ? ബ്രാക്കറ്റില്‍ പാക്കിസ്ഥാന്‍ ഒഴികെ എന്നാണോ ഇവര്‍ എഴുതിവെച്ചിട്ടുള്ളത്.
‘ബദറുദ്ദീന്‍ നാടകമെഴുതുമ്പോള്‍’, ‘റാബിയ’ പോലുള്ള താങ്കളുടെ നാടകങ്ങള്‍ക്കെതിരെയെല്ലാം നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ ബോധപൂര്‍വം ഭിന്നിപ്പിക്കുണ്ടാക്കാനുള്ള ശ്രമമാണ് താങ്കള്‍ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എങ്ങനെയാണ് ഈ വിമര്‍ശനങ്ങളെ കാണുന്നത്?
ഈ സമൂഹത്തില്‍ നടക്കുന്ന, പലരും പറയാന്‍ മടിക്കുന്ന, പേടിക്കുന്ന വിഷയങ്ങളെ ഞാന്‍ വളരെ സത്യസന്ധമായി തുറന്നുകാണിക്കുന്നു എന്ന് മാത്രമേയുള്ളൂ. നമ്മുടെ നാവില്‍ വരുന്നത് പറയാന്‍ ആരെയെങ്കിലും പേടിക്കേണ്ടതില്ല. ഞാന്‍ ഒരിക്കലും ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ചല്ല പറയുന്നത്. സമൂഹത്തില്‍ നടക്കുന്ന വര്‍ഗീയതയ്ക്കും വിവേചനങ്ങള്‍ക്കുമെതിരെ കൃത്യമായി എന്റെ നാടകങ്ങളിലൂടെ പറയുന്നു. നാടകം എന്ന് പറയുന്നത് എനിക്ക് ഒരു നേരമ്പോക്ക് കലാരൂപമല്ല. സമൂഹത്തിലുള്ള അനീതികള്‍ക്കെതിരെ കൃത്യമായി എന്റെ പേന ഞാന്‍ ഉപയോഗിക്കുന്നു. ഇത്തരം വിഷയങ്ങള്‍ പലരും പറയാന്‍ മടിക്കുന്നതുകൊണ്ടും പേടിക്കുന്നതുകൊണ്ടും ഞാന്‍ അതെടുത്ത് ഉപയോഗിക്കുന്നു എന്ന് മാത്രം.
സര്‍ക്കാരിന്റെ വേദികളില്‍, സര്‍ക്കാര്‍ പണം ഉപയോഗിച്ച് കുട്ടികളെ മുന്‍നിര്‍ത്തി ഇത്തരം നാടകങ്ങള്‍ ചെയ്യിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുമോ, എന്താണ് അതിലുള്ള നിലപാട്?
യുവജനോത്സവ വേദികളിലാണ് ഈ നാടകങ്ങള്‍ കളിക്കുന്നത്. കുട്ടികളുടെ വേദികളില്‍ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവര്‍ക്ക് വഴങ്ങാവുന്ന രീതിയിലുള്ള നാടകങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.
പിന്നെ ഞാന്‍ കുട്ടികളെക്കൊണ്ട് നാടകത്തിലൂടെ പറയിക്കുന്ന ജാതിയും മതവുമൊക്കെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പഠിക്കാനുള്ള കാര്യങ്ങള്‍ തന്നെയാണ്. പ്രശസ്ത മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ അക്കര്‍മാശി കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാനുണ്ട്. പിന്നെന്തു കൊണ്ട് കുട്ടികളുടെ നാടകത്തില്‍ ജാതിയും മതവും പറഞ്ഞു കൂടാ ?
അവര്‍ക്ക് ജാതിയേയും മതത്തേയും പറ്റിയൊക്കെ കൃത്യമായ കാഴ്ചപ്പാടുണ്ട്. മുതിര്‍ന്നവര്‍ അവരുടെ കുട്ടിക്കാലത്തിലൂടെ ഇക്കാലത്തെ കുട്ടികളെ നോക്കിക്കാണുന്നതിന്റെ കുഴപ്പമാണത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ പോലെയുള്ള വേഷം ധരിച്ച് സ്‌കൂളിലേക്ക് വരുന്നത് കുട്ടികള്‍ക്ക് താല്‍പ്പര്യമാണ്, പക്ഷേ മുതിര്‍ന്നവരാണ് അതില്‍ നിന്നെല്ലാം അവരെ വിലക്കുന്നത്. ടെക്‌നോളജി ഇത്രയും വളര്‍ന്ന കാലത്തും കുട്ടികള്‍ തുമ്പിയേയും പൂമ്പാറ്റകളേയും പറ്റി നാടകം കളിക്കണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.
കുട്ടികളെ കൊണ്ട് രാഷ്ട്രീയം പറയിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് വളരെ അപകടം പിടിച്ച ഒരു ചിന്തയാണ്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന മണ്ണില്‍ നിന്ന് ഒരുപിടി മണ്ണ് വാരി ശപഥം ചെയ്യുമ്പോള്‍ ഭഗത് സിങ്ങ് കുട്ടിയായിരുന്നില്ലേ? സുഖ്ദേവും രാജ്ഗുരുവും കുട്ടിയായിരുന്നില്ലേ? വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ എത്ര വയസാണ്. അദ്ദേഹം കുട്ടിയായിരുന്നില്ലേ? പതിമൂന്നും പതിനാലും പതിനഞ്ചും വയസ്സുള്ള എത്രയോ കുട്ടികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ചരിത്രം നോക്കിയാല്‍ കാണാം . അപ്പോള്‍ അക്കാലത്തു പോലും കുട്ടികള്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു. എന്തിനേറെ പറയുന്നു ഇസ്ലാമിക തീവ്രവാദത്തിനെതിരെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും പോരാടിയതിന്റെ പേരില്‍ വെടിയേല്‍ക്കുമ്പോള്‍ മലാല യൂസഫ്സായ് കുട്ടിയായിരുന്നില്ലേ?
പിന്നെ കുട്ടികളെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്. നിങ്ങള്‍ കുട്ടികളുടെ പേരില്‍ മതം ചേര്‍ക്കുന്നത് അവരോട് ചോദിച്ചിട്ടാണോ? കുട്ടികളെ മദ്രസയിലേക്കും മതപാഠശാലയിലേക്കും ശാഖയിലേക്കുമൊക്കെ പറഞ്ഞയക്കുന്നത് തെറ്റല്ലേ? കുട്ടികളുടെ സുന്നത്ത് കഴിക്കുന്നത് തെറ്റല്ലേ? ഇതൊക്കെ കുട്ടികളോട് ചോദിച്ചിട്ടാണോ നമ്മള്‍ ചെയ്യുന്നത്. കുട്ടികളെ ഏത് സ്‌കൂളില്‍ പറഞ്ഞയക്കണം എന്ന് മുതിര്‍ന്നവര്‍ അല്ലേ തീരുമാനിക്കുന്നത്. അത് കുട്ടിയോട് ചോദിച്ചിട്ടാണോ?
പൊതുസമൂഹം ഇത്തരം വിഷയങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ, ഇത്തരം വിഷയങ്ങളോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ എത്തരത്തിലാണെന്നാണ് മനസിലാക്കുന്നത്?
കിത്താബ് വിവാദമായപ്പോള്‍, ഇവിടുത്തെ മതതീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും അതിനെ എതിര്‍ത്തപ്പോള്‍, കേരളത്തിന്റെ സാംസ്‌ക്കാരിക നായകന്മാര്‍ എന്ന് പറയുന്നവരൊക്കെ വളരെ വൈകിയാണ് ഒരു പ്രതികരണത്തിന് പോലും തയ്യാറായത്. കിത്താബിന് വേണ്ടി ഒപ്പുവെച്ച സാംസ്‌ക്കാരിക നായകരില്‍ ഒപ്പുവെച്ച മഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ സച്ചിദാനന്ദന്‍ അടക്കമുള്ള പലരും ഒപ്പ് പിന്‍വലിക്കുകയാണുണ്ടായത്.