മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവും സാഹിത്യകാരനുമായ റഫീഖ് അഹമ്മദ്. ഈ വര്‍ഷം മലയാളത്തില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും ചിലത് തിയേറ്ററില്‍ നിന്നും മറ്റ് ചിലത് ഒ.ടി.ടിയില്‍ നിന്നുമാണ് കണ്ടതെന്നും റഫീഖ് അഹമ്മദ് പറയുന്നു.
താന്‍ കണ്ട ചിത്രങ്ങളുടെ ഭൂരിഭാഗം വിഷയവും ഹിംസയും പ്രതികാരവും വയലന്‍സും ചോരക്കളിയും ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികാരമാണ് ഇതിലെല്ലാം പൊതുവായി ഉള്ളതെന്നും നീതിയാണ് അടിസ്ഥാന വിഷയമെങ്കിലും പ്രതികാരമാണ് പരിഹാരമായി കാണുന്നതെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി.
തന്നെ ഉപദ്രവിച്ച ആളെ ഏറ്റവും ക്രൂരമായി കൊല്ലുന്നതാണ് ഈ വര്‍ഷം സിനിമകളില്‍ കണ്ട പ്രധാന കാര്യമെന്നും സമൂഹത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നും സാഹിത്യത്തിലും സിനിമയിലും ഇതിന്റെ പ്രതിഫലനമുണ്ടെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സാഹിത്യ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു റഫീഖ് അഹമ്മദ്.
‘കഴിഞ്ഞ വര്‍ഷത്തില്‍ മലയാള സിനിമയിലെ ഏകദേശം നൂറോളം ചിത്രങ്ങള്‍ കണ്ടൊരാളാണ് ഞാന്‍. പലതും തിയേറ്ററുകളില്‍ ഒന്നും രണ്ടും ദിവസം മാത്രം കളിച്ചതാണ്. ചിലതെല്ലാം ഒ.ടി.ടിയില്‍ മാത്രം കണ്ടതാണ്. ആ ചിത്രങ്ങളുടെയെല്ലാം സിംഹഭാഗങ്ങളുടെ വിഷയം എന്ന് പറയുന്നത് ഹിംസയാണ്. ചോരക്കളിയാണ്, പ്രതികാരമാണ്, വയലന്‍സാണ്. പ്രതികാരം എന്ന ഒറ്റ വിഷയം മാത്രമാണ് ഈ സിനിമകളില്‍ എല്ലാം കാണുന്ന കാര്യം.
നീതിതന്നെയാണ് അതിന്റെ അടിസ്ഥാന വിഷയമെങ്കിലും പ്രതികാരമാണ് പരിഹാരമായി കാണുന്നത്. നമ്മളെ ഉപദ്രവിച്ച ആളെ ഏറ്റവും ക്രൂരമായ രീതിയില്‍ കൊല്ലുക. ഇതാണ് ഈ വര്‍ഷം സിനിമകളില്‍ ഞാന്‍ കണ്ട പ്രധാന സംഗതി. നമ്മുടെ സമൂഹത്തിലും ഇതിന്റെ പ്രതിഫലനം കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്‍പത് മണിക്ക് ശേഷമുള്ള ക്രൈം ഫയല്‍, എഫ്.ഐ.ആര്‍, തുടങ്ങിയ ചാനല്‍ പരിപാടിക്കൊന്നും യാതൊരുവിധ കണ്ടന്റ് ക്ഷാമവും ഇല്ല.
അത്തരത്തില്‍ ഭീകരമാം വിധം അന്തരീക്ഷമുള്ള സ്ഥലത്താണ് നമ്മള്‍ ജീവിക്കുന്നത്. നമ്മുടെ സാഹിത്യത്തിലും സിനിമയിലും അതേ രീതിയിലുള്ള പ്രതിഫലനമാണ് ഉണ്ടാകുന്നത്. ആ രീതിയിലുള്ള പ്രതിഫലനമാണോ ഉണ്ടാവേണ്ടത് എന്ന ചോദ്യമാണ് സാഹിത്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത്,’ റഫീഖ് അഹമ്മദ് പറയുന്നു.
Content Highlight: Rafeeq Ahemmmad Says Violence In Films Increase Crime