ഒരുപാട് മനോഹരമായ ഗാനങ്ങള്‍ക്ക് വരികളെഴുതിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. നോവലെഴുത്തുകാരന്‍, ചലച്ചിത്ര ഗാനരചയിതാവ്, കവി എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സാഹിത്യത്തിലും കലയിലും അധികാരമോ ഭരണകൂടമോ ഇടപെട്ട് സെന്‍സര്‍ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണ് റഫീഖ് അഹമ്മദ്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നമ്മുടെ സമൂഹത്തില്‍ വന്നതിന്റെ അര്‍ഥം നമ്മുടെ സമൂഹം ഒരുപാട് പക്വതപ്പെട്ടു എന്നതാണെന്നും ഇതെല്ലം സമൂഹം ഒരുപാട് മുന്നോട്ട് പോകുന്നതിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം ഉണ്ടെന്ന് വെച്ച് വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുന്നത് ശരിയല്ലെന്നും സെന്‍സറിങ് ഭരണാകൂടത്തിന്റെ ആവശ്യമാണ്, ജനങ്ങളുടേതല്ലെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സാഹിത്യം, കല എന്നൊക്കെ ഉള്ളതിലേക്ക് പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചേര്‍ക്കുമ്പോള്‍ അങ്ങനെ വളരെ പ്ലെയിന്‍ ആയിട്ട് ചെയ്യാന്‍ കഴിയില്ലെന്നും റഫീഖ് അഹമ്മദ് പറയുന്നു.
‘ചുറ്റിക നമ്മുടെ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ ആണി അടിച്ച് ഉറപ്പിക്കാനോ മറ്റോ നമ്മള്‍ ഉപയോഗിക്കും, ഇതേ സാധനം ഒരു കുട്ടിയുടെ കൈയ്യില്‍ കൊടുത്തുകഴിഞ്ഞാല്‍ ചിലപ്പോള്‍ എല്ലാം അടിച്ച് തകര്‍ത്ത് കളയും.
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നമ്മുടെ സമൂഹത്തില്‍ വന്നതിന്റെ അര്‍ഥം എന്താണെന്ന് വെച്ചാല്‍ നമ്മുടെ സമൂഹം ഒരുപാട് പക്വതപ്പെട്ടു എന്നതാണ്. നമ്മള്‍ കുറേകൂടി വിശാലമായിട്ട് ചിന്തിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം വളര്‍ന്നു എന്നാണ്. അതുകൊണ്ട് തന്നെയാണ് നമ്മള്‍ ജന്‍ഡര്‍ പൊളിറ്റിക്സും മാറ്റിനിര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയവുമെല്ലാം സംസാരിക്കുന്നത്. ആരെയും നമ്മളിപ്പോള്‍ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നില്ല. ഇതെല്ലം സമൂഹം ഒരുപാട് മുന്നോട്ട് പോകുന്നതിന്റെ ലക്ഷണമാണ്.
സാഹിത്യം, കല എന്നൊക്കെ ഉള്ളതിലേക്ക് പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചേര്‍ക്കുമ്പോള്‍ അങ്ങനെ വളരെ പ്ലെയിന്‍ ആയിട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ ആദ്യം പറഞ്ഞപോലെ ഇതൊരു ടൂളാണ്.
ബഷീറിന്റെ പുസ്തകങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ മണ്ടന്‍ മുസ്തഫ, ഒറ്റക്കണ്ണന്‍ പോക്കര്‍ അങ്ങനെയുള്ള പേരുകള്‍ തന്നെയുണ്ട്. അതൊക്കെ പൊളിറ്റിക്കലി കറക്റ്റല്ല, ബോഡി ഷെയ്മ്മിങ് ആണെന്നൊക്കെ പറഞ്ഞാല്‍, അങ്ങനെയല്ല അതിനെ കാണേണ്ടത്.
സാഹിത്യത്തില്‍ ഒരുതരത്തിലുള്ള സെന്‍സറിങ്ങും അനുവദിക്കുന്നൊരാളല്ല ഞാന്‍. സെന്‍സറിങ് ഭരണകൂടത്തിന്റെ ആവശ്യമാണ്. ജനങ്ങളുടേതല്ല. ഭരണകൂടത്തിന് ചിലപ്പോള്‍ ചില കാര്യങ്ങള്‍ പറയുന്നതില്‍ പേടി ഉണ്ടാകും. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുണ്ടാകും. യാഥാസ്ഥിതീകമായിട്ടുള്ളൊരു സമൂഹത്തിന്റെ കെട്ടുറപ്പിനെ കുറിച്ച് ആശങ്കകളുള്ളവര്‍ക്കുണ്ടാകും. അല്ലെങ്കില്‍ എന്താണ് പേടിക്കാനുള്ളത്?
ലോകം മുഴുവനും ഉണ്ടായത് പുതിയ പുതിയ ആശയങ്ങളില്‍ നിന്നല്ലേ, അല്ലെങ്കില്‍ ലോകം ഇന്ന് കാണുന്ന രീതിയിലേക്കെത്തുമോ. സ്വാതന്ത്ര്യം ഉണ്ടെന്ന് വെച്ച് വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുന്നത് ശരിയല്ല. പക്ഷെ അധികാരമോ ഭരണകൂടമോ ഇടപെട്ട് ഒരു കലാസൃഷ്ടി സെന്‍സര്‍ ചെയ്യുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല,’ റഫീഖ് അഹമ്മദ് പറയുന്നു.
Content Highlight: Rafeeq Ahemmad talks about censoring of Arts By Government And Political Correctness