നമുക്കൊരു സംഗീത സംസ്‌കാരമുണ്ട്; പാശ്ചാത്യ സംഗീതം അതുപോലെ പകര്‍ത്തുന്നതാകരുത് റാപ്പ്: റഫീഖ് അഹമ്മദ്
Movie Day
നമുക്കൊരു സംഗീത സംസ്‌കാരമുണ്ട്; പാശ്ചാത്യ സംഗീതം അതുപോലെ പകര്‍ത്തുന്നതാകരുത് റാപ്പ്: റഫീഖ് അഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th August 2024, 12:33 pm

ഒരുപാട് മനോഹരമായ ഗാനങ്ങള്‍ക്ക് വരികളെഴുതിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. നോവലെഴുത്തുകാരന്‍, ചലച്ചിത്ര ഗാനരചയിതാവ്, കവി എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാള മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ് റാപ്പ് ഗാനങ്ങള്‍. റാപ്പ് ഗാനങ്ങളില്‍ പലതും പാശ്ചാത്യ സംഗീതം അതുപോലെ പകര്‍ത്തുന്നതായി തോന്നിയിട്ടുണ്ടെന്ന് റഫീഖ് അഹമ്മദ് പറയുന്നു.

പാശ്ചാത്യ സംഗീതം അതുപോലെ പകര്‍ത്തരുതെന്നും മറിച്ച് അത് നമ്മുടേതായ രീതിയിലേക്ക് മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല റാപ്പ് ഗാനങ്ങളും ഒരുപോലെ ഉള്ളതായി തോന്നാറുണ്ടെന്നും റഫീഖ് അഹമ്മദ് പറയുന്നു. പരീക്ഷങ്ങള്‍ നടത്താന്‍ ശ്രമിക്കണം, ശ്രമിച്ചാല്‍ അതുനടക്കും കാരണം കഴിവുള്ള കലാകാരന്മാരാണ് ഈ രംഗത്തുള്ളതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

‘ഞാന്‍ ഒരു ആക്ഷേപമായിട്ട് പറയുന്നതല്ല. നമുക്ക് ഒരു സംഗീത സംസ്‌കാരവും പാരമ്പര്യവും ഭാഷയും സാഹിത്യവുമെല്ലാം ഉണ്ട്. നമ്മള്‍ മറ്റുള്ളവരെ അതേ പോലെ പകര്‍ത്തേണ്ട കാര്യമില്ല, അത് നമ്മുടേതായിട്ടുള്ള രീതിയിലേക്ക് മാറ്റണം. അതിനെയാണ് പ്രതിഭ എന്ന് പറയുന്നത്.

അത് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നത്.., ഇല്ല എന്നൊന്നും ഞാന്‍ പറയില്ല. മുഴുവനായിട്ടൊന്നും എനിക്കതറിയില്ല. പലപ്പോഴും അത്തരം ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരേപോലെയുള്ള സാധനം വീണ്ടും വീണ്ടും കേട്ട് ബോറടിക്കാറുണ്ട്. എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ നടത്തണം. പരീക്ഷങ്ങള്‍ നടത്തണം, നടക്കും കാരണം അത്രയും കഴിവുള്ള കലാകാരന്‍മാര്‍ ആ രംഗത്തുണ്ട്,’ റഫീഖ് അഹമ്മദ് പറയുന്നു.

താളാത്മകമായ സംസാര രീതിയിലുള്ള പാട്ടുകളെയാണ് റാപ്പ് ഗാനങ്ങള്‍ എന്ന് പറയുന്നത്. ഹിപ്പ്-ഹോപ്പ് പാട്ടുകളുടെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് റാപ് ഗാനങ്ങള്‍ എന്നും വേണമെങ്കില്‍ പറയാം. അമേരിക്കയില്‍ ജന്മം കൊണ്ട ഈ സംഗീത രൂപത്തില്‍ നിന്നും പ്രചോദനം കൊണ്ട് നിരവധി സംഗീതജ്ഞര്‍ അവരവരുടെ ഭാഷയിലും റാപ്പ് ഗാനങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാണ്. മലയാളത്തിലും റാപ്പ് ഗാനങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്.

Content Highlight: Rafeeq Ahammed Talks About Rap Music In Kerala