തൃശ്ശര്‍: തിരക്കഥാ രംഗത്തും ചുവട് ഉറപ്പിച്ച് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയുടെ തിരക്കഥയാണ് റഫീഖ് അഹമ്മദ് ഒരുക്കുന്നത്.
പ്രണയമാണ് സിനിമയുടെ പ്രമേയം. ബോളിവുഡ് സംവിധായകന്‍ അബ്ബാസ് മസ്താന്റെ മകനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.
സംവിധായകന്‍ വിജീഷ് മണി തന്നെ റഫീഖ് അഹമ്മദിന് എഴുത്ത് സാമഗ്രികള്‍ കൈമാറി. ഗുരുവായൂര്‍ കിഴക്കേ ദീപസ്തംഭത്തിന് മുന്നില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഇവ കൈമാറിയത്.
പ്രണയത്തിന്റെ പര്യായമായ കണ്ണന്റെ തിരുനടയില്‍നിന്നുതന്നെ ആദ്യ തിരക്കഥ തുടങ്ങാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാര്‍ഡും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും റഫീഖ് അഹമ്മദ് നേടിയിട്ടുണ്ട്. പി. ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഗര്‍ഷോം’ എന്ന സിനിമയ്ക്ക് വരികളെഴുതിയാണ് സിനിമാ ലോകത്ത് തുടക്കം കുറിക്കുന്നത്.
2017ല്‍ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമ ‘വിശ്വഗുരു’വാണ് സിനിമാ നിര്‍മാതാവ് കൂടിയായ വിജീഷ് മണിയുടെ ആദ്യ സിനിമ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക