| Thursday, 14th December 2017, 10:27 pm

രാഹുല്‍ ഈശ്വറിനുമൊപ്പമുള്ള സദ്ഭാവനയാത്ര മാറ്റിവെച്ചതായി റഫീഖ് അഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മതവിരുദ്ധതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ വിശ്വാസികള്‍ സംഘടിക്കണമെന്ന സന്ദേശവുമായി കെ.പി രാമനുണ്ണിയ്ക്കും രാഹുല്‍ ഈശ്വറിനുമൊപ്പം നടത്താനിരുന്ന സദ്ഭാവനായാത്ര നീട്ടി വെച്ചതായി റഫീഖ് അഹമ്മദ്. കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായാണ് നീട്ടിവെക്കുന്നതെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

“ഇതൊരു ശബരിമല യാത്ര മാത്രമായി ചില സുഹൃത്തുക്കള്‍ ചുരുക്കിക്കണ്ടത് പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടോ മറ്റോ ആയിരിക്കും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നഖങ്ങള്‍ ഉരച്ചു മൂര്‍ച്ച കൂട്ടുമ്പോള്‍ കിട്ടുന്ന ഒരു സുഖം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതിലും സന്തോഷം മാത്രം.”

നേരത്തെ ഡിസംബര്‍ 27 ന് കാഞ്ഞങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 30 ന് ശബരിമലയില്‍ എത്തുമെന്നായിരുന്നു മൂവരും അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനത്തിനെതിരെ വിവിധ മേഖലകളില്‍ നിന്നും എതിര്‍പ്പും വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ സുഹൃത്തുക്കളെ,

സദ്ഭാവനായാത്ര എന്ന പേരില്‍ കെ.പി.രാമനുണ്ണിയും രാഹുല്‍ ഈശ്വറും ഞാനും കൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഗ്ഗീയതക്കെതിരായ ദേവാലയ സന്ദര്‍ശനം കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായി നീട്ടിവെക്കാന്‍ തീരുമാനിച്ചു.

സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് ലഭിച്ച പ്രതികരണങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ക്കും നന്ദി.

ശ്വാസം പോലെ സ്വാഭാവികമായിരുന്ന മതേതര ബഹുസ്വരത മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ശീതീകൃത മുറികളിലെ വാചാടോപങ്ങളെക്കാളും, സാമൂഹ്യ മാധ്യമച്ചുമരുകളിലെ സിനിസിസത്തെക്കാളും ഫലപ്രദമാവുക വിശ്വാസികളായ സാധാരണക്കാരുമായി സംസാരിക്കലാവില്ലേ എന്ന വിചാരം ശരിയാണെന്നു തോന്നിയതിനാലാണ് കൂട്ടു ചേരാന്‍ തയ്യാറായത്.

കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍ ദേവാലയങ്ങളാണ് സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തത്. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും ശുദ്ധാത്മാക്കളായ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇന്ന് അസഹിഷ്ണുത പെറ്റുപെരുകുന്നത് .

ഇതൊരു ശബരിമല യാത്ര മാത്രമായി ചില സുഹൃത്തുക്കള്‍ ചുരുക്കിക്കണ്ടത് പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടോ മറ്റോ ആയിരിക്കും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നഖങ്ങള്‍ ഉരച്ചു മൂര്‍ച്ച കൂട്ടുമ്പോള്‍ കിട്ടുന്ന ഒരു സുഖം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതിലും സന്തോഷം മാത്രം.

എന്റെ ബാല്യകൗമാരങ്ങളില്‍ അനുഭവിച്ച മതാതീതമായ ഒരു മനുഷ്യത്തെളിച്ചം എന്റെയും നിങ്ങളുടെയും നമ്മുടെയും മക്കള്‍ക്കു കൂടി കിട്ടുമാറാകട്ടെ എന്നതില്‍ കവിഞ്ഞ ഒരു ഹിഡന്‍ അജണ്ടയും വ്യക്തിപരമായി എനിക്കില്ല.

ഏതായലും ഇത്തരമൊരു ദൗത്യം സുതാര്യവും സുവ്യക്തവും സംശയാതീതവുമായിരിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ സുമസ്സുകളുടെയും ജാഗ്രത്തായ പ്രതികരണങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി . വര്‍ഗ്ഗീയ വിമുക്തമായ കേരളം നമ്മുടെ എല്ലാവരുടെയും ആവശ്യമാണല്ലൊ.

സ്‌നേഹാദരങ്ങളോടെ,

റഫീക്ക് അഹമ്മദ്.

We use cookies to give you the best possible experience. Learn more