|

'ദൈവത്തെ വിളിച്ചു കരയുന്ന നജീബ്'; ആടുജീവിതത്തിലെ പാട്ടിനെക്കുറിച്ച് റഫീഖ് അഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ പാട്ടുകൾ രചിച്ചത് റഫീഖ് അഹമ്മദാണ്. ആടുജീവിതത്തിലെ ഗാനങ്ങളെക്കുറിച്ച് മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ സംസാരിക്കുകയാണ് റഫീഖ്.

ചിത്രത്തിലെ ഒരു പാട്ട് നജീബിന്റെ പ്രണയത്തിന്റെ നിറവുകളുള്ള പാട്ടാണെന്നും അതിൽ ജലത്തിന്റെ സാന്നിധ്യം കൊണ്ടുവരാൻ നോക്കിയിട്ടുണ്ടെന്നും റഫീഖ് പറഞ്ഞു. മരുഭൂമിയിൽ വെള്ളം കിട്ടാത്തതുകൊണ്ടാണ് പാട്ടിൽ ജലസ്പർശം കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളതെന്നും റഫീഖ് കൂട്ടിച്ചേർത്തു. നജീബ് മരുഭൂമിയിൽ അനാഥനായി ദൈവത്തെ വിളിച്ച് കരയുന്ന ഒരു പാട്ടും ചിത്രത്തിൽ ഉണ്ടെന്ന് റഫീഖ് പറയുന്നുണ്ട്.

‘ആ നോവൽ നന്നായിട്ട് വായിച്ചിട്ടുള്ളത് ആയതുകൊണ്ട്, ബ്ലെസിയെ പോലെയുള്ള ഒരു സംവിധായകന് അതിനെന്താണ് വേണ്ടത് എന്ന് കൃത്യമായിട്ട് അറിയുന്ന ഒരാളാണ്. നജീബ് എന്ന കഥാപാത്രം മധുവിധു തീരുന്നതിനുമുമ്പൊക്കെയാണ് ഗൾഫിലേക്ക് പോകുന്നത്. അയാൾ മരുഭൂമിയിൽ അകപ്പെടുന്നതിനു മുൻപുള്ള ആ ഒരു കാലഘട്ടത്തിൽ അയാളുടെ പ്രണയത്തിന്റെ നിറവുകളാണ് അതിലെ ഒരു പാട്ടിലുള്ളത്.

നമ്മളത് വായിച്ചതുകൊണ്ട് അധികം വിശദീകരിക്കേണ്ട കാര്യമില്ല. ആ പാട്ടിനകത്ത് മുഴുവൻ ജലത്തിന്റെ സാന്നിധ്യം കൊണ്ടുവരാൻ ശ്രമിച്ചു. വെള്ളമാണ് അതിന്റെ ഒരു പ്രധാന ഘടകം. മരുഭൂമിയിൽ വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന ഒരുപാട് രംഗങ്ങൾ ഉണ്ടല്ലോ. മരുഭൂമി എന്നുപറയുന്ന സ്ഥലം നിർജലമാണല്ലോ. ജലത്തിന്റെ സാന്നിധ്യമുള്ള ഒരു രീതിയിലാണ് സംഗീതം. തീർച്ചയായും ഒരു ജലസ്പർശമുള്ള സംഗീതമായിരിക്കും. മറ്റൊന്ന് മരുഭൂമിയിൽ അയാൾ അനാഥനായി ദൈവത്തെ വിളിച്ചു കരയുന്ന ഒരു പാട്ടാണ്, ഒരു നിലവിളി പോലുള്ള ഒരു പാട്ടുണ്ട്,’ റഫീഖ് പറഞ്ഞു.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ആടുജീവിതം. സിനിമകളിലൊന്നാണ് ആടുജീവിതം. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും, സുനില്‍ കെ.എസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നു. കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.

Content Highlight: Rafeeq ahammed about aadujeevitham movie’s song

Latest Stories

Video Stories