| Monday, 27th May 2019, 8:27 am

വര്‍ഗീയ പരാമര്‍ശങ്ങളുള്ള പോസ്റ്റ് തന്റേതല്ല; സംഘപരിവാര്‍ അനുകൂല അക്കൗണ്ടില്‍ നിന്നുവന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് കവി റഫീഖ് അഹമ്മദ്; വ്യാജവും യാഥാര്‍ഥ്യവും ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശങ്ങളുമായി പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. വിഷലിപ്തമായ, ഇരുട്ടുനിറഞ്ഞ മനസ്സുകളുമായി കുറേപ്പേര്‍ നമുക്കു ചുറ്റിലുമിരുന്ന് നീചവും കുടിലവുമായ എന്തൊക്കെയോ കര്‍മ്മങ്ങളില്‍ വ്യാപൃതരായി കഴിയുന്നുവെന്ന അറിവാണ് ഇതു നല്‍കുന്നതെന്നും അതു സന്തോഷം നല്‍കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നേരത്തേ വ്യാജപോസ്റ്റിനെതിരേ അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ‘ഉത്തമന്‍ തെക്കേപ്പാട്ട്’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇതു പ്രചരിക്കുന്നതെന്നു റഫീഖ് നേരത്തേ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ചിത്രം പ്രൊഫൈല്‍ പിക്ക് ആക്കിയിരിക്കുന്ന ഈ അക്കൗണ്ടില്‍ സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ മാത്രമാണുള്ളത്. സംഭവം വിവാദമായിട്ടും ഈ അക്കൗണ്ടില്‍ റഫീഖിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് കിടപ്പുണ്ട്. വോട്ടെണ്ണലിന്റെ തലേദിവസമായ മെയ് 22-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആ പോസ്റ്റ് നിര്‍മ്മിച്ചെടുക്കുകയും അതിന്റെ സ്രഷ്ടാവിനെ വ്യാജമായി നിശ്ചയിക്കുകയും ചെയ്തതിനു പിറകില്‍ സാമര്‍ത്ഥ്യവും ബുദ്ധിയുമുള്ള മനസ്സുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ മിടുക്ക് ഒരര്‍ത്ഥത്തില്‍ അഭിനന്ദനീയവുമാണെന്ന് ഇന്നു രാവിലെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ റഫീഖ് പറയുന്നു. സംഘപരിവാറിനെതിരേ പോസ്റ്റില്‍ രൂക്ഷവിമര്‍ശനവുമുണ്ട്.

വ്യാജപോസ്റ്റ് ഇങ്ങനെ:

“ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ചത്, ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാന്‍ കാരണം ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്….

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോള്‍…. ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവന്‍ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍… നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോള്‍…. നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാന്‍ വേണ്ടി മറ്റു മതങ്ങളെ സ്റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോള്‍… നമ്മുടെ മത ഗ്രന്ധം മഹത്വവല്‍ക്കരിക്കാന്‍ മറ്റ് മതഗ്രന്ധങ്ങളില്‍ കലര്‍പ്പുണ്ടെന്നും യഥാര്‍ത്ഥ മതഗ്രന്ധം നമ്മുടേതാണെന്നും ആയിരങ്ങളെ വിളിച്ചു വരുത്തി സ്റ്റേജ് കെട്ടി പരസ്യമായി വിളിച്ചുപറഞ്ഞ് മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തപ്പോള്‍…. സഹോദര മത നേതാക്കളെ സ്റ്റേജില്‍ വിളിച്ചു വരുത്തി വാദപ്രതിവാദം നടത്തി ആക്ഷേപിച്ച് അനുയായികളുടെ കയ്യടി വാങ്ങിയപ്പോള്‍….

*നമ്മളോര്‍ത്തില്ല….ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്..!* അവര്‍ നമ്മളോട് സ്റ്റേജില്‍ ഏറ്റുമുട്ടുന്നതിന് പകരം സ്വയം അവരുടെ ശക്തി തിരിച്ചറിയുകയായിരുന്നു എന്ന്…. ഒന്നിച്ച് നിന്ന് നമുക്കെതിരെ തിരിയാന്‍ നമ്മളവരെ പഠിപ്പിക്കുകയായിരുന്നു എന്ന്..!

നമ്മുടെ ജാറങ്ങളും ആണ്ടു നേര്‍ച്ചകളും പള്ളികളും പെരുന്നാളുകളും സ്വന്തമായി കരുതി ആഘോഷിക്കുകയും കാണിക്കയിടുകയും ചെയ്ത് പോന്ന ഭൂരിപക്ഷ സമുദായത്തിന് മതത്തിന്റെ കണ്ണട വെച്ചു നമ്മളെ നോക്കി കാണാന്‍ നമ്മളാണ് അവരെ പഠിപ്പിച്ചത്. നമ്മള്‍ തന്നെയാണ് പഠിപ്പിച്ചത്..

ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരില്‍ രാജ്യത്ത് വേര്‍തിരിവുണ്ടാക്കിയാല്‍ ഭൂരിപക്ഷ മതം ആയിരിക്കും അധികാരത്തില്‍ വരുക എന്നും….പൗരോഹിത്യ അഹങ്കാരത്തില്‍ കേവലം ന്യൂനപക്ഷമായ നമ്മളോര്‍ത്തില്ല… സ്റ്റേജില്‍ മറ്റ് മത ഗ്രന്ധങ്ങളുടെ പേജ് നംബര്‍ കാണാപാഠം പഠിച്ച് കുറവുകള്‍ ഒന്നൊന്നായി എണ്ണി കയ്യടി വാങ്ങിയപ്പോള്‍…. ആവേശത്തിമര്‍പ്പില്‍ മതേതരത്വം എന്താണെന്ന് നമ്മളോര്‍ത്തില്ല… ഒടുവില്‍ എല്ലാം കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ ഇതാ ആകാശത്തേക്ക് കൈയുയര്‍ത്തുന്നു….!”

 

യാഥാര്‍ഥ്യം ഇങ്ങനെ (റഫീക്ക് മറുപടിയായി എഴുതിയത്):

“ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് നാട്ടില്‍ ഭൂരിപക്ഷ മത വര്‍ഗീയതയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും വേരോട്ടമുണ്ടാക്കിക്കൊടുത്തത് എന്നും മറ്റും പറയുന്ന ഒരു പോസ്റ്റ് എന്റെ പേരില്‍ പ്രത്യക്ഷപ്പെടുകയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു, കഴിഞ്ഞ ദിവസങ്ങളില്‍. ഫേസ്ബുക്കില്‍ ഇടയ്‌ക്കെങ്കിലുെമൊക്കെ സാമൂഹ്യ / രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ ഞാനും കുറിച്ചിടാറുണ്ട്. വളരെ പരിമിതമായ എണ്ണം ആളുകളേ അത് ശ്രദ്ധിക്കാറുള്ളു. എന്നാല്‍ ഈ പോസ്റ്റ് ആയിരക്കണക്കിന് ആളുകളിലേക്ക്, നൂറുകണക്കിന് വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് സഞ്ചരിച്ചു. ലോകത്തിന്റെ വിദൂരമായ കോണുകളിലേക്കു പോലും എത്തിച്ചേര്‍ന്നു. പലരും വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് വിവരം എന്റെ ശ്രദ്ധയില്‍ പെടുന്നത്.

ഈ സംഭവം തന്ന തിരിച്ചറിവുകള്‍ സുഖകരമല്ല. വിഷലിപ്തമായ, ഇരുട്ടു നിറഞ്ഞ മനസ്സുകളുമായി കുറേ പേര്‍ നമുക്ക് ചുറ്റിലുമിരുന്ന് നീചവും കുടിലവുമായ എന്തൊക്കെയോ കര്‍മ്മങ്ങളില്‍ വ്യാപൃതരായി കഴിയുന്നു എന്ന അറിവ് സന്തോഷകരമല്ല. നന്മയെക്കുറിച്ചോ മനുഷ്യാന്തസ്സിനെക്കുറിച്ചോ അവരോട് സംസാരിക്കുന്നത് നിഷ്പ്രയോജനകരമാവുന്നു. തങ്ങളുടെ ചെറു ജീവിതത്തിന്റെ ലക്ഷ്യം ലോകത്തെ കുറച്ചു കൂടി ഇരുട്ടിലാഴ്ത്തല്‍ ആണെന്ന് അവര്‍ നിശ്ചയിച്ചിരിക്കുന്നു.

ആ പോസ്റ്റ് നിര്‍മ്മിച്ചെടുക്കുകയും അതിന്റെ സ്രഷ്ടാവിനെ വ്യാജമായി നിശ്ചയിക്കുകയും ചെയ്തതിനു പിറകില്‍ സാമര്‍ത്ഥ്യവും ബുദ്ധിയുമുള്ള മനസ്സുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ മിടുക്ക് ഒരര്‍ത്ഥത്തില്‍ അഭിനന്ദനീയവുമാണ്. പക്ഷെ മനുഷ്യന്‍ എന്ന വലിയ പരികല്പനയോട് ചേര്‍ന്നു നില്‍ക്കുന്ന, അതിനെ അര്‍ത്ഥവത്താക്കുന്ന മൂല്യങ്ങളുടെ പ്രകാശ ഭാഗത്തു കൂടി നോക്കുമ്പോള്‍ എന്തൊരു ഇരുട്ടാണ്, എന്തിനു വേണ്ടിയാണ് ഇത്രയും നീചത്വങ്ങള്‍ ഈ സുഹൃത്തുക്കള്‍ സ്വയം പേറി നടക്കുന്നത് എന്ന വിചാരം വല്ലാതെ അസ്വസ്ഥതയുളവാക്കുന്നു. ആ പോസ്റ്റിലെ അപക്വവും വക്രീകരിച്ചതുമായ ആശയങ്ങള്‍, ഭാഷയിലുള്ള പിടിപ്പുകേടുകൊണ്ടു വന്ന വാചകപ്പിശകുകള്‍, അക്ഷരത്തെറ്റുകള്‍ ഇവയെല്ലാം തിരിച്ചറിഞ്ഞ ഒട്ടനവധി പേര്‍ അതിന്റെ കര്‍ത്താവ് ഞാനല്ല എന്ന് മനസ്സിലാക്കിയെങ്കിലും ചിലരെങ്കിലും തെറ്റിദ്ധരിച്ചു. അവരില്‍ ചിലര്‍ സത്യം തുറന്നു പറയുവാനുള്ള എന്റെ ആര്‍ജവത്തെ പുകഴ്ത്തി. മറ്റു ചിലര്‍ വീണ്ടും അധികാരാരോഹണം ചെയ്ത വര്‍ഗീയ ശക്തികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുതലെടുപ്പു നടത്താനുള്ള എന്റെ ഗൂഢോദ്ദേശ്യത്തെ വിമര്‍ശിച്ചു.

എന്റെ പേരില്‍ പ്രചരിച്ച, പ്രചരിക്കുന്ന ആ പോസ്റ്റിലും ചില ശരികള്‍ ഉണ്ടാവാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി *കേരളത്തിന്റെ* സവിശേഷ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതില്‍ ന്യൂനപക്ഷ മതമൗലികവാദങ്ങളും, സാമ്പത്തിക ഹുങ്കും, തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്റേതായ രീതിയില്‍ ഞാനീ സത്യം പറയാന്‍ ശ്രമിക്കാറുണ്ട്.

പക്ഷെ *ഇന്ത്യയെ* സമഗ്രമായി നോക്കിക്കാണുമ്പോള്‍ ഇന്ന് അതിനെ നീരാളിക്കൈകളില്‍ അമര്‍ത്തിക്കഴിഞ്ഞ വിദ്വേഷത്തിന്റെ വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ദശാബ്ദങ്ങളുടെ വലിയ ചരിത്രമാണുള്ളത് എന്നു കാണാം. സാമ്രാജ്യത്വ ഗൂഢാലോചനയുടെ, വിഭജനത്തിന്റെ, വിഭാഗീയതയുടെ, കലാപങ്ങളുടെ, വഞ്ചനകളുടെ, പിതൃ ഘാതകത്വത്തിന്റെ നീചവും കുടിലവും ചോര മണക്കുന്നതുമായ പാരമ്പര്യ വഴികളുണ്ട്. അധികാരത്തിനും സമ്പത്തിനും പ്രാമാണികതയ്ക്കും വേണ്ടി നൂറ്റാണ്ടുകളെ അടിമ കിടത്തിയ, ചങ്ങലക്കി ലുക്കങ്ങളുണ്ട് ഭ്രാതൃ രക്തത്തിന്റെ കഴുകിയാല്‍ പോകാത്ത രക്തക്കറകള്‍ ഉണ്ട്. ഉള്ളിലുറങ്ങിക്കിടക്കുന്ന ഇരുട്ടുകുത്തിയ വിശ്വാസങ്ങളുടെ കീറ മാറാപ്പുകള്‍ ഉണ്ട്. അവയിലൂട ത്രയും സഞ്ചരിച്ച് ഒരു മഹാ സംസ്‌കൃതി ഇന്ന് എത്തി നില്‍ക്കുന്ന ദശാസന്ധി അങ്ങേയറ്റം മ്ലാനമാണ്, വ്യാകുലമാണ്, ഭീഷണമാണ്.

വര്‍ഗീയത അപരിഷ്‌കൃതത്വത്തിന്റെ അടയാളമായി, അജ്ഞാനത്തിന്റെ ബാധ്യതയായി, നാഗരികതയുടെ മറുപുറമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു. തര്‍ക്കിച്ച് തര്‍ക്കിച്ച് മുന്നേറുമ്പോള്‍ ആത്മമിത്രത്തിന്റെ പോലും കണ്ണിന്റെ ആഴങ്ങളില്‍ അപരിചിതമായ, ക്രൗര്യമാര്‍ന്ന ഒരു മൃഗത്തിളക്കം മിന്നിമറയുന്നതു കാണുന്നു. അത് ഇന്നോളം മനുഷ്യവര്‍ഗം ആര്‍ജ്ജിച്ച എല്ലാ വെളിവുകളെയും റദ്ദ് ചെയ്യുന്നത് അഗാധമായ വ്യസനത്തോടെ ഞാന്‍ നോക്കി നില്‍ക്കുന്നു.”

Latest Stories

We use cookies to give you the best possible experience. Learn more