വര്‍ഷം 1934, രംഗം കേന്ദ്ര അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ്. മലബാര്‍
ഒരു ഭാഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി കണ്ട സമുന്നതനായ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. മറുഭാഗത്ത് അഖിലേന്ത്യാ മുസ്‌ലിം ലീഗനുഭാവിയായ അബ്ദുള്‍ സത്താര്‍ സേട്ട്.
മുഇമിനല്ലാത്ത അബ്ദുറഹ്മാന് വോട്ട് ചെയ്യരുതെന്ന് മുസ്‌ലിം ലീഗ് കവലകളില്‍ മൈക്ക് കെട്ടി മുക്കിന് മുക്കിന് പ്രസംഗിച്ചു. “കാഫിറബ്ദുറഹ്മാന്‍ ” എന്നായിരുന്നു പട്ടം. ഏത്, നിങ്ങളീ വോട്ട് ചോദിക്കുന്ന രീതി ശരിയല്ല. അല്‍പ്പം കൂടി സ്ട്രാറ്റജിക്കാവണം എന്നാവശ്യപ്പെട്ട അനുയായിയോട് ആളുകളെന്നെ ഏത് നിലയില്‍ കണ്ടാലും കുഴപ്പമില്ല. മുനാഫിഖ് (കപടവിശ്വാസി) എന്ന് മാത്രം കാണാതിരുന്നാല്‍ മതിയെന്ന് മറുപടി പറഞ്ഞ കടുത്ത വിശ്വാസിയായിരുന്ന അബ്ദുറഹ്മാന്‍ സാഹിബിനാണ് ലീഗ് അവിശ്വാസി പട്ടം ചാര്‍ത്തിക്കൊടുത്തത്.
ലീഗിന്റെ പ്രശ്‌നം അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മമ്പുറം റെസ്റ്ററേഷന്‍ കമ്മിറ്റി രൂപീകരിച്ചതും സയ്യിദ് ഫസല്‍ പൂക്കോയത്തങ്ങളുടെ പിന്മുറക്കാരെ നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളുമായിരുന്നു. രാഷ്ട്രീയ കാരണത്താല്‍ നാട് കടത്തപ്പെട്ട ആദ്യ വ്യക്തിയായിരുന്നു ഫസല്‍ തങ്ങള്‍. സ്വദേശാഭിമാനിക്ക് എത്രയോ മുമ്പേ ഫസല്‍ തങ്ങളുടെ പിന്മുറക്കാരന്‍ സയ്യിദ് അലിയുമായി സാഹിബ് ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ അതീവ രഹസ്യമായി യമനില്‍ നിന്ന് മദ്രാസ് വഴി മലബാറിലെത്തിച്ചിരുന്നു. പക്ഷേ ട്രെയിനില്‍ നിന്ന് പരപ്പനങ്ങാടിയിറങ്ങാന്‍ സയ്യിദ് അലിയെ ബ്രിട്ടീഷ് അധികൃതര്‍ സമ്മതിച്ചില്ല.
ഫനാറ്റിക്കല്‍ ഔട്ട് റേജ്‌സ് എന്നവര്‍ വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ അസംഖ്യം മാപ്പിള കര്‍ഷക കലാപങ്ങളുടെ സൂത്രധാരന്റെ കൊച്ചുമകന്‍ തിരികെ മലബാറിലെത്തുന്നത് ബ്രിട്ടീഷ് ഭരണകൂടം ശരിക്കും ഭയപ്പെട്ടിരിക്കണം. കോഴിക്കോട്ട് നിന്ന് ഫ്രഞ്ച് അധീന പ്രദേശമായ മയ്യഴിയില്‍ കൊണ്ട് പോയി സയ്യിദ് അലിയെ താമസിപ്പിക്കുകയാണ് സാഹിബ് ചെയ്തത്. അറസ്റ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഒട്ടും സുരക്ഷിതനല്ലെന്നും തിരിച്ചറിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് സയ്യിദ് അലി തിരിച്ചു പോയി. അതിനു ശേഷം മമ്പുറം തങ്ങന്മാരുടെ നേരവകാശികളാരും മലബാറിലേക്കെത്തിയില്ല. അഥവാ സയ്യിദലിയോ ഫസല്‍ തങ്ങളുടെ മറ്റേതെങ്കിലും പിന്മുറക്കാരോ കേരളത്തിലെത്തിയിരുന്നെങ്കില്‍ മലയാള മുസ്‌ലീങ്ങളുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാവുമായിരുന്നു.
കാരണം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്ത് പോരാടാന്‍, അങ്ങനെ പോരാടുന്നതിനിടെ മരിച്ചാല്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട ശഹീദാവുമെന്ന് ഉറപ്പു കൊടുത്ത, ഒരു ഇസ്‌ലാമിക പ്രാമണത്തിന്റെയും അടിസ്ഥാനമില്ല എന്നുറപ്പുണ്ടായിട്ടും കലാപങ്ങളില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കബറിടത്തെ സാമ്രാജ്യത്വവിരോധം ആളിക്കത്തിക്കാനുള്ള ഉപകരണമാക്കിയ മമ്പുറം തങ്ങന്മാര്‍ നാട്ടിലെത്തിയാല്‍ കാണുന്ന കാഴ്ച്ച അതിവിചിത്രമായിരുന്നേനേ. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തതിന് ഖാന്‍ ബഹദൂറെന്ന ബഹുമതിപത്രം കിട്ടിയ പി.എം ആറ്റക്കോയ തങ്ങളായിരുന്നു അന്ന് മമ്പുറത്തെ ആത്മീയ നേതൃത്വം. സംശയമൊന്നും വേണ്ട അദ്ദേഹം മുസ്‌ലിം ലീഗിന്റെ കൂടി നേതാവായിരുന്നു. ഈ ഖാന്‍ ബഹദൂറിന്റെ പിന്മുറക്കാര്‍ ആരൊക്കെയായിരുന്നു എന്ന് ഞാനായിട്ട് പറയുന്നില്ല.
അതായത്, “മമ്പുറം” സാമ്രാജ്യത്വ വിരുദ്ധ കലാപത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്ന് ബ്രിട്ടീഷ് പാദസേവയുടെ നാണം കെട്ട അധ്യായത്തിലേക്ക് തിരിയുന്ന, തന്ത്രപൂര്‍വ്വം അത് ആസൂത്രണം ചെയ്ത് മുസ്‌ലിം ജനസാമാന്യത്തെ വരുതിയിലാക്കുന്ന, മുസ്‌ലിം നവോത്ഥാനവും സാമ്രാജ്യത്വ വിരുദ്ധതയും അടിമുടി സ്തംഭിപ്പിക്കപ്പെട്ട നിര്‍ണായക സന്ദര്‍ഭത്തില്‍ ഫസല്‍ പൂക്കോയ തങ്ങളുടെ ചെറുമകന്‍ നാട്ടിലെത്തുന്നത് ലീഗ് ഭയപ്പെട്ടിരിക്കണം. അപ്പോള്‍ അതിന് കരുനീക്കിയ അബ്ദുറഹ്മാന്‍ സാഹിബിനെ കാഫിറാക്കാതിരിക്കാന്‍ നിവൃത്തിയില്ലല്ലോ.
മലബാര്‍ കലാപനാന്തരം ചിതറിപ്പോയ ഏറനാട്ടിലെ മാപ്പിളമാരുടെ ദുരവസ്ഥ പരിഹരിക്കാന്‍ അഹോരാത്രം പണിയെടുത്ത ഒരാള്‍ കൂടിയാണീ അബ്ദുറഹ്മാന്‍ സാഹിബെന്നോര്‍ക്കണം. പുലിക്കോട്ടില്‍ ഹൈദരുടെ തിരൂര്‍ പാട്ട് പോലുള്ളവയില്‍ ആണുങ്ങളെല്ലാം ജയിലിലോ ഒളിവിലോ ആയി പട്ടിണികൊണ്ട് സഹികെട്ട് ശരീരം വില്‍ക്കാനിറങ്ങിയ മലബാറിലെ മാപ്പിള സ്ത്രീകളെക്കുറിച്ചും അവര്‍ വഴിയോരങ്ങളില്‍ കെട്ടിപ്പൊക്കിയ ചോറ്റുപുര എന്ന കച്ചവടകേന്ദ്രങ്ങളെക്കുറിച്ചുമുള്ള ദയനീയ വിവരണങ്ങള്‍ കാണാം.
അരയണയ്ക്ക് ചോറും ഒരണയ്ക്ക് കെടപ്പുമെന്നാണ് അക്കാലത്തെക്കുറിച്ച് എന്‍.പി.മുഹമ്മദ് പറഞ്ഞത്. ഇവരുടെ ദുരവസ്ഥ പരിഹരിക്കാന്‍ ഓടി നടന്ന് പണിയെടുത്ത, ദേശീയ ദിനപത്രങ്ങളില്‍ മലബാറിലെ മാപ്പിളമാരുടെ ദയനീയ സ്ഥിതി വിവരിക്കുന്ന അസംഖ്യം കുറിപ്പുകളെഴുതി, മലബാര്‍ കലാപം മതലഹളയല്ല കര്‍ഷക കലാപമാണെന്ന് വാദിച്ചുറപ്പിക്കാന്‍ ആദ്യമായി മുന്‍കൈയെടുത്ത അബ്ദുറഹ്മാന്‍ സാഹിബ് മുസ്‌ലിം ലീഗിനന്ന് കാഫിറായിരുന്നു.
കൂട്ടത്തില്‍ പറയട്ടെ, വാഗണ്‍ ട്രാജഡിയുടെ ചിത്രം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ ലീഗ് നേതാക്കള്‍ക്കാര്‍ക്കും എന്തെങ്കിലും പ്രശ്‌നം തോന്നിയതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കമ്യൂണിസ്റ്റുകാരനായ പിണറായി വിജയനല്ലാതെ. ഇത് കേവല യാദൃശ്ചികമല്ല. 1921 കലാപത്തെക്കുറിച്ച് കേട്ടറിഞ്ഞ് ലെനിന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് അബനീ മുഖര്‍ജിക്ക് കലാപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അയച്ചു തരാന്‍ കത്തെഴുതിയില്ലായിരുന്നെങ്കില്‍, അബനീ മുഖര്‍ജി എഴുതിയ ലഘുലേഖ മോസ്‌കോയില്‍ നിന്ന് റഷ്യനിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കില്‍, കുട്ടോവസ്‌കിയെന്ന റഷ്യക്കാരന്‍ മലബാര്‍ തീരത്തെ കര്‍ഷക കലാപത്തെക്കുറിച്ച് ഡോക്ടറല്‍ തീസിസ് പ്രസിദ്ധീകരിച്ചില്ലായിരുന്നുവെങ്കില്‍, കലാപത്തെക്കുറിച്ച് കോണ്‍റാഡ് വുഡ്‌സ് എന്ന ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് സുദീര്‍ഘമായ ഒരു പ്ലീനമെഴുതിയിരുന്നില്ലെങ്കില്‍, സര്‍വ്വോപരി ഇന്ന് കണ്ണിന് നേരെ കണ്ടൂടാത്ത ഇ.എം.എസ് എന്ന നമ്പൂരിച്ചന്‍ ആഹ്വാനവും താക്കീതുമെന്ന ലഘുലേഖ എഴുതിയിരുന്നില്ലെങ്കില്‍, ഇവയെല്ലാം ചേര്‍ത്ത് കെ.എന്‍.പണിക്കരെന്ന മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഗ്രാംഷിയന്‍ പരിപ്രേക്ഷ്യത്തില്‍ Againist Lord and state എന്ന് സ്ഥാപിച്ചിരുന്നില്ലെങ്കില്‍ എന്തോന്നെടുത്ത് തൊട്ടു നക്കുമായിരുന്നു.
നോര്‍ത്ത് ഇന്ത്യയില്‍ ഇന്ന് സംഭവിച്ചു തുടങ്ങിയ മുസ്‌ലിം അനിഹിലേഷന്‍ അധികം വൈകാതെ കേരളത്തില്‍ പ്രാവര്‍ത്തികമായി തുടങ്ങുമ്പോള്‍ നിങ്ങളുടെ ഡംഭും കുലമഹിമയും പുളക്കുന്ന പണവും കൊണ്ട് അതിനെ നേരിടാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ. സ്വന്തം ചരിത്രം, ആ ചരിത്രത്തിന്റെ ആര്‍ക്കൈവ്, സമൂഹ രൂപീകരണത്തിലെ ഒട്ടും കുറവല്ലാത്ത സ്ഥാനം തെളിയിച്ചെടുക്കാനുള്ള ബൗദ്ധികത എന്നിവയാണ് പ്രതിരോധായുധം. കോണിക്ക് വോട്ട് ചെയ്താല്‍ സ്വര്‍ഗത്തില്‍ കേറാമെന്ന ചപ്പടാച്ചികളല്ല.
സമ്പന്നര്‍മാര്‍ക്ക് മാത്രം വോട്ടവകാശമുള്ള ആ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ തീ കൊണ്ടുള്ള കളി വിജയിച്ചു. അബ്ദുറഹ്മാന്‍ സാഹിബ് 323 വോട്ടിന് പരാജയപ്പെട്ടു. കേരളീയ മുസ്‌ലീങ്ങള്‍ ഒരു സമുദായമെന്ന നിലയിലും അന്ന് പരാജയപ്പെട്ടു. മമ്പുറം തങ്ങന്മാരും അവരുയര്‍ത്തിയ സാമ്രാജ്യത്വ വിരുദ്ധതയും പിന്നീടൊരിക്കലുമുയര്‍ന്നില്ല. ജാതി ജന്മി നാടുവാഴിത്തത്തിനെതിരായ മലബാര്‍ കലാപത്തിന്റെ ആന്തരിക രാഷ്ട്രീയം അവിടുന്ന് പിന്‍മടങ്ങിത്തുടങ്ങി. മേല്‍ക്കിടമാപ്പിളമാരുടെ താത്പര്യ സംരക്ഷണത്തിനിടെ മലബാര്‍ മാപ്പിളമാരുടെ നിര്‍മ്മാണ ഘടകങ്ങളില്‍ സുപ്രധാനമായ ബ്രാഹ്മണിക വിരുദ്ധതയ്ക്ക് ലീഗിന്റെ മുന്‍കൈയാല്‍ അന്ത്യം കുറിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബ്രാഹ്മണിസത്തിന്റെ ആചാര സംരക്ഷണത്തിനായി ലീഗ് നേരിട്ടു തന്നെ കച്ച മുറുക്കി.
“ബ്രാഹ്മണരുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുതെന്ന് ” ഫത്‌വയിറക്കി ” ബലം പ്രയോഗിച്ച് കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്ന് ” പ്രസ്താവിച്ച് ജന്മിത്വത്തിനെതിരെ സന്ധിയില്ലാത്ത കലാപം നടത്തിയ, അന്ന് മുപ്പത് വയസ് തികയാത്ത സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ നിര്‍മ്മിച്ച മുസ്‌ലിം എന്ന ബ്രാഹ്മണിക് വിരുദ്ധ സ്വത്വബോധത്തെ തലവാചകമായി ചാര്‍ത്തിയാണ് ബ്രാഹ്മണരുടെ ആചാരം സംരക്ഷിക്കണമെന്ന് ഉളുപ്പില്ലാതെ പ്രസ്താവിക്കാന്‍ ലീഗിനാവുന്നത്. ചരിത്രത്തിന്റെ പ്രഹസനമായ ആവര്‍ത്തനം.
പറഞ്ഞു കാടു കയറി, 1934 ല്‍ തോറ്റ സാഹിബ് 1937 ല്‍ മദ്രാസ് സംസ്ഥാന അസംബ്ലിയിലേക്ക് മലപ്പുറം ദ്വയാംഗ നിയോജക മണ്ഡലത്തില്‍ നിന്ന് ഒരിക്കല്‍ കൂടി മത്സരിച്ചു. എല്ലാവര്‍ക്കും വോട്ടവകാശമുള്ള ആ തിരഞ്ഞെടുപ്പില്‍ പതിനേഴായിരം വോട്ടിന് സാഹിബ് ജയിച്ചു. തന്റെ അധികാരമുപയോഗിച്ച് 1854 ലെ മാപ്പിള ഔട്ട് റേജസ് ആക്ട് എന്ന കരിനിയമം രാജാജി മന്ത്രി സഭയെക്കൊണ്ട് സാഹിബ് റദ്ദു ചെയ്യിപ്പിച്ചു.
അതായത്, 1934 ല്‍ കാഫിറെന്ന് സമ്പന്ന മുസ്‌ലീങ്ങളെക്കൊണ്ട് വിളിപ്പിച്ച്, അബ്ദുറഹ്മാന്‍ സാഹിബ് കേന്ദ്ര നിയമസഭയില്‍ എത്തുന്നത് തടഞ്ഞതിലൂടെ മലബാറിലെ സാമാന്യ മുസ്‌ലീങ്ങളുടെ ദുസ്ഥിതിയ്ക്കും മാപ്പിള കലാപ നിയമങ്ങള്‍ക്കും മൂന്ന് വര്‍ഷം കൂടി സാധുത നീട്ടിക്കൊടുക്കുകയായിരുന്നു മുസ്‌ലീം ലീഗ്. അതിനായി തുടങ്ങിയ രാഷ്ട്രീയ തന്ത്രമായിരുന്നു കാഫിറാണ്, അവിശ്വാസിയാണ്, സിറാത്തുല്‍ മുസ്തഖീന്‍ എന്ന പാലമുണ്ട് തുടങ്ങിയ പ്രചരണങ്ങള്‍. അതിന്റെ ഇങ്ങേയറ്റത്താണ് കെ.എം.ഷാജിക്കായി ഇറക്കപ്പെട്ട ലഘുലേഖ.
ആരുടെ വിശ്വാസം ഏത് താത്പര്യ സംരക്ഷണമെന്നതിന് ചരിത്രമാണ് തെളിവ്.
വാല്‍ക്കഷ്ണം: 1.1948 ഓടോ ലീഗ് പുതിയ ലീഗായെന്നാണ് ഔദ്യോഗിക ഭാഷ്യം. അത് പക്ഷേ കടലാസിലല്ല കാര്യപരിപാടിയിലാണ് കണ്ടു കിട്ടേണ്ടത്.
2. എനിക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനൊടോ മമ്പുറം തങ്ങന്മാരോടോ പ്രത്യേകിച്ച് വിധേയത്വമൊന്നുമില്ല. ഇവര്‍ ചെയ്ത എല്ലാ പ്രവൃത്തിയും ശരിയാണെന്ന അഭിപ്രായവുമില്ല. ചരിത്രത്തോടല്ലാതെ ഉത്തരവാദിത്തവുമില്ല.