| Wednesday, 10th April 2019, 10:07 pm

റഫാലിലെ കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത്; പുതിയ തെളിവുകള്‍ പരിഗണിക്കരുതെന്ന ആവശ്യം കേന്ദ്രത്തിന്‍റെ ഏകാധിപത്യ മനോഭാവം: പ്രമോദ് പുഴങ്കര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കേസില്‍ ദ ഹിന്ദു പുറത്തു വിട്ടതടക്കമുള്ള രേഖകള്‍ പുന:പരിശോധനാ ഹര്‍ജിക്കൊപ്പം തെളിവായി പരിഗണിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര. റഫാല്‍ രേഖകള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്നും, പ്രസ്തുത രേഖകള്‍ പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും, ഹര്‍ജിക്കാര്‍ക്കുമെതിരെ നടപടി എടുക്കണമെന്നുമുള്ള കേന്ദ്രത്തിന്റെ വാദത്തെ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ നിലപാടിന്റെ പ്രസക്തി റഫാല്‍ വിഷയത്തിനും അപ്പുറമാണെന്ന് പ്രമോദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ദ ഹിന്ദു പുറത്തു വിട്ട റഫാല്‍ രേഖകള്‍ പുന:പരിശോധന ഹര്‍ജിക്കൊപ്പം തെളിവായി സ്വീകരിക്കരുതെന്ന് കേന്ദ്രത്തിന്റെ വാദം വിചിത്രമായിരുന്നെന്നും, രേഖകളുടെ തെളിവു ഗുണങ്ങള്‍ നോക്കിയാണ് കോടതി തെളിവുകള്‍ പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണോ അല്ലയോ എന്നത് മറ്റൊരു വിഷയമാണെന്നും പ്രമോദ് അഭിപ്രായപ്പെട്ടു.

റഫാലിന്റെ ആദ്യ വിധി കേന്ദ്ര സര്‍ക്കാറിന് അനുകൂലമായിരുന്നു. എന്നാല്‍ പിന്നീട് പുറത്തു വന്ന രേഖകള്‍ കണക്കിലെടുക്കാതെ തന്നെ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അടക്കം നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. റഫാലിലെ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ഹാജരാക്കാതെ അത് ഹാജരാക്കി എന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാകരണ പിശകാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. കോടതിയെ കബളിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായി പല വാദങ്ങളും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. റഫാലിന്‍റെ സി.എ.ജി റിപ്പോര്‍ട്ടിലും  പല കുഴപ്പങ്ങളും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പുറത്തു വന്ന രേഖകള്‍ കൂടെ പുന:പരിശോധന ഹര്‍ജിയോടൊപ്പം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ‘പിന്നീട് ദ ഹിന്ദു പുറത്തു വിട്ട രേഖകള്‍ ഗൗരവമേറിയതായിരുന്നു. റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധമന്ത്രാലയത്തിനെ മറികടന്നു കൊണ്ട് സ്ഥാപിത താല്‍പര്യത്തിന് വേണ്ടി ഇടപെട്ടു എന്നതും, റഫാല്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച രേഖകളെ ആധാരമാക്കി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതും പബ്ലിക് ഡൊമൈനില്‍ വന്ന മറ്റ് രേഖകളും റിവ്യു പെറ്റീഷന്റെ കൂടെ പരിശോധിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം’- പ്രമോദ് പറഞ്ഞു.

‘പുതിയ രേഖകള്‍ ആണെങ്കില്‍ ഇത് എടുക്കാന്‍ പാടില്ലെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. റഫാല്‍ വിഷയത്തിലെ ആദ്യ വിധി കേന്ദ്രത്തിന് അനുകൂലമായ സാഹചര്യത്തില്‍, ആദ്യത്തെ വാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കേസിനെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ ദ ഹിന്ദു പുറത്തു വിട്ടതടക്കമുള്ള പുതിയ രേഖകള്‍ കേസിനെ അനുകൂലമായി സ്വാധീനിക്കും എന്നതിനാലാണ് സര്‍ക്കാര്‍ ഇതിന് നിശിതമായി എതിര്‍ത്തതും, പ്രസ്തുത രേഖകള്‍ പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ടതും’- പ്രമോദ് പറയുന്നു.

എന്നാല്‍ ഹര്‍ജിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം ഏകാധിപത്യ മനോഭാവത്തോടെ ആയിരുന്നെന്നും, ഇതിനെ മറികടന്നു കൊണ്ടുള്ള സുപ്രീം കോടതി വിധി ന്യീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെ കാണിക്കുന്നതാണെന്നും പ്രമോദ് പറയുന്നു. പുതിയ രേഖകള്‍ പരിഗണിക്കാനേ പാടില്ല എന്നത് ഒരു ടോട്ടാലിറ്റേറിയന്‍ സ്റ്റേറ്റിന്റെ വാദമാണ്. തങ്ങള്‍ പറയുന്ന രേഖകള്‍ മാത്രമേ ഉപയോഗിക്കാവു എന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാറിന്റെ ഈ വാദം കോടതി അംഗീകരിക്കുകയാണെങ്കില്‍ നാളെ ഇത്തരത്തില്‍ ഒരു മോഷ്ടിക്കപ്പെട്ട രേഖ തെളിവായി വന്നാല്‍ കോടതി സ്വീകരിക്കില്ല. അന്തിമ വിധിയില്‍ റിവ്യൂ അംഗീകരിക്കുമോ ഇല്ലയോ എന്നതിനെക്കാള്‍ നീതിന്യായ വ്യവസ്ഥയിലെ സുതാര്യത കൂടിയാണ് ഈ വിധി കാണിക്കുന്നത്. പ്രമോദ് പറഞ്ഞു.

സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ, സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയില്‍ റഫാല്‍ വിഷയത്തില്‍ കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കിയിരിക്കുന്നത്.

Image Credits: REUTERS

We use cookies to give you the best possible experience. Learn more