| Thursday, 14th November 2019, 6:26 pm

'വിശദാംശം പരിശോധിക്കാതെയുള്ള ആഘോഷം ബി.ജെ.പിയുടെ ശീലമാണ്';റഫാല്‍ അഴിമതി ഇടപാടിലെ വിധി ക്രിമിനല്‍ അന്വേഷണത്തിന് വഴിതുറക്കുന്നതെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. റഫാല്‍ അഴിമതി ഇടപാടില്‍ ക്രിമിനല്‍ അന്വേഷണത്തിന് വഴിതുറക്കുന്നതാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റഫാല്‍ യുദ്ധ ഇടപാടില്‍ സുപ്രീംകോടതി വിധിയുടെ വിശദാംശം പരിശോധിക്കാതെയാണ് ബി.ജെ.പിയുടെ ആഘോഷമെന്നും ഇത് അവരുടെ ശീലമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദ്വീപ് സുര്‍ജേവാല പറഞ്ഞു. വിഷയത്തില്‍ ബി.ജെ.പി ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘വിധിയുടെ വിശദാംശം അറിയാതെ അത് ആഘോഷിക്കുന്ന ശീലമാണ് ബി.ജെ.പിയുടേത്. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ക്രിമിനല്‍ അന്വേഷണത്തിന് വഴിതുറക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി. വിഷയത്തില്‍ ഒരു വിശദമായ അന്വേഷണത്തിലേക്ക ഇത് നയിക്കും. 2018 ഡിസംബര്‍ നാലിലെയോ അല്ലെങ്കില്‍ ഇന്നത്തെയോ വിധി ഭാവിയില്‍ ഈ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തടസ്സമാവില്ല.’ രണ്‍ദ്വീപ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

വിധിയിലെ 73 ഉം 86 ഉം ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐക്കോ മറ്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കോ ഇതില്‍ അന്വേഷണം നടത്താമെന്നും സുര്‍ജേവാല പറഞ്ഞു.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഡിസംബര്‍ 14 ലെ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും കേസില്‍ വിശദമായ അന്വേഷണത്തിന് ആവശ്യമില്ലെന്നുമായിരുന്നു വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധന വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും, പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും വിധി പുനപരിശോധിക്കണെന്ന ആവശ്യമാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ചത്.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more