| Saturday, 22nd September 2018, 1:24 pm

റാഫേല്‍; മോദിക്കെതിരായ വെളിപ്പെടുത്തല്‍ വാര്‍ത്ത 'മുക്കി' റിപ്ലബ്ലിക് ടിവി; എങ്ങും തൊടാതെ ടൈംസ് നൗ: ദേശീയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഹോളണ്ടെയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത മുക്കി പ്രമുഖ ദേശീയ മാധ്യമങ്ങള്‍.

ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെതിരെ പ്രതിരോധമന്ത്രിയടക്കമുള്ളവര്‍ മൗനം തുടരുന്ന വേളയിലായിരുന്നു വെളിപ്പെടുത്തല്‍ വാര്‍ത്ത പോലും നല്‍കാന്‍ റിപ്പബ്ലിക് ടിവിയടക്കമുള്ള പല ദേശീയ മാധ്യമങ്ങളും തയ്യാറാകാതിരുന്നത്.

രാജ്യത്തെ സംബന്ധിക്കുന്ന എന്ത് ചെറിയ വിഷയം പോലും പ്രൈം ഡിബേറ്റില്‍ കൊണ്ടുവരുന്ന അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഇന്നലെ പ്രൈം ഡിബേറ്റില്‍ നിന്നും റാഫേല്‍ വിഷയമേ ഒഴിവാക്കി. പാക് വിദേശകാര്യമന്ത്രാലയവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറിയ വിഷയവും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രാഷ്ട്രീയവും കേരളത്തിലെ കന്യാസ്ത്രീ പീഡനത്തില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത സംഭവവുമായിരുന്നു റിപ്പബ്ലിക് ടിവി ഇന്നലെ ചര്‍ച്ചയാക്കിയത്.


ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എയുമായ മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന


രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ വന്നിട്ടും അത് വാര്‍ത്തപോലും ആക്കാതിരുന്ന റിപ്പബ്ലികിനെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എല്ലായ്‌പ്പോഴും വലിയ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ടൈംസ് നൗ ആകട്ടെ മോദിക്കെതിരെയുള്ള വെളിപ്പെടുത്തല്‍ വാര്‍ത്ത നല്‍കിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. അത്രത്തോളം സൂക്ഷ്മമായാണ് ടൈംസ് നൗ തലവന്‍ രാഹുല്‍ ശിവശങ്കര്‍ വാര്‍ത്തയെ സമീപിച്ചത്.

ബി.ജെ.പിക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍പോലെയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും അദ്ദേഹം വാര്‍ത്തയില്‍ പറഞ്ഞത്. “”ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍കോയ്‌സ് ഹോളണ്ടെയുമായി നടത്തിയെന്ന് പറയപ്പെടുന്ന അഭിമുഖത്തില്‍””, “” അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നു”” “”ഫ്രാന്‍കോയിന്റെ ആരോപണം “” എന്നിങ്ങനെ വാര്‍ത്തയിലുടനീളം സ്വീകരിച്ച സമീപനം ഇതായിരുന്നു.

ഫ്രാന്‍കോയിസിന്റെ ഈ വെളിപ്പെടുത്തല്‍ വന്ന സമയം കൂടി ശ്രദ്ധിക്കണം എന്ന് പോലും അദ്ദേഹം വാര്‍ത്തയില്‍ പറഞ്ഞുവെച്ചിരുന്നു. സര്‍ക്കാരിന്റെ മറുപടിക്കായി തങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് പോലും അവര്‍ വാര്‍ത്തയില്‍ പറയുന്നു.

അഭിമുഖത്തില്‍ എന്താണ് പറഞ്ഞതെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ് പ്രതിരോധമന്ത്രാലയം
പോലും വാര്‍ത്താക്കുറിപ്പ് ഇറക്കിയ സമയത്താണ് മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ്.

ബി.ജെ.പിക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഘോഷിക്കുന്ന വേളയില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹോളണ്ടേ “”ഇന്ത്യയ്‌ക്കെതിരെ നടത്തിയ റാഫേല്‍ സ്‌ട്രൈക്ക് “” എന്നായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചത്.

മോദി ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ അന്‍കുഷ്ഗന്‍ദ ട്വിറ്ററില്‍കുറിച്ചത്. ദേശീയ മാധ്യമമായ ജനത കാ റിപ്പോര്‍ട്ടറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന രവിനായരായിരുന്നു റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവരുന്നത്.

We use cookies to give you the best possible experience. Learn more