അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ റാഫേല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളി ആയി നോമിനേറ്റ് ചെയ്യാന്‍ ഇന്ത്യ ഗവണ്മെന്റ് ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വാ ഒളാന്ദ്. ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിനോട് ഒളാന്ദ് ഈ കാര്യം തുറന്ന് പറയുമ്പോള്‍ അഴിഞ്ഞു വീഴുന്നത് നാവെടുത്താല്‍ രാജ്യസ്‌നേഹം പറയുകയും തരം കിട്ടിയാല്‍ രാജ്യദ്രോഹം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി യുടെ കപട രാജ്യസ്‌നേഹത്തിന്റെ മുഖം മൂടിയാണ്.
കുംഭകോണങ്ങളുടെ കുംഭമേളയായിരുന്ന കോണ്‍ഗ്രസ് ഭരണം ഇന്ത്യയില്‍ അവസാനിക്കുന്നതിനു “അച്ഛാ ദിന്‍ ആയേഗാ ” എന്ന മുദ്രാവാക്യത്തോടൊപ്പം തന്നെ പ്രധാനമായിരുന്നു “അഴിമതിയോട് സന്ധിയില്ല”(zero tolerrance to correption) എന്ന പ്രഖ്യാപനവും. നവ ഉദാരവല്‍ക്കരണ നയങ്ങള്‍, അതിന്റെ പ്രയോക്താക്കളായ കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കാത്ത വേഗതയില്‍ നടപ്പിലാക്കുന്ന ബി.ജെ.പി അഴിമതി നടത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കുകയാണ്.
പ്രതിരോധ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത റിലയന്‍സിനെ കരാറില്‍ ഉള്‍പെടുത്തുമ്പോള്‍ അഴിമതി നടത്താന്‍ സൗകര്യപ്പെടുന്നതിനു ഒപ്പം രാജ്യസുരക്ഷ അപകടപ്പെടും വിധം കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് കീഴടങ്ങുക കൂടി ആണ്. മോദിയും ഒളാന്ദും റാഫേല്‍ ഇടപാടിന്റെ ധാരണ പത്രത്തില്‍ ഒപ്പ് വച്ചതിന്റെ അടുത്ത ദിവസം ഒളാന്ദിന്റെ പങ്കാളി ആയ നടി ജൂലിയ ഗിയറ്റിന്റെ സിനിമ നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ റിലൈന്‍സ് എന്റര്‍ടൈന്‍മെന്റ് കരാറില്‍ ഒപ്പിട്ടത് യാദൃശ്ചികമാവാന്‍ ഇടയില്ല.
ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന പ്രതിരോധമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല . ഫ്രഞ്ച് കമ്പനിയായ ദാസ്സുദ് ഏവിയേഷന്റേതാണ് റാഫേല്‍ വിമാനങ്ങള്‍. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും ശേഷിയുള്ളതാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍.
ഏതൊരു വ്യോമസേനയും കൊതിക്കുന്ന പോര്‍വിമാനം. വിവിധതരം ജോലികള്‍ ഒരേസമയം ചെയ്യുന്ന “ഓമനിറോള്‍” ശേഷിയുള്ള വിമാനം. ലാന്‍ഡ് ബേസുകളില്‍ നിന്നും കപ്പല്‍ ബേസുകളില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ മിടുക്കുണ്ട് ഈ പോര്‍വിമാനത്തിന്. ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുള്ള പോര്‍വിമാനം. റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് യു.പി.എ സര്‍ക്കാരാണ്.
എ.കെ ആന്റണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007 ല്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 31 സ്‌ക്വാഡ്രണ്‍(ഒരു സ്‌ക്വാഡ്രണ്‍ 18 വിമാനങ്ങളാണ്)വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിനുള്ളത്. ഇത് 45 എങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് എയര്‍ഫോഴ്സിന്റെ ആവശ്യം. ഇതിന്റെ ഭാഗമായാണ് ഏഴ് സ്‌ക്വാഡ്രണ്‍ അഥവാ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതും.
അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ടിന്‍, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെന്‍, യുറോഫൈറ്റര്‍ ടൈഫൂണ്‍, ഫ്രാന്‍സിലെ ദാസ്സൂദ് റാഫേല്‍ തുടങ്ങിയ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കുകയും ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു ഫ്രഞ്ച് റാഫേല്‍ വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ടുമായി വില നിര്‍ണയ ചര്‍ച്ചകള്‍ നടത്തുകയും അവസാനം ദാസ്സൂദ് റാഫേലിന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ച് നല്‍കും. ബാക്കി 108 വിമാനങ്ങള്‍ ബംഗ്ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്സ് ലിമിറ്റഡുമായി(എച്ച്എഎല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചു നല്‍കും. വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. അന്ന് 1020 കോടി ഡോളാറിന്റേതാണ് കരാര്‍. ഏകദേശം 54000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാര്‍ച്ചില്‍ ദാസ്സൂദും എച്ച് എ എല്ലും വര്‍ക്ക് ഷെയര്‍ കരാറും ഒപ്പിട്ടു.
പിന്നീട് മോഡി സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ കരാര്‍ തകിടം മറിക്കപ്പെട്ടത്. ആദ്യ ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ). മോഡിസര്‍ക്കാര്‍ ഒരു വിമാനത്തിന് നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോഡി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാര്‍പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക.ഇക്കാര്യത്തിലും സര്‍ക്കാര്‍നിലപാട് ദുരൂഹമാണ്. 126
വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് നല്‍കുന്നത് എന്നതാണ് വിചിത്രം. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്.ഈ കരാര്‍ പ്രകാരം 28 സിംഗിള്‍ സീറ്റ് വിമാനങ്ങളും എട്ട് ഇരട്ട സീറ്റ് വിമാനങ്ങളുമാണ് ദാസ്സൂദ് പൂര്‍ണമായും നിര്‍മിച്ചു നല്‍കേണ്ടിയിരുന്നത്.
2016 സെപ്തംബര്‍ 23 ന് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പുവെച്ചു. കൃത്യം പത്ത് ദിവസത്തിന് ശേഷം ദാസ്സുദ് ഏവിയേഷന്‍സും റിലയന്‍സ് ഏയ്റോസ്പേസും ചേര്‍ന്ന് സംയുക്ത സംരഭത്തിനും തുടക്കമിട്ടു. കരാറനുസരിച്ച് കരാര്‍ തുകയുടെ പകുതിയോളം വരുന്ന നിര്‍മാണ പ്രവൃത്തികള്‍(30000 കോടി രൂപയോളം വരുന്ന തുകയുടെ) ഈ സംയുക്ത സംരംഭമാണ് ഏറ്റെടുത്തുനടത്തുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക്ക് സംവിധാനം, എന്‍ജിന്‍ തുടങ്ങിയവയായിരിക്കും നിര്‍മിക്കുക. അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ പോലും ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു പുതിയ കരാര്‍.
പ്രശസ്ത പ്രതിരോധ ലേഖകന്‍ അജയ് ശുക്ലയുടെ റിപ്പോര്‍ട്(ദി വയര്‍ പ്രസിദ്ധീകരിച്ചത്) വിശ്വസിക്കാമെങ്കില്‍ ഫ്രഞ്ച് സന്ദര്‍ശനത്തിന് ഏതാനും ദിവസം മുമ്പാണ് മോഡി പരീക്കറോട് പുതിയ കരാറിനെക്കുറിച്ച് വിശദീകരിച്ചത്. അന്ന് കരാറിനെ ന്യായീകരിച്ച പരീക്കര്‍ ഒരു വിമാനം 715 കോടി രൂപയ്ക്കാണ് വാങ്ങുന്നതെന്നാണ് ദൂരദര്‍ശനുമായുള്ള അഭിമുഖത്തില്‍ അറിയിച്ചത്. പൊതുമേഖലാ സ്ഥാനപത്തിനു പകരം റിലയന്‍സിന്റെ ആയുധനിര്‍മാണക്കമ്പനിക്ക് ഇടനിലനില്‍ക്കാന്‍ അവസരം നല്‍കിയത് എന്തിന് എന്ന ചോദ്യത്തിന് മുന്നില്‍ മോഡി സര്‍ക്കാര്‍ വിയര്‍ക്കുകയാണ്. കരാര്‍ വഴി സര്‍ക്കാരിനും റിലയന്‍സിനും ഉണ്ടായ ലാഭനഷ്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും വിശദീകരിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. കരാര്‍ വീണ്ടും ജീവന്‍ വെച്ച 2015ല്‍ മോഡിക്കൊപ്പം അനില്‍ അംബാനിയും ഫ്രാന്‍സില്‍ ഉണ്ടായിരുന്നു എന്നത് അവിഹിത ഇടപാടുകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ആവുന്നതല്ല. രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാണിച്ച് 2008 ല്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാര്‍ റാഫേല്‍ ഇടപാടിന് ബാധകമല്ല. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങിക്കാന്‍ തീരുമാനിച്ചത് 2012ലാണ്.ഇപ്പോള്‍ മൂന്നിരിട്ടി വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയത്. 526 കോടിയില്‍ നിന്ന് 1,690 കോടി രൂപയായി ഇത് ഉയര്‍ന്നു. അതുകൊണ്ടാണ് വിവരങ്ങള്‍ പുറത്തു വിടാത്തത്. എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും ചില ചോദ്യങ്ങള്‍ക്ക് മോഡി മറുപടി പറഞ്ഞെ തീരു.
ഒന്നാമതായി വ്യോമസേനയുടെ അത്യാവശ്യം പരിഗണിച്ചാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് 36 ആയി പെട്ടെന്ന് ചുരുക്കുന്നത് വ്യോമസേനയെ ദുര്‍ബലമാക്കുകയല്ലേ ചെയ്യുക? പുതിയ കരാറിനുശേഷവും വ്യോമസേന ആവര്‍ത്തിക്കുന്നത് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നു തന്നെയാണ്. ഇവരുടെ ആവശ്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ 126 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഉറച്ചുനില്‍ക്കുകയായിരുന്നില്ലേ വേണ്ടത്? വ്യോമസേനയെ ദുര്‍ബലമാക്കുന്ന തീരുമാനത്തെ എങ്ങിനെയാണ് ഉറച്ച തീരുമാനമെന്ന് വിശേഷിപ്പിക്കുക?
രണ്ടാമതായി വിമാനത്തിന്റെ വിലയെന്താണെന്ന വിഷയമാണ്. യുപിഎയുടെ കാലത്ത് ഒപ്പിട്ട കരാറിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് വ്യോമസേനാ മേധാവി അടുത്തയിടെ അറിയിച്ചത്. നിര്‍മല സീതാരാമനും ഇതാവര്‍ത്തിച്ചു. ആദ്യം 29000 കോടിക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നത്. .എന്നാല്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്സ് ലെ ബ്രെയാന്‍ ഇന്ത്യയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി കരാര്‍ തുക 59000 കോടി രൂപയാക്കി. ഇതോടെയാണ് കരാര്‍ തുക യുപിഎ കാലത്തേക്കാളും 30,000 കോടിരൂപ അധികമാണ് 36 വിമാനത്തിന് നല്‍കുന്നതെന്ന് പുറം ലോകം അറിഞ്ഞത്.
അതായത് യുപിഎ കാലത്തെ കരാര്‍ അനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ പുതിയ കരാര്‍ അനുസരിച്ച് ഒരു വിമാനത്തിന് 1600 കോടി മുതല്‍ 1700 കോടി രൂപവരെയാണ് വില. ഏകദേശം മൂന്നിരട്ടി വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. പരീക്കര്‍ പറഞ്ഞതിനേക്കാളും ഇരട്ടി വിലയ്ക്ക്.ഇത്രയും വലിയ വില നല്‍കുമ്പോഴും വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന വസ്തുതയും കണക്കിലെടുത്താല്‍ നഷ്ടം ഭീമമാണെന്നര്‍ഥം. സര്‍ക്കാര്‍ ഖജനാവിന് ഇത്രയും വലിയ നഷ്ടം ഉണ്ടാക്കുന്ന കരാറില്‍ഒപ്പിടാന്‍ മോഡി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?
രാജ്യസ്നേഹമോ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കലോ അല്ല ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍ എന്നു മുന്‍ പറഞ്ഞ വസ്തുതകളില്‍ നിന്നു തന്നെ വ്യക്തമാണ്. അപ്പോള്‍ എന്താണ് ഈ കരാറിലെത്താന്‍ മോഡിക്ക് പ്രചോദനമായത്? അത് മനസ്സിലാക്കണമെങ്കില്‍ മോഡിയുടെ ഫ്രഞ്ച് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ അനുഗമിച്ചവരുടെ പട്ടിക കൂടി പരിശോധിക്കണം. അതില്‍ ഒന്നാമത് അനില്‍ അംബാനിയാണ്. റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന്റെ ഉടമ. പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം തുടങ്ങിയ വേളയില്‍ വന്‍ കരാറുകള്‍ ലക്ഷ്യമാക്കി രൂപീകരിച്ച കമ്പനിയാണിത്.
ദാസ്സൂദിന്റെ എച്ച്എഎല്ലുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച് തന്റെ കമ്പനിയുമായി ഇടപാടുണ്ടാക്കുന്നതിന് ചരടുവലിക്കുന്നതിനാണ് അനില്‍ അംബാനി മോഡിയുമൊത്ത് പാരീസിലെത്തിയത്. ദാസ്സൂദുമായും ഈ ഘട്ടത്തില്‍ അനില്‍ അംബാനി ചര്‍ച്ച നടത്തിയിരുന്നു. മോഡി വിദേശയാത്ര പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോകാത്തതിന്റെ രഹസ്യവും ഇതോടെ വ്യക്തമായി. അതായത് അനില്‍ അംബാനിക്കു വേണ്ടിയാണ്, അയാളുടെ കമ്പനിക്ക് കൊള്ളലാഭം നേടിക്കൊടുക്കാന്‍ വേണ്ടിയാണ്, മോഡി മുന്‍ കരാര്‍ ഉപേക്ഷിച്ച് പുതിയ കരാറില്‍ ഒപ്പുവെച്ചത് എന്ന് സാരം. അനില്‍ അംബാനിയെ ഉയര്‍ത്തിക്കെട്ടാന്‍ വേണ്ടിയാണ് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ താഴ്ത്തിക്കെട്ടാനും മോഡി തയ്യാറായത്.
പൊതുമേഖലയെ ഇകഴ്ത്തി സ്വകാര്യ മേഖലയെ വാഴ്ത്തുക എന്നതാണ് മോഡിയുടെ രാഷ്ട്രീയമെന്നര്‍ഥം. എച്ച്എഎല്ലിനെ താഴ്ത്തിക്കെട്ടുന്ന പ്രചാരണം ആദ്യം ആരംഭിച്ചത് വ്യോമസേനയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. ദാസ്സൂദ് സാങ്കേതിക വിദ്യ കൈമാറിയാലും അത് സ്വീകരിക്കാനും അതനുസരിച്ച് നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെടാനും എച്ച്എഎല്ലിന് കഴിയില്ലെന്നായിരുന്നു ഒരു വാദം. പൊതുമേഖലയ്ക്ക് കഴിവില്ലാത്തതുകൊണ്ട് സ്വകാര്യ മേഖലയെ എല്‍പ്പിക്കുന്നുവെന്ന് ന്യായീകരണം. വിമാന നിര്‍മാണ മേഖലയില്‍ എഴുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എഎല്‍.
തേജസ് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് തന്നെ എച്ച്എഎല്ലിന്റെ കഴിവിനുള്ള തെളിവാണ്. ഇതെല്ലാം മോഡി ബോധപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു.ഇതു മാത്രമല്ല റഷ്യന്‍ സുഖോയ് കമ്പനിയുമായി ചേര്‍ന്ന് എച്ച്എഎല്‍ എസ്യു 30 എംകെഐ വിമാനം നിര്‍മിക്കുന്ന നാസിക്കിലെ യൂണിറ്റ് സന്ദര്‍ശിക്കാന്‍ ദാസ്സൂദിനെ അനുവദിക്കുകയും അവര്‍ അവിടുത്തെ സ്ഥിതി ശോചനീയമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. എച്ച്എഎല്ലുമായി സഹകരിക്കാതിരിക്കാന്‍ ദാസ്സൂദ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കാരണം ഇതാണ്.എച്ച്എഎല്ലിനെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെയാണ് മറ്റൊരു വിദേശരാജ്യവുമായുള്ള സംയുക്ത സംരംഭം സന്ദര്‍ശിക്കാന്‍ വേറൊരു വിദേശകമ്പനിക്ക് അവസരം നല്‍കിയത്. തീര്‍ത്തും അസാധാരണമായ നടപടിയായിരുന്നു ഇത്.
അടുത്തയിടെമാത്രം പൊട്ടിമുളച്ച, ഏവിയേഷന്‍ രംഗത്ത് ഒരു മുന്‍ പരിചയവുമില്ലാത്ത അംബാനിയുടെ കമ്പനിയെക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയും മുന്‍പരിചയവുമുള്ള കമ്പനിയാണ് എച്ച്എഎല്‍. നേരത്തേ അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ടിനും എഫ്-16 വിമാനത്തിന്റെ സാങ്കേതിക വിദ്യ കൈമാറിയാല്‍ അതനുസരിച്ചുള്ള ഫലം നല്‍കാന്‍ എച്ച്എഎല്ലിന് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ട് അവര്‍ സംയുക്ത സംരംഭകരായി തെരഞ്ഞെടുത്തത് വിമാന നിര്‍മാണ മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത ടാറ്റയെയായിരുന്നു.ഇത് തെളിയിക്കുന്നത് പാശ്ചാത്യ കമ്പനികള്‍ ഇന്ത്യയെ ഇപ്പോഴും കൊളോണിയല്‍ കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്നാണ്. മുന്‍പരിചയമില്ലാത്ത സ്വകാര്യ കമ്പനികളുമായുള്ള കൂട്ടുസംരംഭകത്വത്തിന് ദാസ്സൂദും ലോക്ക്ഹീഡ് മാര്‍ടിനും തയ്യാറാകുന്നത് ഈ കമ്പനികള്‍ ഒരിക്കലും അവര്‍ക്ക് ഭീഷണിയായി വളരില്ലെന്ന് മനസ്സിലാക്കിയാണ്. എച്ച്എഎല്‍ അങ്ങിനെയല്ല. സാങ്കേതിക വിദ്യാ കൈമാറ്റം സാധ്യമായാല്‍ അവര്‍ ഈ മേഖലയിലെ വന്‍ കമ്പനിയായി മാറും. അത് ഭാവിയില്‍ പാശ്ചാത്യ കമ്പനികള്‍ക്ക് ഭീഷണിയാവുകയും ചെയ്യും.
അതുകൊണ്ട് തന്നെ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന പ്രതിരോധമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. എന്നാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറായതിനാല്‍ വിശദാംശം രഹസ്യമാണെന്ന് പ്രതിരോധമന്ത്രി പറയുന്നു. രാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമെന്റില്‍നിന്നും കരാറിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നത് എന്തിനാണ്?
നീതീകരിക്കാന്‍ കഴിയാത്ത വിധം ഭീമമായ ഭാരം ഖജനാവിനു വരുത്തുന്നുവെന്നതു മാത്രമല്ല കരാറിനെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. പ്രതിരോധ നിര്‍മാണമേഖലയിലെ പ്രതിരോധപൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കിയതും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാന്‍ കരാറിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നില്‍ വെളിപ്പെടുത്തുക തന്നെ വേണം.
ഉദാരവല്‍ക്കരണ കാലത്തെ മുതലാളിത്തം അഴിമതിയെ ഉത്സവമാക്കുകയാണ്. അഴിമതിയുടെ ഭാരം മുഴുവന്‍ താങ്ങുന്നതാരാണ് ?. അഴിമതി ഒന്നും കാണിക്കാന്‍ അവസരം ഇല്ലാത്തവരും ദരിദ്രരും താഴ്ന്ന വരുമാനക്കാരും ആയ ഒരു ജനതയുടെ ചുമലിലാണ് എല്ലാ കുംഭകോണങ്ങളുടെയും ആത്യന്തിക ഭാരം വന്നു വീഴുന്നത്. അധികാരികള്‍ നിശ്ചയിക്കുന്ന നികുതികളിലൂടെ കട്ടെടുത്ത പൊതുമുതലും കുത്തകകള്‍ കുത്തി ചോര്‍ത്തി കാലിയാക്കിയ ഖജനാവും വീണ്ടും നിറയ്ക്കുന്നത് സാധാരണ ജനങ്ങളുടെ നികുതി പണം കൊണ്ടാണ്.
ഉദാരവല്‍ക്കരണം സമ്പദ്വ്യവസ്ഥയുടെ സകല ജാലകങ്ങളും മലര്‍ക്കെ തുറന്നിടുമ്പോള്‍ അകത്തേക്കിരച്ചു കയറിയ മൂലധനപ്രളയത്തോടൊപ്പം തന്നെ ആണ് അഴിമതിയുടെ അഭൂതപൂര്‍വമായ കുത്തൊഴുക്കും ഉണ്ടായത്. ഇതിന് വില നല്‍കേണ്ടവര്‍ സാധാരണക്കാരായ ജനങ്ങള്‍ ആയതു കൊണ്ട് തന്നെ ജനകീയ ചെറുത്തുനില്‍പ്പുകളുടെ അനിവാര്യത കൂടിയാണ് മറ്റേതൊരു അഴിമതിയെയും പോലെ റാഫേല്‍ ഇടപാടും നമ്മെ ഓര്‍മിപ്പിക്കുന്നത്. അതിര്‍ത്തികടന്നുവരുന്ന ഭീകരര്‍ക്കെതിരെയല്ല നരേന്ദ്രമോഡി സര്‍ജിക്കല്‍സ്‌ട്രൈക്ക് നടത്തുന്നത്. തങ്ങളുടെ സര്‍ക്കാരിനെ അധാകരമേല്‍പ്പിക്കാന്‍ വോട്ടുചെയ്തവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാരാജ്യത്തെ 130കോടി ജനങ്ങള്‍ക്കെതിരാണ്. ജനകീയ ചെറുത്തുനില്‍പ്പുകളെ അഴിമതിക്കെതിരായ മഹായുദ്ധങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തേണ്ട കാലത്താണ് നാം ജീവിക്കുന്നത്.