ന്യൂദല്‍ഹി: കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ രാജ്യതാത്പര്യത്തിന് എതിരായിരുന്നെന്നും അഴിമതിക്ക് കൂട്ടുനിന്ന നിര്‍മലാ സീതാരാമന്‍ രാജിവെക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
റാഫേല്‍ മിനിസ്റ്റര്‍ എന്നായിരുന്നു രാഹുല്‍ നിര്‍മലാ സീതാരാമനെ വിശേഷിപ്പിച്ചത്. രക്ഷാമന്ത്രി എന്നാണ് നിര്‍മലാ സീതാരാമനെ ബി.ജെ.പിക്കാര്‍ വിളിക്കുന്നത്. ആര്‍.എം എന്നാല്‍ റാഫേല്‍ മിനിസ്റ്റര്‍ അങ്ങനെയേ ഞാന്‍ വിളിക്കൂ.- രാഹുല്‍ പറഞ്ഞു.
റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്നതാണെന്നും ഹിന്ദുസ്ഥാന്‍ ഏറോണോട്ടിക്കള്‍ ലിമിറ്റഡ് അതിന് പ്രാപ്തരാണെന്നും എച്ച്.എ.എല്‍ അധ്യക്ഷന്‍ ടി.എസ് രാജുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ മറുപടി.
“”റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാവില്ലെന്ന നിര്‍മലാ സീതാരാമന്റെ വാദം കള്ളമാണെന്ന് എച്ച്.എ. എല്‍ തലവന്‍ ടി.എസ് രാജു തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.””- രാഹുല്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നെ റാഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണെന്നായിരുന്നു നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.
ദസൗള്‍ട്ട് ഏവിയേഷനുമായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്‍ നിര്‍മാണ വ്യവസ്ഥകള്‍ സംബന്ധിച്ച ധാരണയില്‍ എത്താതിരുന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു പ്രതിരോധനമന്ത്രിയുടെ പ്രസ്താവന.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് എച്ച്.എ.എല്ലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി നേരത്തെ ആരോപിച്ചിരുന്നു. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുടെ രാജ്യത്തെ ഏകസ്ഥാപനം എച്ച്.എ.എല്ലാണെന്ന് അവകാശപ്പെട്ട ആന്റണി സ്വന്തം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനത്തെ താഴ്ത്തിക്കെട്ടാന്‍ പ്രതിരോധമന്ത്രി ശ്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം റാഫേല്‍ കരാറില്‍ വന്‍ അഴിമതി നടന്നതായും ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. റാഫേല്‍ കരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി രംഗത്തെത്തിയിരുന്നു. കുറഞ്ഞ വിലയ്ക്കാണെങ്കില്‍ എന്തുകൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയില്ല എന്ന് ആന്റണി ചോദിച്ചിരുന്നു.